| Tuesday, 8th December 2020, 8:20 pm

'ആലൂ പറാത്ത എങ്ങനെയുണ്ടാക്കാം? ബി.ജെ.പി ഉറപ്പായും ഇത് ചെയ്ത് നോക്കണം'; പരിഹാസവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം 13ാം ദിവസവും ശക്തമായി മുന്നേറുകയാണ്. ഇതിനിടയില്‍ ബി.ജെ.പിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ബി.ജെ.പിക്കുള്ള റെസിപ്പികള്‍ എന്ന് ഹാഷ്ടാഗിട്ടാണ് കോണ്‍ഗ്രസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘ആലൂ പറാത്ത ഉണ്ടാക്കുന്ന വിധം എങ്ങനെ? ഗോതമ്പ് തരുന്നതിന് ആദ്യം നമുക്ക് കര്‍ഷകര്‍ക്ക് നന്ദി പറയാം,’ എന്ന് തുടങ്ങുന്ന പോസ്റ്റാണ് പാര്‍ട്ടി പങ്കുവെച്ചിരിക്കുന്നത്. ബി.ജെ.പി ഇത് എന്തായാലും ശ്രമിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഇടതുപാര്‍ട്ടികള്‍, എന്‍.സി.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, ടിആര്‍എസ് തുടങ്ങി നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇന്ന് കര്‍ഷക പ്രതിനിധികള്‍ അമിതാഷായുമായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. നിയമം പിന്‍വലിക്കുക എന്നതിലപ്പുറം ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ ഇന്നത്തെ യോഗത്തില്‍ അമിത് ഷായോട് ആവശ്യപ്പെടുമെന്ന് കര്‍ഷക നേതാവ് രുദ്രു സിംഗ് മന്‍സ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍ ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെയും ചത്തീസ്ഗഡ് പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പിലാണ് പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How to make aloo paratha? congress shares the recipe for BJP to try amid farmers protest

We use cookies to give you the best possible experience. Learn more