ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
കിസാന്‍ / ഡോ.പി.വി. മോഹനന്‍
ആസ്‌ത്രേലിയക്കാരുടെ “പറക്കാത്ത പക്ഷി” എന്നു പേരെടുത്ത എമു ഇന്ത്യയില്‍ വന്നിട്ട് പതിനഞ്ചു വര്‍ഷത്തിലധികമായിട്ടില്ല. 1996ല്‍ ആണ് ഇന്ത്യയില്‍ ആദ്യ എമുഫാം ആരംഭിച്ചത്. ഇപ്പോള്‍ 14 സംസ്ഥാനങ്ങളിലായി 900ലധികം എമുഫാമുകളുണ്ട്. ഇന്ത്യയില്‍ 1000ലധികം ആളുകള്‍ എമു വളര്‍ത്തുന്നു. ഇതെല്ലാംകൂടി ഇന്ത്യയില്‍ മൊത്തം 25000 എമുപക്ഷികളാണുള്ളത്. [] അടുത്ത വര്‍ഷം ഇത് 40000 ആയി വര്‍ദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എമു വളര്‍ത്തുന്നത് ആന്ധ്രാപ്രദേശിലാണ്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവ തൊട്ടു പിന്നിലുണ്ട്. എമുമുട്ടയ്ക്കും ഇറച്ചിക്കും, എണ്ണയ്ക്കും വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണ് ഈ മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിലും വിവിധ ജില്ലകളില്‍ ചെറിയ തോതിലെങ്കിലും എമുവിനെ വളര്‍ത്തുന്നുണ്ട്. ഈയടുത്ത കാലത്ത് കാര്‍ഷിക സര്‍വ്വകലാശാലയും എമുവിനെ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്തി തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എമു കര്‍ഷകരുള്ളത്.
o എമു വളര്‍ത്താന്‍ വലിയ അദ്ധ്വാനം വേണ്ട.
o തീറ്റയും വെള്ളവും കൊടുക്കലും കാഷ്ഠം നീക്കലുമാണ് പ്രധാന ജോലി.
o ദിവസം 2-3നേരം മുട്ട ശേഖരിക്കേണ്ടി വരും.
o ഒരാള്‍ക്ക് 100 എമുവിനെ പരിപാലിക്കാന്‍കഴിയും.
o ഉയര്‍ന്ന രോഗപ്രതിരോധശേഷിയുള്ള പക്ഷിയാണ് എമു.
o കോഴികളെ സാധാരണ ബാധിക്കുന്ന രോഗങ്ങളൊന്നും തന്നെ എമുവിനെ ബാധിക്കാറില്ല.
o എമു ഏത് കാലാവസ്ഥയിലും വളരും.
o പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് തണുപ്പിലും 52 ഡിഗ്രി ചൂടിലും എമു വളരും.
o മിശ്രഭോജിയായ എമു ഇലകള്‍, പച്ചക്കറിഅവശിഷ്ടങ്ങള്‍, പഴങ്ങള്‍, ചെറുപ്രാണികള്‍, പുഴുക്കള്‍ എന്നിവ ഭക്ഷിക്കും.
o ലേയര്‍ കോഴിത്തീറ്റ കൊടുത്തും എമുവളര്‍ത്താം.
o ആക്രമണസ്വഭാവം കുറഞ്ഞ പക്ഷിയാണ് എമു.
o പരിചയമായിക്കഴിഞ്ഞാല്‍ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും.
o 40 വര്‍ഷം വരെ ആയുസ്സുള്ള എമു നമ്മുടെ ഒരു ജീവിതകാലം മുഴുവന്‍ വളര്‍ത്താവുന്ന പക്ഷിയാണ്.
o 20 വര്‍ഷം വരെ ഉത്പാദനകാലവുമുണ്ട്.
o അതുകൊണ്ടുതന്നെ എമുവളര്‍ത്തല്‍ ഒരു ദീര്‍ഘകാല ബിസിനസ്സാണ്.
o എമു വളര്‍ത്താനും ഉത്പന്നങ്ങള്‍ വില്ക്കാനും വനം വകുപ്പിന്റെ അനുവാദം ആവശ്യമില്ല.
o 1972 ലെ വന്യജീവി സംരക്ഷണനിയമത്തില്‍ എമുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
o പൊതുജനങ്ങള്‍ക്ക് പരാതിയില്ലാത്ത സ്ഥലത്ത് ഫാം ആരംഭിക്കണം.
o തണലും നല്ല നീര്‍വാര്‍ച്ചയുമുള്ള സ്ഥലം തെരഞ്ഞെടുക്കണം.
o പ്രവേശന കവാടത്തില്‍ ഫൂട്ട് ഡിപ്പും അണുനാശിനി സംവിധാനവും ഉണ്ടാകണം.
o പുതുതായി കൊണ്ടുവരുന്ന പക്ഷികളെ പാര്‍പ്പിക്കാന്‍ നിരീക്ഷണഷെഡ്ഡ് പ്രധാനഷെഡ്ഡിന് ദൂരത്തായി പണിയണം.
o ശുദ്ധജലം കിട്ടുമെന്ന് ഉറപ്പുള്ള സ്ഥലത്തുവേണം ഫാം തുടങ്ങാന്‍.
o കുടിവെള്ളം ലാബില്‍ പരിശോധിപ്പിച്ച് മാരകമായ രാസപദാര്‍ത്ഥങ്ങളില്ലെന്ന് ഉറപ്പാക്കണം ഉദാ: ഫ്‌ളൂറൈഡ്.
o മറ്റ് പക്ഷികളെയൊന്നും എമുഫാമിനടുത്ത് വളര്‍ത്തരുത്.
o തീറ്റയും മരുന്നും ഉപകരണങ്ങളും മുട്ടയും സൂക്ഷിക്കാനുള്ള സ്റ്റോര്‍ മുറികള്‍ ഉണ്ടാകണം.
o ചത്തപക്ഷികളെ സംസ്‌കരിക്കാനോ മറവുചെയ്യാനോ സംവിധാനമുണ്ടായിരിക്കണം.
o മറ്റു മൃഗങ്ങളുടെ ശല്യമില്ലാതിരിക്കാന്‍ സംവിധാനമുണ്ടാകണം. ഉദാ: നായ, കീരി, കുറുക്കന്‍ എന്നിവ
o കുഞ്ഞുങ്ങളുടെ വില്‍പനയാണ് മുട്ടവില്‍പനയേക്കാള്‍ ലാഭം.
o എമുഫാം തുടങ്ങാന്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ലഭിക്കും.
o എമുഫാമിന് സാമ്പത്തിക സഹായം കൊടുക്കുവാന്‍ നബാര്‍ഡിന്റെ അംഗീകാരമുണ്ട്.
o ഫാം തുടങ്ങുന്നതിന് മുമ്പ് എമുവളര്‍ത്തലില്‍ പരിശീലനം ലഭിച്ചിരിക്കണം.
o കൂടാതെ ഏതെങ്കിലും എമുഫാം സന്ദര്‍ശിച്ച് അറിവുനേടുകയും വേണം.
o എമുവിനെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്‍ഷൂര്‍ ചെയ്യാം.
എമു കുഞ്ഞുങ്ങളെ 1-3 മാസം പ്രായത്തില്‍ വാങ്ങാം. ചെറുതായതിനാല്‍ കൊണ്ടുപോകാനും എളുപ്പം. എന്നാല്‍ പലപ്രായത്തിലുള്ള എമു പക്ഷികളെ വിപണിയില്‍ ലഭ്യമാണ്. 4-11 മാസം, 11-15 മാസം, 17-24 മാസം, 2വയസ്സിനുമുകളില്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള എമുവിനെ ലഭിക്കും. പ്രായം കൂടുതലുള്ളതിനെ വാങ്ങിയാല്‍ ഉടനെ മുട്ടയിടാന്‍ തുടങ്ങുമെങ്കിലും കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്.
o അന്തര്‍പ്രജനനം നടക്കാത്ത ഫാമില്‍ നിന്നു മാത്രമെ എമുവിനെ വാങ്ങാവൂ.
o കാലും കഴുത്തും നേരെയുള്ളതാവണം തിരിഞ്ഞുപോയതോ, വളവുള്ളതോ ഒഴിവാക്കുക.
o നഖം നേരെയും യഥാസ്ഥിതിയിലുള്ളതുമായിരിക്കണം.
o പിറകുവശം നേരെയുള്ളതാവണം.
o പിന്‍ഭാഗത്തിനു വളവുണ്ടായാല്‍ പ്രജനനം ബുദ്ധിമുട്ടാകും.
o കണ്ണുകള്‍ തിളക്കമുള്ളതും വൃത്തിയുള്ളതുമാകണം.
o അന്തര്‍പ്രജനനം നടന്ന ഫാമുകളില്‍ നിന്ന് ജോഡികളായിവാങ്ങരുത്.
o പൂവനെയും പിടയേയും വ്യത്യസ്തഫാമുകളില്‍ നിന്നു വാങ്ങുന്നതാണ് നല്ലത്.
o അമിതമായി മെലിഞ്ഞതും തടിച്ചതുമായ എമുപക്ഷികളെ വാങ്ങരുത്.
o വാരിയെല്ലിന്റെ ഭാഗത്ത് മ്മ ഇഞ്ചില്‍ കൂടുതല്‍ കൊഴുപ്പുണ്ടാകാന്‍ പാടില്ല.
o എമുവിന് നെഞ്ചിറച്ചി ഇല്ലാത്തതിനാല്‍ കൊഴുപ്പ് കണ്ടുപിടിക്കാന്‍ എളുപ്പമാണ്.
o നട്ടെല്ല് കൂടുതല്‍ വളഞ്ഞ പക്ഷികളെയും ഒഴിവാക്കണം.
o എമു നടക്കുമ്പോള്‍ നേരെ മുന്‍വശത്തുനിന്നും, പിറകുവശത്തു നിന്നും നിരീക്ഷിക്കുക. നടക്കുമ്പോള്‍ കാലുകള്‍ വശങ്ങളിലേക്ക് കൂടുതല്‍ നീട്ടുന്നുണ്ടെങ്കില്‍ അതു നന്നല്ല.
o അതു കൂടാതെ കഴുത്ത് ഏതെങ്കിലും ഒരു വശത്തേക്ക് നീങ്ങുന്നതും നല്ല ലക്ഷണമല്ല.
o കാഷ്ഠത്തില്‍ തവിട്ടുനിറമോ ചോരയോ കണ്ടാല്‍ കാഷ്ഠം പരിശോധിച്ച ശേഷംമാത്രമേ വാങ്ങാവൂ.
o ശാസ്ത്രീയമായ പ്രജനനപ്രകിയ നടപ്പിലാക്കുന്ന ഫാമുകളില്‍ നിന്നുമാത്രമെ എമുവിനെ വാങ്ങാവൂ.
o അതായത് അന്തര്‍പ്രജനനം നടക്കാത്ത ഫാമുകളില്‍ നിന്നുവേണം എമുവിനെ വാങ്ങിക്കുവാന്‍.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പക്ഷിയായതിനാല്‍ എമുവിന് കൂടുതല്‍ സ്ഥലം വേണം. എന്നാല്‍ ചെറിയ സ്ഥലത്തും ഇവയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകാറില്ല. വാണിജ്യാടിസ്ഥാനത്തില്‍ എമു വളര്‍ത്തുമ്പോള്‍ കുറഞ്ഞ സ്ഥലത്തു വളര്‍ത്തുന്നതാണ് ലാഭകരം. തീറ്റപരിവര്‍ത്തന ശേഷി കൂടുന്നതാണ് ഇതിനു കാരണം.
ഉത്പാദനമില്ലാത്ത (മുട്ടയിടാത്ത സമയം) 1-3 മാസങ്ങളില്‍ ഇവയ്ക്ക് കൂടുതല്‍ സ്ഥലം അനുവദിച്ചാല്‍ മറ്റ് എമുവിന്റെ കൂടെ കഴിയാനും, ഓടി നടന്ന് കായികക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കും. എമുക്കൂട്ടത്തില്‍ ഏതെങ്കിലും ഒന്ന് ഉപദ്രവം കാട്ടുന്നുവെങ്കില്‍ അതിനെ മാറ്റി ഒറ്റക്കിടണം.
ഓടിനടക്കാനുള്ള സ്ഥലത്ത് മരങ്ങളും കുറ്റിച്ചെടികളുമുണ്ടെങ്കില്‍ എമു പരസ്പരം ആക്രമിക്കുന്നത് കുറയും. ആദ്യമായി പ്രജനന പ്രായത്തിലെത്തുന്ന എമു പക്ഷികള്‍ ആണ് കൂടുതലായും പരസ്പരം ആക്രമിക്കാറുള്ളത്. ആക്രമണം അപകടകരമാകും മുമ്പ് തന്നെ ഇവയെ മാറ്റി പാര്‍പ്പിക്കണം.
പക്ഷികള്‍ക്ക് മുട്ടയിടാനും വിശ്രമിക്കാനും മഴയിലും വെയിലിലും നിന്ന് രക്ഷനേടാനും ഒരു ഷെല്‍ട്ടര്‍ വേണം. സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് പണിയുന്നതാണുത്തമം. ഷെല്‍ട്ടറിനു 2മ്മ മീറ്റര്‍ ഉയരം വേണം. ഇതിനകത്ത് വൈക്കോലോ ഉണങ്ങിയ ഇലകളോ വിരിച്ചിടാം. ഷെല്‍ട്ടറിനകത്ത് മുട്ടയിടാന്‍ ഇത് പ്രേരണയേകും.
മറ്റ് കൃഷിചെയ്യാന്‍ യോഗ്യമല്ലാത്ത സ്ഥലത്ത് എമുവിനെ വളര്‍ത്താം പാറക്കെട്ടുകളും ചെരിവുള്ള സ്ഥലവും കൂട്ടിന് അനുയോജ്യമാണ്. തുറന്നസ്ഥലത്തിന് ചുറ്റും 6 അടി ഉയരത്തില്‍ വേലി കെട്ടണം. വേലിയുടെ തൂണുകള്‍ വേലിക്കു പുറത്തു വരുംവിധം പണിയണം. കാരണം എമു ഓടുന്നതിനിടയില്‍ തൂണില്‍ ഇടിച്ച് അപകടം വരാന്‍ സാധ്യതയുണ്ട്.
എമുകുഞ്ഞുങ്ങളെ ആദ്യത്തെ ഒരാഴ്ച വളര്‍ത്താന്‍ ചെറിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാം. ഒരു കൂട്ടില്‍ 10 എമുക്കുഞ്ഞുങ്ങളെ വരെ വളര്‍ത്താം. കൂട്ടില്‍ ചൂടുകുറഞ്ഞാല്‍ ഇവ കൂട്ടം കൂടി നില്‍ക്കും. കൂടുതല്‍ എണ്ണമുണ്ടെങ്കില്‍ ഇത് പ്രായോഗികമല്ല. ഇതില്‍ വൈക്കോലോ, ഉണങ്ങിയ പുല്ലോ വിരിക്കണം. ഇവയെ വലിയ കൂട്ടിലേക്ക് മാറ്റുമ്പോള്‍ ഉപയോഗിച്ച പഴയ കൂട് നശിപ്പിക്കണം. ഓരോ ബാച്ചിനും പുതിയ കൂടുതന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.
കൂടുതല്‍ കുഞ്ഞുങ്ങളുണ്ടെങ്കില്‍ കോണ്‍ക്രീറ്റ് തറയുള്ള ഷെല്‍ട്ടറുകളില്‍ വളര്‍ത്താം. ഇതിനോട് ചേര്‍ന്ന് ഓടി ചാടി നടക്കാനുള്ള സ്ഥലം കൂടി കൊടുക്കണം. കോണ്‍ക്രീറ്റ് തറ അധികം മിനുസ്സമുള്ളതാകരുത്. കൂടാതെ തറയ്ക്ക് ചെറിയ ചെരിവു കൂടി വേണം. ഇത് കൂട് കഴുകുവാന്‍ സഹായിക്കും.
തണുപ്പു സമയം ബള്‍ബ് കത്തിച്ചു കൊടുക്കണം ചൂടാക്കാനുള്ള വൈദ്യുതി ലൈറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. തറ കോണ്‍ക്രീറ്റ് ചെയ്യുന്നില്ലെങ്കില്‍ മണ്‍തറയില്‍ പ്ലാസ്റ്റിക്ക് വിരിച്ച് അതില്‍ ചിന്തേര് പൊടി വിതറി അതിനുമീതെ വൈക്കോലോ, ഉണങ്ങിയ പുല്ലോ വിരിക്കണം. ഉണക്ക പുല്ല് ഇടയ്ക്കിടക്ക് ഇളക്കികൊടുക്കണം. ഇത് നനഞ്ഞ് ഉപയോഗശൂന്യമാകുന്ന മുറയ്ക്ക് പ്ലാസ്റ്റിക്കോടുകൂടി ചുരട്ടിയെടുക്കാവുന്നതാണ്.
എമു കുഞ്ഞുങ്ങള്‍ക്ക് 2-3 മാസം പ്രായമായാല്‍ 20-40 എണ്ണത്തെ ഒന്നിച്ച് കൂട്ടിലാക്കാം. ഇതിനായി 50ഃ100 അടി വിസ്തീര്‍ണ്ണം വേണം. വ്യത്യസ്തപ്രായത്തിലുള്ളവയെ ഒന്നിച്ചൊരു കൂട്ടിലാക്കരുത്.
കൂടുകളില്‍ റൊട്ടേഷന്‍ രീതി ഉപയോഗിക്കാം. കൂടുകളും ഓടിനടക്കാനുള്ള സ്ഥലവും പെട്ടെന്ന് വൃത്തികേടാക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും. ഉത്പാദന കാലത്ത് എമുവിനെ ചെറിയ കൂടുകളിലാക്കും. വലിയ കൂട് അടച്ചിടും. ഉത്പാദനമില്ലാത്ത കാലത്താകട്ടെ എമുവിനെ വലിയ കൂടുകളിലാക്കി ചെറുത് ഒഴിച്ചിടുകയുമാവാം.
കണ്ണൂര്‍ ആര്‍.എ.ഐ.സിയിലെ അസി. പ്രോജക്ട് ഓഫീസറാണ് ലേഖകന്‍
ഫോണ്‍ : 9447005040
കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം