Kerala News
എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 11, 06:27 pm
Monday, 11th July 2022, 11:57 pm

പാലക്കാട്: സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള എച്ച്.ആര്‍.ഡി.എസിന്റെ സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഷോളയാര്‍ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവര്‍ഗ വിഭാഗത്തില്‍പ്പെട്ട രാമന്‍ എന്ന ആളുടെ ഭൂമി കയ്യെറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനുതീവെച്ചു അവരെ ഒഴിപ്പിച്ചുസ്ഥലം കയ്യറിയെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്. സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്.