2022ല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കി ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹൃദയം. 2022 ജനുവരിയിലായിരുന്നു റിലീസ്.
ഹൃദയത്തിന്റെ നിര്‍മാതാക്കളായ മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതായ കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിരിക്കുന്നത്.
‘2022ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട മലയാളം സിനിമകളുടെ ഗൂഗിള്‍ ലിസ്റ്റില്‍ ഹൃദയം ഒന്നാം സ്ഥാനത്തെത്തിയതില്‍ ഒരുപാട് സന്തോഷം. എന്തൊരു ഐതിഹാസികമായ യാത്രയായിരുന്നു ഹൃദയത്തിന്റേത്,’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മെറിലാന്‍ഡ് കുറിച്ചു.
അരുണ്‍ നീലകണ്ഠന്‍ എന്ന പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം കമിങ് ഓഫ് ഏജ് ഡ്രാമയായിരുന്നു. 2016ലിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഹൃദയം.
ഹേഷാം അബ്ദുല്‍ വഹാബിന്റെ സംഗീതത്തില്‍ പതിനഞ്ച് പാട്ടുകളുമായെത്തിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ദര്‍ശനാ… എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയിലും തരംഗമായിരുന്നു. വിശ്വജിത്ത് ഒടുക്കത്തിലായിരുന്നു ക്യാമറ, രഞ്ജന്‍ അബ്രഹാമായിരുന്നു ഹൃദയത്തിന്റെ എഡിറ്റര്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിച്ച ചിത്രം തിയേറ്ററുകളിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനത്താണ് ഹൃദയം. 69 കോടിയാണ് സിനിമയുടെ ഗ്ലോബല്‍ കളക്ഷന്‍.
അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വവും ഖാലിദ് റഹ്മാന്‍-ടൊവിനോ തോമസ് ചിത്രം തല്ലുമാലയുമാണ് ഹൃദയത്തിന് മുന്നില്‍ കളക്ഷനില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഈ ചിത്രങ്ങളെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് ഹൃദയം സ്വന്തമാക്കിയിരിക്കുന്നത്.
Content Highlight: Hridayam becomes the most searched Malayalam movie in 2022