ബ്ലാക്ക് ഫോറസ്റ്റ് ഉണ്ടാക്കാം
Delicious
ബ്ലാക്ക് ഫോറസ്റ്റ് ഉണ്ടാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2013, 5:36 pm

[]ബ്ലാക്ക് ഫോറസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നവരുടെ ശ്രദ്ധയ്ക്ക്, കുറച്ച് സാധനങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ക്കും സ്വന്തമായി ബ്ലാക്ക് ഫോറസ്റ്റ് ഉണ്ടാക്കാം.

ചേരുവകള്‍

മുട്ട – -6 എണ്ണം[]
ഉരുക്കിയ ബട്ടര്‍ –- 2 ടേബിള്‍സ്പൂണ്‍
പൊടിച്ച പഞ്ചസാര -– 1 കപ്പ്
മൈദ –- 1 കപ്പ്
കൊക്കോ പൗഡര്‍ -– 2 ടേബിള്‍സ്പൂണ്‍
ബേക്കിങ് പൗഡര്‍ -3/4 ടീസ്പൂണ്‍

ഫില്ലിങ്ങിനായി

വിപ്പിങ് ക്രീം –- 300 മില്ലി ലിറ്റര്‍
പഞ്ചസാര പൊടിച്ചത് -– 1/2 കപ്പ്
ചെറി –-നാലെണ്ണം

സിറപ്പുണ്ടാക്കാന്‍

പഞ്ചസാര -– 1/4 കപ്പ്
വെള്ളം –- 1/4 കപ്പ്
റം അല്ലെങ്കില്‍ ബ്രാന്‍ഡി –- 1 ടേബിള്‍സ്പൂണ്‍
ഗ്രേറ്റ് ചെയ്ത ചോക്കളേറ്റ്  കൊണ്ട് അലങ്കരിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം

ആദ്യം ചോക്കളേറ്റ് സ്‌പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ഒരു കപ്പ് മൈദയില്‍നിന്നും 3 ടേബിള്‍സ്പൂണ്‍ മാറ്റി പകരം 3 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത് 3/4 ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ത്തരിക്കുക.

ഇതില്‍ 3 മുട്ട മഞ്ഞ വേര്‍തിരിച്ച് അടിച്ചെടുക്കുക. ഇതില്‍ പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ബിറ്റ് ചെയ്തതിന് ശേഷം ബട്ടര്‍ ഉരുക്കിയതും ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യുക. മുട്ടയുടെ വെള്ള ഒരു പാത്രത്തില്‍ പതിനഞ്ച് മിനിട്ട് നന്നായി ബീറ്റ് ചെയ്യുക.

ഇതില്‍ നേരത്തേ അടിച്ചുവെച്ച മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേര്‍ക്കുക. അധികം ഇളക്കാതെ വേണം ഫോള്‍ഡ് ചെയ്യാന്‍. ഇതിനകത്തേക്ക് മൈദ, കൊക്കോപൗഡര്‍, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്തരിച്ചുവച്ചതും ചേര്‍ത്ത് ഫോള്‍ഡ് ചെയ്യുക.

മയപ്പെടുത്തിയ പാത്രത്തിലേക്ക് ഈ കൂട്ട് ഒഴിച്ച് ഓവനില്‍ 25 മിനിട്ട് വെക്കുക. ഓവന്‍ 1900 പ്രീ ഹീറ്റ് ചെയ്തിരിക്കാനും ശ്രദ്ധിക്കണം.

ഇനി കുറച്ച് വലിയ പാത്രം എടുത്ത് അതില്‍ ഐസ്‌ക്യൂബ് ഇടുക. ഇതിനുളളില്‍ വിപ്പിങ് ക്രീം ഒഴിച്ച മറ്റൊരു പാത്രം വെച്ച് നന്നായി ബീറ്റ് ചെയ്യുക. ആദ്യം സാവധാനത്തിലും പിന്നെ ശക്തിയായും വേണം ബീറ്റ് ചെയ്യാന്‍. ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ത്ത് പത വരുന്നത് വരെ ബീറ്റ് ചെയ്യുക.

ഇതിനിടയില്‍ തന്നെ പഞ്ചസാരയും വെള്ളവും ചൂടാക്കി അലിയിച്ചെടുത്ത മിശ്രിതത്തില്‍ അല്‍പ്പം ബ്രാന്‍ഡിയോ റമ്മോ ചേര്‍ത്ത് ഇളക്കുക. ഇതൊരു സ്‌പ്രേയറില്‍ ഒഴിച്ച് വെക്കാം.

വട്ടത്തില്‍ പൊതിഞ്ഞ് വെച്ച തടിക്കഷണത്തില്‍ നേരത്തേ തയ്യാറാക്കിയ സ്‌പോഞ്ച് കേക്ക് മൂന്ന് കഷണങ്ങളാക്കി മുറിച്ച് കേക്കിന്റെ ഏറ്റവും അടിയിലായി ഷുഗര്‍ സിറപ്പ് തേച്ച് വെക്കുക. ഇത് ഐസിങ് ചെയ്യുന്ന സ്റ്റാന്‍ഡില്‍ വയ്ക്കുക.

ഇതിന് മുകളിലായി വിപ്പ് ചെയ്തുവച്ചിരിക്കുന്ന ക്രീം കുറച്ച് തേച്ചതിനുശേഷം ചെറി അരിഞ്ഞതും നിരത്തുക. അതിന് മുകളില്‍ നടുഭാഗത്ത് കക്കിന്റെ ഭാഗം എടുത്ത് ഷുഗര്‍ സിറപ്പ് തളിച്ചശേഷം ഇതിനു മുകളിലായിവച്ചിട്ട് വീണ്ടും ക്രീം തേച്ചതിനുശേഷം കഷണങ്ങളാക്കിയ ചെറിയും നിരത്തുക.

ഏറ്റവും മുകളിലത്തെ കേക്കിന്റെ ഭാഗം എടുത്ത് ഷുഗര്‍ സിറപ്പ് തളിച്ച് ഏറ്റവും മുകളിലായി അതുവച്ചശേഷം വിപ്പ്‌ചെയ്ത ക്രീം കേക്കില്‍ മുഴുവനായി തേച്ചുപിടിപ്പിക്കുക. കുറച്ച് വിപ്പിങ് ക്രീം എടുത്ത് ഐസിങ് ബാഗിലിട്ട് സ്റ്റാര്‍ നോസില്‍വച്ച് വശങ്ങളില്‍ മുകളിലും താഴെയും പൈപ്പ് ചെയ്യുക.

അവസാനം ഗ്രേറ്റ് ചെയ്ത ചോക്കളേറ്റ് മുകളില്‍ വിതറുക.