ആദ്യമായി ചാന്‍സ് ചോദിച്ചത് മുരളി ഗോപിയോടാണ്, മറുപടി ഇങ്ങനെയായിരുന്നു; ഹൃദയത്തിലെ ആന്റണി പറയുന്നു
Movie Day
ആദ്യമായി ചാന്‍സ് ചോദിച്ചത് മുരളി ഗോപിയോടാണ്, മറുപടി ഇങ്ങനെയായിരുന്നു; ഹൃദയത്തിലെ ആന്റണി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th January 2022, 12:13 pm

ഹൃദയത്തിനു മുമ്പ് മൂന്നു സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അശ്വത്ത് ലാല്‍ എന്ന നടനെ മലയാളികള്‍ തിരിച്ചറിഞ്ഞത് ഹൃദയത്തിലെ ആന്റണി താടിക്കാരനിലൂടെയാണ്. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്റെ ചങ്കായി കൂടെയുള്ള ആന്റണി ഹൃദയം കണ്ട ഏതൊരു പ്രേക്ഷകന്റെയും മനസില്‍ ഇടം നേടിയെടുത്തു.

വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ആന്റണി താടിക്കാരനെ മനോഹരമാക്കാന്‍ അശ്വത്തിനായി. ആന്റണിയുടെ നര്‍മവും നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ ഏറെ സന്തോഷത്തിലാണ് അശ്വത്ത്.

സിനിമ തന്നെയായിരുന്നു എക്കാലത്തേയും തന്റെ സ്വപ്‌നമെന്നും സിനിമയില്‍ എത്താനായി ആദ്യമായി ചാന്‍സ് ചോദിച്ചത് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയോട് ആയിരുന്നെന്നും അശ്വത്ത് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ ചാന്‍സ് ചോദിക്കലിന്റെ കഥ താരം പങ്കുവെച്ചത്.

ചെമ്പഴന്തി എസ്.എന്‍ കോളേജിലാണ് ഞാന്‍ പഠിച്ചത്. ഞങ്ങളുടെ എച്ച്.ഒ.ഡിയുടെ സുഹൃത്താണ് മുരളി ഗോപി. കോളേജില്‍ ഒരു മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനവുമായിബന്ധപ്പെട്ട് മുരളി ഗോപി കോളേജില്‍ വന്നിരുന്നു. ഞാന്‍ അന്ന് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയാണ്. അദ്ദേഹം ഉദ്ഘാടനമൊക്കെ കഴിഞ്ഞ് തിരിച്ച് ഇറങ്ങിപ്പോകുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി.

സര്‍ എന്റെ പേര് അശ്വത്ത് എന്നാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. എനിക്ക് ഒരു ചാന്‍സ് തരാമോ എന്ന് ചോദിച്ചു. ‘ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നായി പുള്ളി, പഠിക്കുന്നു എന്ന് ഞാന്‍. ആ എന്നാല്‍ ആദ്യം പഠിക്ക് , പഠിച്ചൊക്കെ കഴിഞ്ഞിട്ട് നോക്കാം എന്ന് പറഞ്ഞു. ദേഷ്യത്തിലൊന്നുമല്ല പറഞ്ഞത്. അത് പറഞ്ഞ ശേഷം അദ്ദേഹം നടന്നുപോയി.

പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ എത്തുക എന്നത് തന്നെയായിരുന്നു എന്നും ആഗ്രഹം. സിനിമയെ കുറിച്ച് പറഞ്ഞുതരാനൊന്നും ആരും ഉണ്ടായിരുന്നില്ല. എങ്കിലും ഇവിടെ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയൊരു യാത്രയായിരുന്നു. അത് ഇവിടെ എത്തി.

ചെയ്യുന്ന ജോലിയില്‍ കമിറ്റ്‌മെന്റോടെ നില്‍ക്കുക, കുറച്ച് കാര്യങ്ങള്‍ പഠിക്കുക അതൊക്കെയാണ് ഇപ്പോള്‍ ആലോചന. ഈ ഫീല്‍ഡിലേക്ക് എത്തിപ്പെടണമെന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു പ്ലാനും മനസിലുണ്ടായിരുന്നില്ല. എന്തായാലും എത്തുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഉള്ള കുറേ സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നു. ഓഡീഷന് അയക്കാനും മറ്റും നിര്‍ബന്ധിക്കുന്നത് അവരായിരുന്നു. എന്നെ മനസിലാകുന്ന നല്ല ചില സുഹൃത്തുക്കള്‍ അന്നും ഇന്നും ഉണ്ട്.

പ്രണവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവമെല്ലാം വളരെ നല്ലതായിരുന്നെന്നും എന്‍ജോയ് ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും അശ്വത്ത് പറഞ്ഞു.

Content Highlight:  Hridayam movie fame Aswath About Murali Gopi