റോഷന്‍ ഗള്‍ഫില്‍ പോയോ?; സീ യു സൂണിലെ ദുബായ് എയര്‍പോര്‍ട്ട് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെ ?; ആ രഹസ്യം തുറന്നുപറഞ്ഞ് മഹേഷ് നാരായണന്‍
Malayalam Cinema
റോഷന്‍ ഗള്‍ഫില്‍ പോയോ?; സീ യു സൂണിലെ ദുബായ് എയര്‍പോര്‍ട്ട് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എങ്ങനെ ?; ആ രഹസ്യം തുറന്നുപറഞ്ഞ് മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th September 2020, 2:23 pm

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന സിനിമാ വ്യവസായത്തിന് ഏറെ കരുത്ത് പകരുന്നതായിരുന്നു ഫഹദ്- മഹേഷ് നാരായണന്‍ ടീമിന്റെ സീ യു സൂണ്‍. ഐ ഫോണിലൂടെ ചിത്രീകരിച്ച്, കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഈ മാസം ഒന്നാം തിയ്യതിയാണ് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതോടെ ചില സംശയങ്ങളും പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു.

ചിത്രത്തിലെ നിര്‍ണായക രംഗത്ത് കാണിക്കുന്ന ദുബായ് എയര്‍പോര്‍ട്ടും മെട്രോയും എങ്ങിനെ ചിത്രീകരിച്ചു എന്നതായിരുന്നു സംശയം. പ്രധാനകഥാപാത്രമായ ജിമ്മിയെ അവതരിപ്പിച്ച റോഷന്‍ എങ്ങിനെയാണ് എയര്‍പോര്‍ട്ട് രംഗങ്ങളില്‍ അഭിനയിച്ചത് എന്നുമായിരുന്നു.

സീയു സൂണ്‍ നടക്കുന്ന കാലഘട്ടം 2019 ആണെങ്കിലും ചിത്രീകരണം പൂര്‍ണമായും നടന്നത് കൊവിഡ് കാലത്ത് ആയിരുന്നു. ഈ അവസ്ഥയില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ റോഷന്‍ എങ്ങിനെ എത്തിയെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

ഈ രംഗങ്ങളുടെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മനോരമയ്ക്ക് വേണ്ടി ഉണ്ണി കെ വാര്യരുമായി നടത്തിയ സംഭാഷണത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ കണ്ട ദുബായ് എയര്‍പോര്‍ട്ടും മെട്രോയുടെയും ദൃശ്യങ്ങള്‍ ദുബായിലുള്ള മഹേഷ് നാരായണന്റെ അസിസ്റ്റന്റ് ഫോണില്‍ ചിത്രീകരിച്ച് അയക്കുകയായിരുന്നു. പിന്നീട് റോഷന്‍ ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ടിന് അകത്തുള്ള ദൃശ്യങ്ങള്‍ കൊച്ചിയിലെ ഹയാത്ത് ഹോട്ടലിലും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലുമായി ചിത്രീകരിച്ച് എടുക്കുകയായിരുന്നുവെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

14 ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫഹദ് താമസിക്കുന്ന അപാര്‍ട്‌മെന്റില്‍ 5 ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് ആയിരുന്നു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും താമസിപ്പിച്ചതെന്നും മഹേഷ് പറഞ്ഞു.

നേരത്തെ ഫഹദ് തന്നെ നായകനായ ട്രാന്‍സിന് വേണ്ടിയും സമാനമായ രീതിയില്‍ ലൊക്കേഷനുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ആംസ്റ്റര്‍ഡാം സീനുകള്‍ കൊച്ചിയില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു.

ഫഹദ് ഫാസിലിനൊപ്പം റോഷന്‍മാത്യു, ദര്‍ശന രാജേന്ദ്രന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മഹേഷ് നാരായണന്‍ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ഫഹദും നസ്രിയ നസീമുമാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How were the Dubai Airport scenes filmed in C U Soon ?; Mahesh Narayanan reveals that secret