| Wednesday, 25th August 2021, 4:22 pm

ആ തൊഴിലാളി സ്ത്രീകള്‍ എങ്ങിനെയിന്ന് ജീവിക്കുന്നു

ഷഫീഖ് താമരശ്ശേരി

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനിയായ തയ്യല്‍ ജോലിക്കാരി അംബികയുടെ കണ്ണിന് തിമിരം ബാധിക്കുന്നത്. അതോടെ മുന്‍കാലങ്ങളിലേത് പോലെ ജോലി ചെയ്യാന്‍ സാധിക്കാതായി. മുന്‍പ് ദിവസവും മൂന്നും നാലും വസ്ത്രങ്ങള്‍ തയ്ച്ചിരുന്നതിന് പകരം രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്താല്‍ ഒരു വസ്ത്രം മാത്രമേ തയ്ക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയിലായി. അതോടെ അംബികയുടെ പ്രതിദിന വരുമാനം വെറും നൂറ് രൂപ മാത്രമായി. അതില്‍ വണ്ടിക്കൂലിയും ചായയ്ക്കുള്ള പൈസയും കഴിഞ്ഞാല്‍ അറുപതോ എഴുപതോ രൂപ മാത്രം ബാക്കിയുണ്ടാകും. എങ്കിലും വാര്‍ധക്യത്തിന്റെ അവശതകളില്‍, ജീവിക്കാനായി അംബിക ജോലിയില്‍ തുടര്‍ന്നുകൊണ്ടിരുന്നു.

66 വയസ്സുള്ള അംബികയും 79 വയസ്സുള്ള സഹോദരി ഗിരിജയും വെസ്റ്റ്ഹില്ലിലെ ഒരു വാടക വീട്ടിലാണ് താമസം. ഗിരിജ നേരത്തെ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ വിവിധ രോഗങ്ങള്‍ ബാധിച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ തന്നെയാണ്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല, സ്വന്തമായി വീടില്ല. അച്ഛനും അമ്മയുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്നേ മരണപ്പെട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം വന്ന് മരണപ്പെട്ടതോടെ ഈ വൃദ്ധ സഹോദരിമാര്‍ക്ക് ജീവിതത്തില്‍ മറ്റാരുമില്ലാതായി.

വീടിന് വാടക നല്‍കണം, വൈദ്യുതി ബില്ലും വെള്ളത്തിന്റെ തുകയുമടക്കണം, ഭക്ഷണത്തിനും മരുന്നിനുമെല്ലാം പൈസ വേണം. അംബികയ്ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ട് ഏറെ പ്രയാസങ്ങള്‍ സഹിച്ചാണ് ഇവര്‍ ജീവിച്ചുപോന്നത്. ഭക്ഷണത്തിന്റെ അളവ് കുറച്ചും രോഗപീഢകള്‍ സഹിച്ചുമെല്ലാം ചിലവുകളെ നിയന്ത്രിച്ചു.

അംബിക, ഗിരിജ എന്നീ വൃദ്ധ സദോഹരിമാര്‍

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നഗരങ്ങള്‍ അടഞ്ഞതോടെ അപ്രതീക്ഷിതമായാണ് അംബികയ്ക്ക് ജോലി നഷ്ടമായത്. അതോടെ ഏക വരുമാന മാര്‍ഗവും ഇല്ലാതായി. ജീവിതത്തില്‍ ഇനിയൊന്നും സംഭവിക്കാനില്ല. സര്‍ക്കാറില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന ദുരിതാശ്വാസ കിറ്റുകളെ മാത്രം ആശ്രയിച്ചാണ് ഇവര്‍ ജീവിച്ചു പോരുന്നത്. വീട്ടുവാടക കുറേ മാസത്തേത് കുടിശ്ശികയായി നില്‍ക്കുന്നുണ്ട്. ഉടമസ്ഥര്‍ വീടൊഴിയണമെന്ന് പറഞ്ഞാല്‍ തെരുവിലേക്കിറങ്ങുകയെന്നതല്ലാതെ മറ്റൊരു വഴിയും ഈ വൃദ്ധ സഹോദരിമാര്‍ക്ക് മുന്നിലില്ല.

കേരളത്തിലെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ പരിച്ഛേദമാണിവര്‍. പതിറ്റാണ്ടുകള്‍ ജോലി ചെയ്തിട്ടും അസുഖങ്ങളും അവശതകളുമല്ലാതെ മറ്റൊന്നും സമ്പാദിക്കാന്‍ സാധിക്കാത്തവര്‍. തുച്ഛമായ പ്രതിഫലത്തില്‍ സകല ചൂഷണങ്ങളും സഹിച്ച് സ്ത്രീ തൊഴിലാളികള്‍ ദിവസവും വീടുവിട്ട് തൊഴിലിടങ്ങളിലെത്തുന്നത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ്. കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം നഗരങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞതോടെ കേരളത്തിന്റെ ഗ്രാമ – നഗരങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് ഇന്ന് ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്.

അംബിക, ഗിരിജ എന്നീ വൃദ്ധ സദോഹരിമാര്‍ അവരുടെ വാടക വീടിന് മുന്നില്‍

എന്താണ് അസംഘടിത മേഖല

തൊഴില്‍ സാഹചര്യം, വേതന വ്യവസ്ഥകള്‍, ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങി തൊഴില്‍ സമ്പ്രദായവുമായി ബന്ധപ്പെട്ട് സര്‍ക്കാറുകള്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും ഒന്നും ബാധകമല്ലാത്ത തൊഴില്‍ മേഖലയെയാണ് അസംഘടിത മേഖല എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ അസംഘടിത മേഖല വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും അസംഘടിത മേഖലയിലെ ജോലികള്‍ക്ക് വേതനം വളരെ കുറവാണ്. മാത്രവുമല്ല മറ്റ് തൊഴില്‍ മേഖലകളിലേത് പോലെ വേതനത്തോടുകൂടിയുള്ള അവധിയോ, ക്ഷേമ പാക്കേജുകളോ, കൃത്യമായ സമയക്രമങ്ങളോ, അവധി ദിനങ്ങളോ, മെഡിക്കല്‍ ആനുകൂല്യങ്ങളോ ഒന്നും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കില്ല.

തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം കൂടുതലായും തൊഴില്‍ ദാതാക്കളില്‍ നിക്ഷിപ്തമായിരിക്കും. അതുകൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും ഏത് തൊഴിലാളിയും പിരിച്ചുവിടപ്പെട്ടേക്കാം. സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനത്തിലധികവും അസംഘടിത തൊഴില്‍ മേഖലയിലാണ്.

കോഴിക്കോട് മിഠായിത്തെരുവിലെ തയ്യല്‍ തൊഴിലാളികള്‍

സംഘടിത – അസംഘടിത മേഖലയിലെ സ്ത്രീ പ്രാതിനിധ്യം

ഇക്കണോമിക് സര്‍വേ ഓഫ് ഇന്ത്യയുടെ 2012 ലെ കണക്കുകള്‍ പ്രകാരം പൊതുമേഖലയും സ്വകാര്യ മേഖലയുമടക്കമുള്ള ഇന്ത്യയിലെ സംഘടിത മേഖലയില്‍ 79.53 ശതമാനം പുരുഷന്‍മാര്‍ ജോലി ചെയ്യുമ്പോള്‍ 20.47 ശതമാനം മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. അതായത് സംഘടിത മേഖലയില്‍ പുരുഷന്‍മാരുടെ നാലിലൊന്ന് ഭാഗം മാത്രമാണ് സ്ത്രീകളുള്ളത്. എന്നാല്‍ അസംഘടിത മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സംഘടിത മേഖലയിലുള്ളതിനേക്കാള്‍ എത്രയോ അധികമാണ്. അസംഘടിത മേഖലയിലെ തൊഴിലിനെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും വിവിധങ്ങളായ സര്‍വേകളും പഠനങ്ങളുമെല്ലാം നടന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ട കണക്കുകള്‍ ലഭ്യമല്ല.

ഇന്ത്യയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും അസംഘടിത മേഖലയിലാണ്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2017-2018 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 105 മില്യന്‍ സ്ത്രീകളാണ് ഇന്ത്യയില്‍ തൊഴിലെടുക്കുന്നതെങ്കില്‍ അതില്‍ 96 മില്യനും അസംഘടിത മേഖലയിലാണ്. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പലപ്പോഴും കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്ന അലിഖിത വ്യവസ്ഥ നിലനില്‍ക്കുന്നതാണ് അസംഘടിത മേഖലയില്‍ സ്ത്രീകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത് എന്നാണ് 2021 ഫെബ്രുവരിയില്‍ ക്രീ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്.

കോഴിക്കോട് മിഠായിത്തെരുവിലെ തയ്യല്‍ തൊഴിലാളി

കൊവിഡ് വ്യാപനവും അസംഘടിത തൊഴിലാളികളും

22ാമത്തെ വയസ്സില്‍ സ്വന്തമായി ജോലി ചെയ്തു തുടങ്ങിയതാണ് കോഴിക്കോട് പാലാഴി സ്വദേശിനിയായ അലക്കുതൊഴിലാളി അസ്മ. നഗരത്തിലെ അലക്കുതൊഴിലാളികളുടെ പരമ്പരാഗത കേന്ദ്രമായ മുതലക്കുളം മൈതാനത്തിലാണ് അസ്മയും തൊഴിലെടുക്കുന്നത്.

നഗരത്തിലെ വിവിധ ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ലോഡ്ജുകള്‍, പൊലീസ് ക്വാര്‍ട്ടേഴ്‌സ്, ഫ്‌ലാറ്റ് മുറികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം തുണികള്‍ ശേഖരിച്ച് അലക്കിയ ശേഷം അത് ഉണക്കി ഇസ്തിരിയിട്ട് തിരികെ കൊണ്ടുപോയി കൊടുക്കുക എന്നതാണ് ജോലി. ഒരു വസ്ത്രത്തിന് ശരാശരി മൂന്ന് രൂപയും നാല് രൂപയുമൊക്കെയാണ് കൂലി ലഭിക്കുക. ബെഡ് ഷീറ്റിന് എട്ട് രൂപയും.

രാവിലെ തന്നെ മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ കേന്ദ്രത്തിലെത്തിയ ശേഷം നഗരങ്ങളിലെ വിവിധയിടങ്ങളില്‍ ചെന്ന് തുണികള്‍ ശേഖരിക്കണം. അവയുമായി തിരികെ വന്ന് വസ്ത്രങ്ങള്‍ ഓരോന്നായി അലക്കിയ ശേഷം പിന്നീട് അവ ഉണക്കാനിടണം. ഉണങ്ങിയ ശേഷം അവ ഇസ്തിരിയിട്ട് മടക്കണം. എന്നിട്ട് ഓരോ സ്ഥലങ്ങളിലായി തിരികെ കൊണ്ടുചെന്ന് കൊടുക്കണം.

ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന, വലിയ അധ്വാനമുള്ള ഈ ജോലി ചെയ്തു തീര്‍ത്താല്‍ അസ്മയ്ക്ക് ലഭിക്കുന്നത് ശരാശരി 200 രൂപയാണ്. അതില്‍ അലക്കാനുള്ള സോപ്പ്, കാരം, ടിനോപ്പാല്‍, ഇസ്തിരിപ്പെട്ടിയിലേക്ക് വേണ്ട കരി എന്നിവയുടെ ചിലവ് കൂടി കിഴിച്ചാല്‍ ബാക്കി വരുന്നത് ഏതാണ്ട് 130-140 രൂപയായിരിക്കും. ചായ കുടിക്കുകയോ, ഓട്ടോറിക്ഷയില്‍ കയറുകയോ ഒക്കെ ചെയ്യേണ്ടി വന്നാല്‍ മിച്ചം വരുന്ന തുക വീണ്ടും കുറയും. പല ദിവസങ്ങളിലും പകല് മുഴുവന്‍ അധ്വാനിച്ചാലും മിച്ചം വരുന്ന തുക ഏതാണ്ട് നൂറ് രൂപ മാത്രമായിരിക്കുമെന്നാണ് അസ്മ പറയുന്നത്. എന്നാലും മറ്റാരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാമല്ലോ എന്നോര്‍ത്ത് ശാരീരിക അവശതകള്‍ സഹിച്ച് ജോലി ചെയ്തുകൊണ്ടിരുന്നു.

മുതലക്കുളത്തെ അലക്കുതൊഴിലാളി അസ്മ

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഒരേ ജോലി ചെയ്തുവരികയാണ് അസ്മ. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കാണ് ജീവിതം. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ല. അലക്കുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ കൂലിയില്‍ നിന്ന് സ്വന്തം ജീവിതച്ചെലവുകള്‍ മാത്രം നോക്കി ജീവിച്ച് വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ രീതിയില്‍ കൊവിഡ് വ്യാപനവും ലോക്ഡൗണും സംഭവിക്കുന്നത്. അതോടെ വീടുവിട്ട് പുറത്തിറങ്ങാന്‍ സാധിക്കാതായി. വീട്ടിലെ അത്യാവശ്യ കാര്യങ്ങള്‍ക്കോ, വൈദ്യുത ബില്ല് അടയ്ക്കുന്നതിനോ ഒന്നിനും പണമില്ലാതായി. മരുന്ന് വാങ്ങിക്കാന്‍ പണമില്ലാത്തതിനാല്‍ കാല്‍മുട്ട് വേദനയടക്കമുള്ള നിരവധി രോഗങ്ങള്‍ സഹിച്ച് ജീവിച്ചു. ഇക്കാലങ്ങളില്‍ പട്ടിണി കിടന്ന് മരിക്കാതിരുന്നത് റേഷന്‍ വിതരണം വഴി ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചതുകൊണ്ട് മാത്രമാണെന്നാണ് അസ്മ പറയുന്നത്.

”52 വയസ്സായി. ജീവിതത്തില്‍ ഇനി വലിയ അത്ഭുതങ്ങളൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇങ്ങനെയൊക്കെ തന്നെ ജീവിച്ച് മരിക്കും. എന്നാലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാഗ്രഹമുണ്ട്. നമ്മള് ജോലി ചെയ്യാന്‍ തയ്യറായിട്ടും നമുക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത ഈ സാഹചര്യമൊന്ന് അവസാനിക്കണം. നഗരത്തില്‍ ഇനിയും പഴയതുപോലെ തന്നെ ജോലി ചെയ്യാനാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,” അസ്മ പറയുന്നു.

‘ഞാന്‍ ഒറ്റക്കായതുകൊണ്ട് കുറേയൊക്കെ എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ അലക്കുജോലിയെ മാത്രം ആശ്രയിച്ച് ജീവിച്ചുപോരുന്ന കുറേ കുടുംബങ്ങളുണ്ടിവിടെ. ഭര്‍ത്താവും ഭാര്യയുമെല്ലാം ഒരേ ജോലി ചെയ്യുന്ന കുടുംബങ്ങള്‍. അവരുടെയൊക്കെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചെങ്കിലും ടൗണിലെ ഹോട്ടലുകളോ ലോഡ്ജുകളിലോ ഒന്നും പഴയതുപോലെ ആളുകളെത്തുന്നില്ല. അതുകൊണ്ട് അലക്കാന്‍ തുണികളുണ്ടാകുന്നില്ല. സ്‌കൂളില്‍ പോകുന്ന കുട്ടികളടക്കമുള്ള അലക്കുതൊഴിലാളി കുടുംബങ്ങള്‍ ഇന്നെങ്ങിനെയാണ് ജീവിക്കുന്നത് എന്നത് ആരും അന്വേഷിക്കുന്നില്ല,” അസ്മ കൂട്ടിച്ചേര്‍ത്തു.

മുതലക്കുളത്തെ അലക്കുതൊഴിലാളികളുടെ കേന്ദ്രം

കോഴിക്കോട് നഗരത്തില്‍ ഏറ്റവുമധികം സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത് മിഠായിത്തെരുവിലാണ്. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടകള്‍ അടഞ്ഞതോടെ ഇതില്‍ മിക്ക സ്ത്രീകള്‍ക്കും തൊഴില്‍ നഷ്ടമായി. നിയന്ത്രണങ്ങള്‍ക്ക് ഇളവുകളുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കുമെങ്കിലും മുമ്പത്തേതുപോലുള്ള കച്ചവടമോ തിരക്കോ ഒന്നുമില്ലാത്തതിനാല്‍ കടകളില്‍ സെയില്‍സ് വുമണ്‍സിന്റെ ആവശ്യം നേരത്തെയുള്ളതുപോലെയില്ല. കൊവിഡിനെത്തുടര്‍ന്ന് മിഠായിത്തെരുവിലെയും പരിസരങ്ങളിലെയും തുണിക്കടകളില്‍ നിന്നെല്ലാം പകുതിയോളം സ്ത്രീ ജീവനക്കാര്‍ക്ക് തൊഴില്‍ പൂര്‍ണമായും നഷ്ടമായെന്നാണ് മിഠായിത്തെരുവിലെ ഒരു സ്വകാര്യ തുണിക്കടയില്‍ സെയില്‍സ് വുമണ്‍ ആയിരുന്ന എലത്തൂര്‍ സ്വദേശിനിയായ രാജി പറയുന്നത്.

‘ എന്റെ ഭര്‍ത്താവ് ഒരു ലോറി ഡ്രൈവറായിരുന്നു. തമിഴ്‌നാട്ടില്‍ വെച്ച് നടന്ന ഒരു അപകടത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റതോടെ ജോലിക്ക് പോകാന്‍ സാധിക്കാതായി. രണ്ട് കുട്ടികളുണ്ട്. ഇരുവരും എല്‍.പി. സ്്കൂളില്‍ പഠിക്കുകയാണ്. കുടുംബം പട്ടിണിയാവാതിരിക്കാനായാണ് ഞാന്‍ ജോലിക്ക് പോയിത്തുടങ്ങിയത്. പ്രതീക്ഷിക്കാതെ ലോക്ഡൗണ്‍ വന്ന് വീടിനകത്ത് പെട്ടപ്പോള്‍ എത്രയും പെട്ടന്ന് ലോക്ഡൗണ്‍ അവസാനിച്ചാല്‍ മതിയെന്നായിരുന്നു. കടകള്‍ തുറക്കാമെന്ന സര്‍ക്കാറിന്റെ അറിയിപ്പ് കേട്ട് ഏറെ സന്തോഷിച്ച് അടുത്ത ദിവസം മുതല്‍ ജോലിക്ക് പോകാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഇനി മുതല്‍ കടയിലേക്ക് ചെല്ലേണ്ടതില്ല എന്ന് ഉടമസ്ഥര്‍ അറിയിക്കുന്നത്. അതോടെ ഇടി വെട്ടിയ അവസ്ഥയിലായി ഞാന്‍. കടകള്‍ തുറക്കാനായാല്‍ ജോലിക്കുപോയി തുടങ്ങുന്നതോടെ തിരികെ തരാമെന്ന് പറഞ്ഞ് കുറെയധികം പേരില്‍ നിന്ന് കടം വാങ്ങിയാണ് ഇതുവരെ ജീവിച്ചത്. ഇനിയെന്ത് ചെയ്യുമെന്നറിയില്ല. നഗരത്തിലെ പല കടകളിലും ജോലി അന്വേഷിച്ച് ചെന്നു. ഒരിടത്തും ജോലി ലഭിച്ചില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പഴയതുപോലെ ആളുകള്‍ കടയിലെത്തുന്നില്ല. കച്ചവടം നടക്കാതെ ഞങ്ങള്‍ക്കെങ്ങിനെ ശമ്പളം തരും,” രാജി കൂട്ടിച്ചേര്‍ത്തു.

തൊഴിലിടങ്ങളില്‍ നേരത്തെ തന്നെയുണ്ടായിരുന്ന വിവേചനം ഇപ്പോള്‍ രൂക്ഷമായി മാറിയെന്നാണ് മിഠായിത്തെരുവിലെ തയ്യല്‍ തൊഴിലാളിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയുമായ സക്കീന പറയുന്നത്.

”കൊവിഡിനെ തുടര്‍ന്ന് വ്യാപാര രംഗം പ്രതിസന്ധിയിലായതോടെ മിക്ക കടകളിലും തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ പകുതി ദിവസത്തില്‍ താഴെ മാത്രമാണ് ജോലി ലഭിക്കുന്നത്. ഇതിനിടയിലും സ്ത്രീകള്‍ ലിംഗവിവേചനം നേരിടേണ്ടി വരുന്നു എന്നതാണ് ഏറെ സങ്കടകരം. പുരുഷന്മാരായ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ നാല് ദിവസമൊക്കെ ജോലി ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് ഒന്നും രണ്ടും ദിവസം മാത്രമാണ്. അതിലും ഭേദം ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തന്നെയാണ്,”സക്കീന പറയുന്നു.

തയ്യല്‍ തൊഴിലാളിയും ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റുമായ സക്കീന

കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികളുമായി സംസാരിച്ചിരുന്നുവെന്നും മുഴുവന്‍ സ്ത്രീ തൊഴിലാളികളുടെയും ജീവിത സാഹചര്യങ്ങള്‍ വളരെ മോശമായി മാറിയിരിക്കുകയാണെന്നുമാണ് അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ സ്ഥാപകയും ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റുമായ പി. വിജി പറയുന്നത്.

”കടുത്ത സാമ്പത്തിക ആഘാതങ്ങളിലേക്കാണ് സ്ത്രീ തൊഴിലാളികള്‍ വന്നുപെട്ടിട്ടുള്ളത്. വീടിന്റെ നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും സ്വകാര്യ പലിശ സംഘങ്ങളില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ അനേകമുണ്ട്. ദിവസവും ലഭിക്കുന്ന കൂലിയില്‍ നിന്ന് നിശ്ചിതമായ ഒരു തുക വായ്പാ തിരിച്ചടവിലേക്ക് മാറ്റിവെച്ചായിരുന്നു ഇവരില്‍ പലരും ജീവിച്ചിരുന്നത്. എന്നാല്‍ പെട്ടന്നൊരു ദിവസം ഈ വരുമാനങ്ങളെല്ലാം നിലച്ചത് ഈ കുടുംബങ്ങളെ വലച്ചിരിക്കുകയാണ്. കിടപ്പാടമടക്കം നഷ്ടപ്പെടുമെന്ന സ്ഥിതിയിലാണ് അനേകം കുടുംബങ്ങള്‍.

കുടുംബത്തിന്റെ മുഴുവന്‍ ഭാരവും നേരിട്ട് പേറുന്നത് സ്ത്രീകളാണ് എന്നതിനാല്‍ ഇത്തരം പ്രയാസങ്ങളെല്ലാം ഒന്നിച്ച് വന്നതോടെ, അവ താങ്ങാന്‍ സാധിക്കാതെ മാനസിക സമ്മര്‍ദങ്ങളില്‍ പെട്ട് വിഷാദത്തിന് അടിമകളാകുന്നവര്‍ പോലുമുണ്ട്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും വിധത്തിലുള്ള ഒരു പാക്കേജ് സര്‍ക്കാര്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഭാവിയില്‍ മറുപടി പറയേണ്ടി വരും,” പി. വി.ജി. പറയുന്നു.

അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ സ്ഥാപകയും ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റുമായ പി. വിജി

അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ അരക്ഷിതാവസ്ഥകള്‍ എത്ര ഭീകരമാണെന്ന് കൊവിഡ് കാലം തെളിയിക്കുകയായിരുന്നുവെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയും സേവ യൂണിയന്റെ സെക്രട്ടറിയുമായ സോണിയ ജോര്‍ജ് പറയുന്നത്.

‘സ്ഥിരമായ തൊഴിലും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉള്ള, അതായത് തൊഴില്‍ സുരക്ഷിതത്വമുള്ള സംഘടിത മേഖലയിലെ ആള്‍ക്കാര്‍ക്ക് മാത്രമാണ് ജീവിതത്തിന് മേല്‍ സുരക്ഷിതത്വമുള്ളത്. ഓണം, വിഷു, ക്രിസ്മസ് പോലുള്ള വിശേഷ സീസണുകളില്‍ അവര്‍ക്ക് സര്‍ക്കാര്‍ ഉത്സവബത്തയും ബോണസ്സും ഒക്കെ പ്രഖ്യാപിക്കുന്നു. തൊഴിലും കൂലിയും ഒന്നുമില്ലാത്ത അസംഘടിത തൊഴിലാളികള്‍ക്ക് ഒന്നുമില്ലാത്ത അവസ്ഥയും.

ഇന്ന് നിലനില്ക്കുന്ന സമ്പദ്-തൊഴില്‍ ഘടനകള്‍ ഭൂരിഭാഗം വരുന്ന തൊഴിലാളികളേയും അവരുടെ ആവശ്യങ്ങളേയും ഉള്‍ക്കൊളളാനാവാത്ത ഇടുങ്ങിയ ചട്ടക്കൂടിനുള്ളിലാണ് നിലനില്ക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം വരുന്ന അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങളെ പരിഗണിക്കുന്നതിനും ഒരു സംവിധാനവും ഇവിടെയില്ല എന്നുള്ളത് കൊറോണയുടെ പ്രത്യാഘാതങ്ങള്‍ വീണ്ടും തെളിയിച്ചു കഴിഞ്ഞു.

നിലനില്‍ക്കുന്ന നയ-നിയമ വ്യവസ്ഥകളിലൊന്നും അസംഘടിത തൊഴിലാളികള്‍ ഉള്‍പ്പെടില്ല എന്നുള്ളത് വ്യക്തമാണ്. സംഘടിത മേഖല ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതില്‍ ഈ മേഖലയിലെ തൊഴിലാളികളുടെ സംഭാവനകള്‍ കണക്കിലെടുത്തു കൊണ്ട് ഇവരുടെ സുസ്ഥിര നിലനില്പ്പിനുള്ള സാഹചര്യങ്ങള്‍ ഭരണകൂടങ്ങള്‍ ആലോചിക്കേണ്ടതുണ്ട്,”. സോണിയ ജോര്‍ജ് പറയുന്നു.

സേവ യൂണിയന്റെ സെക്രട്ടറി സോണിയ ജോര്‍ജ്

പരിഹാര മാര്‍ഗങ്ങള്‍

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ സര്‍ക്കാറിന് മുന്നില്‍ വെക്കുന്ന അടിയന്തിര പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്.

1) തൊഴില്‍ നഷ്ടപ്പെട്ട അസംഘടിത മേഖല തൊഴിലാളികള്‍ക്ക് വേതന നഷ്ടപരിഹാരങ്ങള്‍ നല്‍കുക.

2) ഗാര്‍ഹിക തൊഴിലാളികള്‍, മത്സ്യ വിപണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കടകളിലെ ജീവനക്കാര്‍, ഭക്ഷണശാലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങിയവരെ വാക്സിന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.

3) പ്രാദേശിക തലങ്ങളില്‍ തൊഴിലവസരങ്ങള്‍ വികസിപ്പിച്ച് അസംഘടിത മേഖലയുടെ നിലനില്‍പ്പിനായുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക.

4) കുടുംബശ്രീ, മറ്റു മൈക്രോ ഫൈനാന്‍സ് ലോണുകള്‍ക്ക് മൊററ്റോറിയം ഏര്‍പ്പെടുത്തുന്നതോടൊപ്പം ലോക്ക്ഡൗണ്‍ മാസങ്ങളിലെ പലിശയിളവും നല്‍കുക.

5) അസംഘടിത മേഖല തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക. മഹാമാരി, പ്രകൃതിക്ഷോഭ ഇന്‍ഷുറന്‍സുകള്‍, വേതന നഷ്ട പരിഹാരം, മറ്റു പിന്തുണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലീകരിക്കുക.

6) മത്സ്യമേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് മത്സ്യം വിറ്റഴിക്കാനുള്ള പ്രാഥമികാവകാശവും അതിനുള്ള നൂതന സംവിധാനങ്ങളും ഒരുക്കി സജ്ജമാക്കുക. കൊവിഡ് കാലത്ത് വില്‍പനക്കുള്ള സൗകര്യങ്ങള്‍ അനുവദിക്കുക.

7) ഈറ്റ, കൈത്തറി, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങി പരമ്പരാഗത മേഖലകളില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കി കൊണ്ട് ഉല്‍പാദനം പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുക.

8) ആദിവാസി മേഖലകളില്‍ സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക.

9) പ്രാദേശിക തലങ്ങളില്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് ഗ്രാമ പ്രദേശങ്ങളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും നഗര പ്രദേശങ്ങളില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉടനടി പുനരാരംഭിക്കുക.

10) പ്രാദേശിക അംഗനവാടികളും വായനശാലകളിലുമൊക്കെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ പഠന സംവിധാനങ്ങളൊരുക്കുക.

11) കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കുമ്പോള്‍ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ട കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക.

ലാഡ്‌ലി മീഡിയ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: How women workers in the unorganized sector live during the covid time

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more