ന്യൂയോര്‍ക്ക്: ഇറാനില്‍ തടവിലാക്കപ്പെട്ട മൂന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്. നിലോഫര്‍ ഹമദി, ഇലാഹി മുഹമ്മദി, നര്‍ഗിസ് മുഹമ്മദി എന്നിവര്‍ക്കാണ് 2023ലെ യുനെസ്‌കോ/ഗില്ലെര്‍മോ കാനോ വേള്‍ഡ് പ്രസ് ഫ്രീഡം പ്രൈസ് പുരസ്‌കാരം ലഭിച്ചത്.
1986ല്‍ കൊല്ലപ്പെട്ട കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗില്ലര്‍മോ കാനോയുടെ സ്മരണാര്‍ഥമായി ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് മൂന്നിനാണ് യു.എന്‍ ഈ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് കാരണം ഈ മൂന്ന് പേരും നിലവില്‍ ഇറാന്‍ ഭരണകൂടത്തിന്റെ തടവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Three imprisoned women journalists from Iran have been awarded the 2023 @UNESCO / Guillermo Cano World #PressFreedom Prize for their commitment to truth and accountability.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച, മഹ്സ അമിനിയുടെ മരണ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് നിലോഫര്‍ ഹമദിയായിരുന്നു.
ജന്മനാട്ടില്‍ മഹ്സയുടെ സംസ്‌കാരത്തെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ഇലാഹി മുഹമ്മദി ആയിരുന്നു. ആക്ടിവിസ്റ്റ് കൂടിയായുള്ള നര്‍ഗീസിന് വര്‍ഷങ്ങളായുള്ള മാധ്യമ മേഖലയിലെ ഇടപെടല്‍ കണക്കിലെടുത്താണ് പുരസ്‌കാരം.
കുര്‍ദിഷ് യുവതി മഹ്സ അമിനിയുടെ മരണ വാര്‍ത്തക്ക് പിന്നാലെ 2022 സെപ്തംബറിലാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
ഈ പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് ഇറാന്‍ ഭരണകൂടത്തിനാല്‍ കൊല്ലപ്പെട്ടത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലരെ ഇറാന്‍ തൂക്കിലേറ്റുകയും ചെയ്തിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പ്രതിഷേധക്കാര്‍ ജയിലുകളില്‍ നേരിടേണ്ടി വരുന്നത്.