| Monday, 24th August 2020, 7:05 pm

ഒ.ടി.ടി റിലീസിന് പോകുന്നവരെ എങ്ങിനെ ഭാവിയില്‍ വിശ്വസിക്കും; തിന്ന ചോറിന് നന്ദി കാണിക്കാത്തതിന് എന്ത് പറയാനാണ്; നിലപാട് വ്യക്തമാക്കി 'ഫിയോക്ക്'

അശ്വിന്‍ രാജ്

കഴിഞ്ഞ മാര്‍ച്ച് മാസമാണ് കൊവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോകുകയും തിയേറ്ററുകള്‍ പൂട്ടുകയും ചെയ്തത്. നൂറ്റ് അമ്പതിലധികം ദിവസം കഴിഞ്ഞെങ്കിലും ഇപ്പോഴും തിയേറ്ററുകള്‍ എന്ന് തുറക്കും എന്ന കാര്യം കൃത്യമായി പറയാന്‍ സാധിക്കില്ല. ഇതിനിടെ മലയാളമടക്കമുള്ള വിവിധ ഭാഷകളിലുള്ള സിനിമകള്‍ ഡയറക്റ്റ് ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യുന്ന സിനിമകളുടെ അണിയറ പ്രവര്‍ത്തകരുമായി ഭാവിയില്‍ സഹകരിക്കില്ല എന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നിലപാട് എടുത്തിരിക്കുന്നത്. അതേസമയം നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ സിനിമയായ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന സിനിമയ്ക്ക് ഒ.ടി.ടി റിലീസിന് ഫിയോക്ക് അനുമതി നല്‍കുകയും ചെയ്തു.

ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍, എന്ന സിനിമ ഡയറക്ട് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ സെക്രട്ടറി എം.സി ബോബിയുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖം

കൊവിഡ് ഉയര്‍ത്തിയ ഭീഷണി ഇപ്പോഴും തുടരുകയാണ്. തിയേറ്ററുകള്‍ ഇനി എന്നായിരിക്കും തുറക്കുക എന്ന ഉറപ്പില്ല, തിയേറ്റര്‍ ഉടമകളുടെ സംഘടന എന്ന നിലയില്‍ ഫിയോക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ?

നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കുന്നതിനായി സര്‍ക്കാരിലേക്കുള്ള അപേക്ഷയും മറ്റും അയച്ചു കഴിഞ്ഞു. ഇനി അധികൃതരെ നേരിട്ട് കണ്ട് സംസാരിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇരിക്കുന്നത്. പക്ഷേ നേരിട്ട് സംസാരിക്കുന്നതിന് മുമ്പ് തിയേറ്ററുകള്‍ എന്ന് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അറിയാന്‍ കഴിയണം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് എന്ന് തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ സാധിക്കില്ല.

നിലവില്‍ മൊറട്ടറോറിയം ഈ ആഗസ്റ്റ് 31 ന് അവസാനിക്കുകയാണ്. ഈക്കാര്യത്തിലുള്ള ഇളവും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പലിശയും ഒഴിവാക്കി കിട്ടണം. അല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.

സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഡിസംബര്‍ വരെ കരന്റ് ചാര്‍ജ് ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് തരാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതിലൊന്നും കാര്യമില്ല, അത് എടുത്ത് കളഞ്ഞാലെ കാര്യമുള്ളു. കാരണം ഒരു വര്‍ഷം ക്ലീന്‍ ആയി പോയി കഴിഞ്ഞു. സിനിമയുടെ ഏറ്റവും നല്ല കാലം എന്ന് പറയുന്നത് ഏപ്രില്‍ മേയ് മാസം ആണ് കാരണം സ്‌ക്കൂള്‍ വെക്കേഷന്‍, വിഷു- ഈസ്റ്റര്‍ നിലവില്‍ മാര്‍ച്ച് മുതല്‍ തിയേറ്റര്‍ അടച്ചിട്ടിരിക്കുകയാണ്.

സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ തുറന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇനി സിനിമാ തിയേറ്ററുകള്‍ തുറന്നാലും സിനിമകള്‍ വന്നാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. ഒരു കൊല്ലത്തില്‍ തന്നെ ഏത്ര നല്ല സിനിമകള്‍ വരുന്നുണ്ട്, കൂടി പോയാല്‍ പത്തോ ഇരുപതോ സിനിമകള്‍ മാത്രമേ നല്ല കളക്ഷന്‍ ഉള്ളതായി വരുന്നുള്ളു. അതുകൊണ്ട് സര്‍ക്കാരിലേക്ക് പത്ത് കാര്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം കൊടുത്തിട്ടുണ്ട്.

ഓണം കഴിഞ്ഞാല്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് ഫിയോക്കിന്റെ തീരുമാനം. ഇനി കൊവിഡിന്റെ ഭയം മാറി ആളുകള്‍ പതിയെ പതിയെ തിയേറ്ററുകളിലേക്ക് വരണമെങ്കില്‍ കുറെ കാലം ഏടുക്കും. ഇതിന് നല്ല സിനിമകള്‍ തിയേറ്ററുകളില്‍ എത്തണം.

കൊവിഡ് ഭീഷണിക്കാലത്ത് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ സര്‍ക്കാരിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്, ഇതിനെ ഫിയോക്ക് എങ്ങിനെ കാണുന്നു ?

മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ക്ക് അത് സാധ്യമാകും. സിംഗിള്‍ തിയേറ്ററുകളെ സംബന്ധിച്ചിടത്തോളം 50 ശതമാനമെങ്കിലും ആളുകള്‍ തിയേറ്ററുകളില്‍ എത്തിയിട്ടില്ലെങ്കില്‍ നടത്തികൊണ്ട് പോകാന്‍ സാധിക്കില്ല. സിനിമയ്ക്ക് ആളുകള്‍ കുടുംബമായി എത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകുകയുള്ളു. മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ ചെറുപ്പക്കാര്‍ പിള്ളേര്‍ക്ക് വേണ്ടിയാണ്. കുടുംബങ്ങള്‍ തിയേറ്ററുകളിലേക്ക് വന്നാല്‍ മാത്രമേ തിയേറ്ററുകള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു.

പിന്നെ നിര്‍ദ്ദേശങ്ങള്‍ എന്ന് പറയുന്നത് ഈ ബസില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന് പറയുന്ന രീതിയില്‍ ഒക്കെ ക്രമീകരിച്ചിട്ട് എന്തായി ഒന്നും സാധിച്ചില്ലല്ലോ.

നിലവില്‍ പല സിനിമകളും ഡയറക്റ്റ് ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്, എന്നാല്‍ ഫിയോക്ക് ഇത്തരത്തില്‍ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിനിമയുടെ നിലനില്‍പ്പിനെ തന്നെ സഹായിക്കുന്ന ഒന്നല്ലെ ഒ.ടി.ടി റിലീസ് ?, ഇത്തരത്തില്‍ ഒ.ടി.ടി റിലീസിനെ ഫിയോക്ക് എതിര്‍ക്കുന്നത് എന്തിനാണ് ?

ഞങ്ങളുടെ ബിസിനസിനെ ഞങ്ങള്‍ തന്നെ നശിപ്പിക്കാന്‍ കഴിയുമോ ? കാരണം മലയാളത്തില്‍ ഇറങ്ങുന്ന പല സിനിമകള്‍ക്കും തിയേറ്ററുകള്‍ അഡ്വാന്‍സ് കാശ് കൊടുക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ കൊടുക്കുന്ന തുക തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണ്. നേരത്തെ 70 സെന്ററുകള്‍ മാത്രമായിരുന്നു റിലീസ് സെന്ററുകള്‍.

ഇപ്പോള്‍ 200-235 തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. സ്വഭാവികമായി എക്‌സിബിറ്റേഴ്‌സിന്റെ വരുമാനം കുറഞ്ഞിട്ടുണ്ട്. പണ്ട് എല്ലാ തിയേറ്ററുകളും നോണ്‍ എ.സി തിയേറ്ററുകളായിരുന്നു. ഇപ്പോള്‍ ഏല്ലാ തിയേറ്ററുകളും എ.സിയും മാളുകളെ വെല്ലുന്ന സൗകര്യങ്ങളിലുമാണ് പല തിയേറ്ററുകളും നല്‍കുന്നത്. ഇതോക്കെ പലരും ലോണ്‍ എടുത്തൊക്കെയാണ് നടത്തുന്നത്. അങ്ങിനെ പല പ്രശ്‌നങ്ങളും ഉണ്ടാവുമ്പോള്‍ എങ്ങിനെയാണ് ഇത് അംഗീകരിക്കാന്‍ കഴിയുക. മാത്രവുമല്ല സിനിമാതിയേറ്ററുകളില്‍ സിനിമ കളിച്ചുവന്നതിന് ശേഷമല്ലെ ഇപ്പോള്‍ ഈ കാണുന്ന രീതികളൊക്കെ ഉണ്ടായത്. പെട്ടന്ന് പൊട്ടിമുളച്ചത് ഒന്നുമല്ല.

ഒ.ടി.ടി റിലീസിന് പോകുന്നവര്‍ അങ്ങനെ പോയിക്കോട്ടെ ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പില്ല. ഞങ്ങള്‍ അവരോട് സഹകരിക്കില്ല അത്രയേ ഉള്ളു. ഞങ്ങളോട് സഹകരിക്കുന്നവരോട് ഞങ്ങള്‍ സഹായിക്കും. ഞങ്ങളും ഈ ഇന്റസ്ട്രിയില്‍ തന്നെ നിക്കുകയല്ലെ.

സംവിധായകരായ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ ഫിയോക്കിന്റെ നിലപാടിന് എതിരെ രംഗത്ത് വന്നിരുന്നു. പലരും പുതിയ സിനിമകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സിനിമാ തമ്പ്രാക്കള്‍ എന്ന രീതിയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം വിമര്‍ശനങ്ങളെ ഫിയോക്ക് എങ്ങിനെ കാണുന്നു ?

ഞങ്ങള്‍ക്ക് അതൊന്നും നോക്കാന്‍ സമയമില്ല. അവരുടെ നിലവാരം ആവര് കാണിക്കുന്നു. അവരുടെ ബിസിനസിന് വിഷമം വരുമ്പോള്‍ അവര് പറയുന്നു. ഞങ്ങളുടെത് തിയേറ്റര്‍ ഉടമകളുടെ വെല്‍ഫെയറിന് മുന്നിട്ട് നില്‍ക്കുന്ന സംഘടനയാണ്. സ്വഭാവികമായി തിയേറ്റര്‍ ഉടമകളുടെ അഭിപ്രായത്തിന് അനുസരിച്ചാണ് സംഘടനയ്ക്ക് നില്‍ക്കാന്‍ സാധിക്കുകയുള്ളു. അവരുടെ സിനിമകളടക്കം കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തിയേറ്ററുകളുടെ അഡ്വാന്‍സ് വാങ്ങിച്ചിട്ട് തന്നെയാണ് റിലീസ് ചെയ്തിട്ടുള്ളത്. ഇന്നിപ്പം അവര് അങ്ങനെ പറഞ്ഞിട്ട് കാര്യമുണ്ടോ ? തിന്ന ചോറിന് നന്ദി കാണിക്കാത്തതിന് ഞങ്ങള്‍ എന്ത് പറയാനാണ്.

നിലവില്‍ ആന്റോ ജോസഫിന്റെ സിനിമയായ കിലോ മീറ്റേര്‍സ് ആന്റ് കിലോ മീറ്റേര്‍സിന് ഒ.ടി.ടി റിലീസ് അനുമതി ഫിയോക്ക് നല്‍കിയിട്ടുണ്ടല്ലോ, ചിത്രം ഈ ആഴ്ച ടി.വിയില്‍ റിലീസ് ചെയ്യാനും പോകുകയാണ്. സംഘടനയുടെ ഇരട്ടത്താപ്പ് ആണെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്

ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ലെറ്റര്‍ തന്നിട്ടുണ്ട്. പിന്നെ എ.ഡി.ജി.പിക്ക് അടക്കം നല്‍കിയ പരാതിയും നടപടിക്രമങ്ങളും പത്രങ്ങളില്‍ വ്ന്നിട്ടുള്ള വാര്‍ത്തകളും അദ്ദേഹം ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ആ പടത്തിന് ഒന്നും കിട്ടാത്ത അവസ്ഥ ഉണ്ടാവുമെന്ന് അദ്ദേഹം ഒരു ലെറ്റര്‍ മുഖാന്തിരം ഞങ്ങളെ അറിയിച്ചു. അതിനെ തുടര്‍ന്നാണ് ആന്റോ ജോസഫിന്റെ സിനിമയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം.

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന സിനിമ നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്യുകയാണെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു, അദ്ദേഹത്തിന് എതിരെയും നടപടിയുണ്ടാകുമോ ?

അദ്ദേഹം അങ്ങനെ ഒരു തീരുമാനം എടുത്ത് മുന്നോട്ട് പോകുകയാണെങ്കില്‍ തിയേറ്ററുകാരോട് ചോദിച്ച ശേഷം സംഘടനയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു.

അതില്‍ ഒന്നുകൂടി ഒരു ക്ലാരിറ്റി വരുത്തുകയാണ്, വളരെ കുറച്ച് താരങ്ങളാണ് മലയാളത്തില്‍ ഒരു ബ്രാന്റ് ആയി നില്‍ക്കുന്നത്, അപ്പോള്‍ അത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫിയോക്കിന് തന്നെ ഒരു വെല്ലുവിളി ആയിരിക്കില്ലെ ?

അങ്ങനെയുള്ള ആളുകള്‍ തിയേറ്ററുകളെ ഒഴിവാക്കി മറ്റുരീതിയില്‍ കൊടുക്കുമെന്ന് പ്രതീക്ഷയില്ല. ഇനി അങ്ങനെ പോകുകയാണെങ്കില്‍ തിയേറ്റര്‍ ഉടമകള്‍ എന്താണ് പറയുന്നത് അതിന് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കു. പിന്നെ അവര് തീരുമാനിക്കട്ടെ ഇത്തരത്തില്‍ തിയേറ്ററുകാര്‍ വേണോ വേണ്ടയോ എന്ന്

വിജയ് ബാബുവാണ് ആദ്യമായി മലയാളത്തില്‍ തന്റെ സിനിമ ഒ.ടി.ടി റിലീസ് ചെയ്തത്. അദ്ദേഹത്തിനെതിരെയും ഇത്തരത്തില്‍ നടപടികള്‍ ഉണ്ടാകുമോ ഫിയോക്കിന്റെ ഭാഗത്ത് നിന്ന് ?

വിജയ് ബാബു ഞങ്ങള്‍ക്ക് ഒരു കത്ത് തന്നിട്ടുണ്ട്. തന്റെ ഒരു സിനിമ മാത്രമാണ് ഒ.ടി.ടിക്ക് നല്‍കിയത്. ഇനിയുള്ള സിനിമകള്‍ തിയേറ്ററുകള്‍ക്ക് വേണ്ടിമാത്രമാണ്. ഈ സിനിമ വലിയ സിനിമയൊന്നും അല്ല എന്ന തരത്തില്‍. സംഘടനയുടെ ജനറല്‍ ബോഡിയില്‍ ഈ കത്ത് വെയ്ക്കുകയും പരിശോധിക്കുകയും ചെയ്യും.

നിലവില്‍ ചില സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് മാത്രമായി നിര്‍മ്മിക്കുകയും റിലീസിന് ഒരുങ്ങുകയും ചെയ്യുകയാണ്, ഖാലിദ് റഹ്മാന്റെ ലവ്, മഹേഷ് നാരായണന്റെ ഫഹദ് ചിത്രം സീ യു സൂണ്‍, ഇത്തരം സിനിമകളെ ഫിയോക്ക് എങ്ങിനെ കാണുന്നു ?

ഇത്തരത്തില്‍ ഒ.ടി.ടിക്ക് വേണ്ടി എടുക്കുന്ന സിനിമകള്‍ക്ക് ഞങ്ങള്‍ എതിരൊന്നുമല്ല. അതിനെ ഒന്നും തടസപ്പെടുത്താന്‍ പറ്റില്ല. ഇപ്പോള്‍ പലരും സീരിയലുകള്‍ എടുക്കുന്നുണ്ടല്ലോ അതിന് ഞങ്ങള്‍ എതിരല്ലല്ലോ, അതേ പോലെ തന്നെയാണ് ഇതും.

ഭാവിയില്‍ ഇതേ ആളുകള്‍ തിയേറ്ററുകള്‍ക്ക് മാത്രമായി സിനിമകള്‍ ചെയ്യുകയാണെങ്കില്‍ എന്തായിരിക്കും ഫിയോക്കിന്റെ നിലപാട് ?

അങ്ങനെയുള്ളവരെ നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ലല്ലോ, ഒരു സിനിമ തിയേറ്ററുകള്‍ക്കാണ് എന്ന് പറഞ്ഞു കൊണ്ട് എടുക്കുന്ന ഒരാള്‍ പിന്നെ അവസാന നിമിഷം ആവുമ്പോള്‍ മാറ്റി പറഞ്ഞാല്‍ എന്ത് ചെയ്യും. ഈ കൊവിഡ് പ്രശ്നം ഉണ്ടായപ്പോ ഞങ്ങളുടെ കൂടെ നിന്നവരെ അല്ലെ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുകയുള്ളു. ഇനി അങ്ങനെ ഒരു അവസരം വരികയാണെങ്കില്‍ അതിനെ കുറിച്ച് സംഘടനയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ഞങ്ങള്‍ തിയേറ്ററുകാരുടെ വെല്‍ഫയറിന് വേണ്ടി നില്‍ക്കുന്ന സംഘടനയാണ്.

സിനിമയിലെ മറ്റു സംഘടനകള്‍ ഫിയോക്കിന്റെ തീരുമാനത്തോട് എങ്ങിനെയാണ് പ്രതികരിച്ചത് ?

നിലവില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി വളരെ നല്ല രീതിയിലാണ് നില്‍ക്കുന്നത്. പിന്നെ ഫെഫ്ക്കയും അമ്മയുമായി ഒന്നും ഞങ്ങള്‍ ഡയറക്ട് ബന്ധമൊന്നും ഇല്ലല്ലോ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Interview with the General Secretary of FEUOK, organization of theater owners

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more