കൊച്ചി: അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്താല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കേസിലെ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. സി.ആര്‍.പി.സി 102 പ്രകാരമല്ലാതെ എങ്ങനെയാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് വിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ആറ് പേര്‍ നല്‍കിയ ഹരജിയാണ് വ്യാഴാഴ്ച പരിഗണിച്ചത്.
വിഷയം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തില്‍ ഗൗരവമായി ഇടപെടുമെന്നും ഇതില്‍ സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടിയുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒന്നിന് പിറകെ ഒന്നായി ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
അനധികൃത പണമിടപാട് നടത്തിയതില്‍ കേസ് നേരിടുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും എറണാകുളം മുപ്പത്തടത്തെ സിജോ ജോര്‍ജ് എന്ന ഹോട്ടലുടമയുടെ അക്കൗണ്ടില്‍ പണം എത്തിയതാണ് കേസിനാസ്പദമായ സംഭവം. സിജോ ഹോട്ടലില്‍ ഇറച്ചി എത്തിക്കുന്നവര്‍ക്കും മറ്റു ചിലര്‍ക്കും ഈ അക്കൗണ്ടില്‍ നിന്നും പണം നല്‍കിയിരുന്നു. പിന്നീട് മാര്‍ച്ച് 24ഓടെ ഒന്നിന് പിറകെ ഒന്നായി അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു.