|

തോറ്റത് ട്രംപ്, നാണംകെട്ടത് മോദി; ട്വിറ്ററില്‍ ട്രെന്റിംഗായി 'ഹൗഡി മോദി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിഹാസം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. മോദിയും ട്രംപുമുള്ള വീഡിയോ കുത്തിപ്പൊക്കിയും ട്രോളുകളുണ്ടാക്കിയും സോഷ്യല്‍ മീഡിയ വിഷയം എറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത് ‘ഹൗഡി മോദി’യാണ്.

നിരവധി പേരാണ് ഹൗഡി മോദി, നമസ്‌തേ ട്രംപ് എന്നീ ഹാഷ്ട്ടാഗ് ഉപയോഗിച്ച് ട്വീറ്റുകള്‍ ഇട്ടിരിക്കുന്നത്.

‘ ഗുഡ് ബൈ റൗഡി ട്രംപ്’ എന്നാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സുഹൃത്തുക്കളേ ഹൗഡി മോദിയെക്കുറിച്ച് ചോദിക്കാന്‍ പറ്റിയ സമയം ഇതാണെന്നാണ് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമമായ ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്.

നമസ്‌തേ ട്രംപിന് 100 കോടി ചെലവാക്കിയിട്ടും ട്രംപ് തോറ്റുപോയല്ലോ,
ട്രംപിന്റെ അടുത്ത സുഹൃത്തായ മോദി ഏറെ വൈകാതെ ട്രംപിന് കൂട്ടായെത്തും, അടുത്ത ഊഴം മോദിയുടേത്, മോദി സര്‍ക്കാരിന്റെ നയതന്ത്രപരമായ മണ്ടത്തരമാണ് ട്രംപിനെ പിന്തുണച്ചത്, എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് ഹൗഡി മോദി എന്ന ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും അഭിനന്ദിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

ബൈഡന്റെ അത്ഭുതകരമായ വിജയത്തില്‍ അഭിന്ദനങ്ങള്‍ എന്നാണ് മോദിയുടെ പ്രതികരണം. ഇന്ത്യയും -യു.എസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നെന്നുമാണ് മോദി പറഞ്ഞത്.

ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.

കമലാ ഹരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കും വളരെയധികം അഭിമാനം നല്‍കുന്നതാണെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തപ്പെടുത്താമെന്നും മോദി പറഞ്ഞു.

നേരത്തെ ട്രംപിനെ വീണ്ടും വിജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ട്രംപ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Howdy Modi , Trending on twitter, Social Media Mocks  Modi and Trump