| Monday, 4th July 2022, 2:45 pm

ആഢ്യന്മാരുടെ തറവാടും കാരണവര്‍ രണ്‍ജി പണിക്കരും, കല്യാണരാമന്‍ ഷര്‍ട്ടിട്ട അമ്മാവനായി സന്തോഷ് കീഴാറ്റൂരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജീവന്‍ ജോജോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഉല്ലാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഹാരി മേനോനായി ഷെയ്ന്‍ നിഗവും നിമയായി പുതുമുഖം പവിത്ര ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഒരു ഫീല്‍ ഗുഡ്, റോഡ് മൂവി എന്നീ കാറ്റഗറിയിലെല്ലാം പെടുത്താവുന്ന ചിത്രമാണ്.

**********spoiler alert********

ട്രെയ്‌ലറില്‍ കാണിക്കുന്നത് പോലെ ഇതൊരു യുണീക് ലവ് സ്‌റ്റോറിയാണ്. ഒരു ട്രെയ്ന്‍ യാത്രക്കിടയില്‍ ഊട്ടിയിലെ വനത്തില്‍ പെട്ട് പോകുന്ന നായകന്റെയും നായികയുടെയും കഥയാണ് ഉല്ലാസം പറയുന്നത്. ഈ യാത്രക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളും അത് പിന്നീടുള്ള അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ ഇവര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്നു. അതുവരെയുള്ള സമയത്തെ ഒരു ബ്രാക്കറ്റായാണ് ഇവര്‍ സങ്കല്‍പിക്കുന്നത്. അതായത് ഒരു സെന്റന്‍സിലെ ബ്രാക്കറ്റിലുള്ള വാക്കിന് ഗ്രമാറ്റിക്കലി ആ സെന്റന്‍സുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അതുപോലെ ഈ യാത്രക്ക് ഇവരുടെ ഇനിയുള്ള ജീവിതവും അതിനു മുമ്പുള്ള ജീവിതവുമായും ബന്ധമില്ലെന്ന് സങ്കല്‍പിച്ച് അവര്‍ ആ യാത്ര ആസ്വദിക്കാന്‍ തീരുമാനിക്കുകയാണ്.

ബ്രാക്കറ്റിനപ്പുറമുള്ള വ്യക്തിപരമായ കാര്യങ്ങള്‍ പരസ്പരം അറിയണ്ട എന്നും തീരുമാനിക്കുന്നു. ഇതുവരെ പറയുന്ന പ്ലോട്ട് നല്ലതാണെങ്കിലും അത് നന്നായി ചിത്രത്തില്‍ എക്‌സിക്യൂട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത് ആസ്വദിക്കാനാവുന്നില്ല.

താല്‍ക്കാലികമായ യാത്ര അവസാനിക്കുമ്പോള്‍ ഇവര്‍ ഒരുപാട് അടുത്തിരുന്നെങ്കിലും പരസ്പരം അറിയാന്‍ സാധിക്കാതെ പിരിയുകയാണ്. എന്നാല്‍ ‘യാദൃശ്ചികത’ എന്ന് പറയട്ടെ ഇവര്‍ ഒരേ നഗരത്തില്‍ തന്നെയാണ് താമസിക്കുന്നത്. അതിനാല്‍ ‘സ്വാഭാവികമായും’ വീണ്ടും കണ്ടുമുട്ടുന്നു. അവരവരുടേതായ കാരണങ്ങള്‍ കൊണ്ട് പിന്നെയും പിരിയേണ്ടി വരുന്നു.

ചിത്രത്തിന്റെ അവസാനം ഉള്‍വിളിയുണ്ടായ നായിക മലേഷ്യക്ക് പോകാനൊരുങ്ങുന്ന നായകനെ തിരക്കി ഇറങ്ങുകയാണ്. പാലക്കാടിലെ ഒറ്റപ്പാലത്തെത്തുന്ന നായിക അലഞ്ഞ് തിരിഞ്ഞ് ‘കൃത്യമായി’ നായകന്റെ വീട്ടിലേക്ക് എത്തുന്നു. അത്ഭുതമെന്ന് പറയട്ടെ. അവരുടെ യാത്രക്കിടയില്‍ അദ്ദേഹം പറഞ്ഞത് പോലെ തന്നെയാണ് ആ വീട്. വലിയ തറവാടും, മുറ്റത്തൊരു മാവും അതില്‍ ഊഞ്ഞാലാടുന്ന കുട്ടികളും സെറ്റുസാരിയുടുത്ത അമ്മായിയും(സരയു) കസവ് മുണ്ടും കല്യാണരാമന്‍ ഷര്‍ട്ടുമിട്ട അമ്മാവനും(സന്തോഷ് കീഴാറ്റൂര്‍).

അവരെല്ലാം കണ്ട മാത്രയില്‍ തന്നെ നിമയെ തിരിച്ചറിയുന്നു. അത്രത്തോളം നിമയെ പറ്റി അടിമുടി നായകനായ ഹാരി മേനോന്‍ വീട്ടുകാരോട് വിവരിച്ചിട്ടുണ്ടായിരുന്നു. ഈ ആഢ്യന്മാരുടെ തറവാട് കണ്ടപ്പോള്‍ തന്നെ നായികക്ക് ആശ്വാസമായി. കാരണം അവളുടെ സെലക്ഷന്‍ തെറ്റിയില്ല. ഹാരിയുടെ അച്ഛനെ കൂടെ കണ്ടാല്‍ നായികക്ക് ആ തീരുമാനം ഊട്ടിയുറപ്പിക്കാം. കാരണം ഹാരിയുടെ അച്ഛനായ റിച്ചാര്‍ഡ് മേനോന്‍ മറ്റാരുമല്ല, രണ്‍ജി പണിക്കരാണ്.

ഒടുവില്‍ മലേഷ്യക്ക് പോകാനൊരുങ്ങിയ നായകന്‍ ഷര്‍ട്ടും മുണ്ടും ഉടുത്ത് കുന്നിന്‍ മുകളില്‍ ഗിറ്റാര്‍ വായിച്ചിരിക്കുന്നതാണ് നായിക കാണുന്നത്. ആ പ്രണയ സുരഭിലമായ നിമിഷത്തില്‍ അവര്‍ ഒന്നിക്കുന്നതോടെ സിനിമക്ക് പരിസമാപ്തിയായി.

Content Highlight: how ullasam portraying climax includes renji panicker and santhosh keezhattoor

We use cookies to give you the best possible experience. Learn more