മനപൂര്‍വ്വം മുടി നശിപ്പിക്കല്ലേ!
Daily News
മനപൂര്‍വ്വം മുടി നശിപ്പിക്കല്ലേ!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th January 2015, 9:06 am

beautiful-girl-long-hair-wideമുടി കൊഴിച്ചില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും ആധിയാണ്. അതൊന്നു നിര്‍ത്താന്‍ എത്രവേണമെങ്കിലും മുടക്കാന്‍ തയ്യാറുമാണ്. എന്നാല്‍ പലപ്പോഴും മുടി കൊഴിച്ചിലുകള്‍ക്ക് കാരണമാകുന്നത് നമ്മുടെ അശ്രദ്ധയാണ്. എന്താണെന്നു പറയാം.

1. കുളികഴിഞ്ഞയുടന്‍ ചീപ്പെടുത്ത് മുടി ചീകുകയാണ് പലരുടെയും ശീലം. തിരക്കിനിടയിലും മറ്റും മുടി നന്നായി ഉണങ്ങാന്‍ പലരും കാത്തുനില്‍ക്കാറില്ല. എന്നാല്‍ നനഞ്ഞ മുടി ചീപ്പുകൊണ്ട് ചീകുന്നവര്‍ മുടി കൊഴിച്ചില്‍ ക്ഷണിച്ചു വരുത്തുകയാണ്. നനഞ്ഞ മുടി ചീകുമ്പോള്‍ മുടിയിഴകള്‍ പൊട്ടിപ്പോകാന്‍ സാധ്യത കൂടുതലാണ്.

2. മുടി തോര്‍ത്തുമ്പോള്‍ മൃദുവായി തോര്‍ത്തുക. വളരെ അമര്‍ത്തി തോര്‍ത്തുന്നത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും.

3. പല്ലുകള്‍ വിട്ടുവിട്ടുള്ള ചീപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതുവഴി ചീകുമ്പോള്‍ മുടി കൊഴിയുന്നത് കുറയ്ക്കാനാവും.

4. ചീപ്പ് ഇടയ്ക്കിടെ വൃത്തിയാക്കുക. അതില്‍ അഴുക്കു പിടിപെടാന്‍ ഇടയുണ്ട്. ഈ അഴുക്കും മുടി കൊഴിച്ചിലിനു കാരണമാകും.

5. തലയോട്ടിയെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ദിവസവും തലയില്‍ എണ്ണ പുരട്ടുകയും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റിനു വിധേയമാകുകയും ചെയ്യുക. ഇതും മുടി കൊഴിച്ചില്‍ തടയാന്‍ സാധിക്കും.

6. പലപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന ഷാമ്പു മുടി കൊഴിച്ചിലിനു കാരണമാകാറുണ്ട്. അതിനാല്‍ ശക്തികുറഞ്ഞ ഷാമ്പു തെരഞ്ഞെടുക്കുക.

7. ആരോഗ്യകരമായ മുടിയ്ക്ക് കൃത്യമായ ഡയറ്റ് ആവശ്യമാണ്. പ്രോട്ടീനുകള്‍, ഇരുമ്പ്, സിങ്, വിറ്റാമിന്‍ എ, ബി കോംപ്ലക്‌സ്, സി, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.