കേന്ദ്രബജറ്റ്: മത്സ്യബന്ധനമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാനുള്ള പദ്ധതിയെന്ന് മത്സ്യത്തൊഴിലാളികള്‍
ബജറ്റ് നിര്‍ദേശങ്ങളില്‍ പൊള്ളി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധന മേഖലയെ സ്വകാര്യവത്കരിക്കാനായി കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്തായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ ബജറ്റുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
‘പൊതു-സ്വകാര്യ പങ്കാളിത്തമാണ് ബഡ്ജറ്റിന്റെ പ്രധാന ഊന്നല്‍. സ്വകാര്യവത്കരണത്തിന്റെ മുഖമുദ്രയാണത്. മത്സ്യത്തൊഴിലാളി മേഖലയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഫെബ്രുവരി മാസം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫിഷറീസ് പോളിസിയുണ്ട്. അതില്‍ പൊതുസ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നാണ് പറഞ്ഞിട്ടുള്ളത്. ‘ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറയുന്നു.
ഇത് മത്സ്യത്തൊഴിലാളികളുടെ തൊഴിലിനേയും ഇല്ലാതാക്കുകയും തീരദേശത്തുനിന്നും അവരെ നിഷ്‌കാസനം ചെയ്യുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. 90കളില്‍ കൊണ്ടുവന്ന അക്വാ കള്‍ച്ചര്‍ ഭൂം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഉദാഹരണമായി നിരത്തിയാണ് കോര്‍പ്പറേറ്റുകള്‍ ഈ മേഖലയില്‍ പിടിമുറുക്കുക വഴി സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
‘ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലും രാമേശ്വരത്തും വെല്ലൂരിലുമൊക്കെ അക്വാ കള്‍ച്ചര്‍ ഭൂം വന്നു. വളരെ പെട്ടെന്ന് പതിന്മടങ്ങ് ലാഭവും കിട്ടി. ടാറ്റ, എം.എ.സി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ഇവിടെ നിക്ഷേപിച്ചത്. ആദ്യം കുറച്ച് ഭൂമി വാങ്ങി. അതിനകത്ത് മത്സ്യകൃഷി നടത്തി. കാര ചെമ്മീന്‍ വളര്‍ത്തി. പിന്നീട് കൂടുതല്‍ സ്ഥലങ്ങള്‍ വാങ്ങി അവിടെയും കൃഷി നടത്തി. എന്നാല്‍ പിന്നീട് കാരചെമ്മീനു മുഴുവന്‍ വെള്ളപ്പൊട്ട് രോഗം ബാധിച്ചു. എല്ലാ മീനുകളും ചത്തുപോയി. ആ വെള്ളം മുഴുവന്‍ അവര്‍ തുറന്നിട്ടു, ബംഗാള്‍ ഉള്‍ക്കടലിലേക്ക്. അത് ബംഗാള്‍ ഉള്‍ക്കടലുവഴി അറബിക്കടലിലെത്തി, നമ്മുടെ പാടശേഖരങ്ങളിലെത്തി. ഇവിടെയൊക്കെ ചെറുകിട കൃഷിക്കാര്‍ വളര്‍ത്തുന്ന ചെമ്മീനുകള്‍ നശിച്ചുപോയി. പിന്നെ സുപ്രീം കോടതി ഇടപെടുകയാണ് ചെയ്തത്.’ അദ്ദേഹം പറയുന്നു.
തൊഴിലാളി സാന്ദ്രമായ മേഖലയിലാണ് ഇത്. അത്തരമൊരു മേഖല സ്വകാര്യവത്കരിക്കുകയെന്നു പറയുന്നത് ഭീമമായ തൊഴില്‍ നഷ്ടത്തിനു വഴിവെക്കുകയും മത്സ്യസുസ്ഥിരതയെ ബാധിക്കുകയും ചെയ്യും. സ്വകാര്യ മേഖലയിലെ ഭീമന്മാര്‍ ഈ മേഖലയിലേക്ക് ഇനിയും വരും. കാരണം ഇവിടെ നിന്നു ലഭിക്കുന്ന ലാഭമാണ്. ഇപ്പോള്‍ തന്നെ കയറ്റുമതി മേഖലയില്‍ പൂര്‍ണമായും വന്‍കിടക്കാരാണ്. അവര്‍ പ്രധാനമായും വിദേശ കമ്പനികളുമായി കൈകോര്‍ക്കുകയും ചെയ്യുന്നുണ്ട്. തൊഴില്‍ സാന്ദ്രമായ മേഖലകളില്‍ ലളിതമായ സാങ്കേതിക വിദ്യകളാണ് വേണ്ടത്. വന്‍മൂലധനം ചിലവഴിച്ചുള്ള സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുമ്പോള്‍ അത് പരിസ്ഥിതിയേയും ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ബജറ്റില്‍ പ്രഖ്യാപിച്ച ഡീസല്‍ വില വര്‍ധനവ് അടക്കമുള്ള നിര്‍ദേശങ്ങള്‍ മത്സത്തൊഴിലാലികളെ വലിയ തോതില്‍ ബാധിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു.
15 മുതല്‍ 30 ദിവസംവരെ മത്സ്യബന്ധനത്തിന് കടലിലിറക്കുന്ന ഗില്ലറ്റ്, ചൂണ്ടബോട്ടുകള്‍ക്ക് 5000 ലിറ്റര്‍വരെ ഡീസലാണ് ആവശ്യം. ലിറ്ററിന് ഒരു രൂപ വര്‍ധന 5000 രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് 300 മുതല്‍ -400 വരെ ലിറ്റര്‍ മണ്ണെണ്ണയും പള്‍സീന്‍ ബോട്ടുകള്‍ക്ക് (ചാള ബോട്ട്) 400 മുതല്‍ -500 വരെ ലിറ്ററും ട്രോള്‍ ബോട്ടുകള്‍ക്ക് 1000 -മുതല്‍ 3000 വരെ ലിറ്റര്‍ ഡീസലും ആവശ്യമാണ്. ഇന്‍ബോര്‍ഡ് വള്ളം കടലിലിറക്കാന്‍ 50 ലക്ഷംവരെയാണ് ചെലവ്. മത്സ്യ ലഭ്യത കുറഞ്ഞതോടെ നിലവിലെ ചെലവുപോലും താങ്ങാനാകാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍.
മത്സ്യത്തൊഴിലാളി മേഖലയെ സംബന്ധിച്ചിടത്തോളം നിരാശാജകനമാണ് ബജറ്റെന്ന് ധീരവസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പറയുന്നു.
‘മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസലും മണ്ണെണ്ണയും സബ്‌സിഡി നിരക്കില്‍ പ്രത്യേകമായി അനുവദിച്ചില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് ഒരു രൂപ വീതം വര്‍ധിപ്പിച്ചതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനുള്ള ഇന്ധനത്തിന് കൂടിയ വില നല്‍കേണ്ടിവരും. തീരദേശ സംരക്ഷണം, ഉള്‍നാടന്‍ ജലാശയ സംരക്ഷണം എന്നിവയെക്കുറിച്ചും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടില്ല.’ അദ്ദേഹം പറയുന്നു.
ബാങ്ക് വായ്പയെടുത്തും പലിശയ്ക്ക് പണംവാങ്ങിയും വലിയ തുക ചിലവാക്കി ബോട്ടിറക്കി മത്സ്യബന്ധനം നടത്തിയാല്‍ കിട്ടുന്നത് തിരിച്ചടവിനും ഇന്ധന ചെലവിനും അറ്റകുറ്റപ്പണിക്കും മാത്രമേ തികയുകയുള്ളൂവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മത്സ്യസംസ്‌കരണവും വിപണനവും മാത്രം ലക്ഷ്യമിടുന്നതാണ് തൊഴിലാളികളെ അവഗണിച്ചുള്ള ബജറ്റ്. മണ്‍സൂണില്‍ പോലും മീന്‍ കിട്ടാത്ത അവസ്ഥ. സംസ്ഥാനത്ത് 2012-ല്‍ നാലുലക്ഷം ടണ്‍ മത്തി കിട്ടിയത് ഈ വര്‍ഷം 77 ടണ്‍ ആയി കുറഞ്ഞു. 1,49,000 സജീവ മത്സ്യത്തൊഴിലാളികളില്‍ 1,27,000 പേരും മത്തിയും മറ്റ് ചെറുമത്സ്യങ്ങളും പിടിച്ചാണ് ഉപജീവനം നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കടലിലെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു. മഴ കുറഞ്ഞതും കേരളതീരത്തെ മത്സ്യലഭ്യത ഗണ്യമായി കുറച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാഗരമാല പദ്ധതിയില്‍ ആറ് തുറമുഖങ്ങളാണ് പുതുതായി വരുന്നത്. 12 തീരദേശ വികസന ഏരിയകളും 14 തീരദേശ വികസന സോണുകളും 2000 കിലോമീറ്റര്‍ തീരദേശറോഡും പദ്ധതിയിലുണ്ട്. 2018ല്‍ പുതുക്കിയ തീരദേശസംരക്ഷണ നിയമവും നിലവിലുണ്ട്. ഇതെല്ലാം കടലോരത്തുനിന്ന് പരമ്പരാഗത തൊഴിലാളികളെ പറിച്ചെറിയാന്‍ മാത്രം ഉതകുന്നവയാണ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയുടെ സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് കേന്ദ്രം ഡീസല്‍ വില ഉള്‍പ്പെടെ വര്‍ധിപ്പിക്കുന്നത്.
മത്സ്യമേഖലയെ നവീകരിക്കണമെന്നതു തന്നെയാണ് തങ്ങളുടെ നിലപാടെന്നും എന്നാല്‍ അത് മൊഡേണൈസേഷന്‍ വിത്ത് കോ-ഓപ്പറൈറ്റേഴ്‌സ് ആയിരിക്കണമെന്നും ചാള്‍സ് പറയുന്നു. പക്ഷേ അതിനു പകരം കോര്‍പ്പറൈറ്റേഴ്‌സ് വിത്ത് മോഡേണൈസേഷനാണ് വരുന്നത്. അത് തൊഴില്‍ ഇല്ലാതാക്കുന്നതിനു വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.