| Wednesday, 25th March 2020, 4:26 pm

'ശാരീരിക അകലം പാലിക്കേണ്ടതിന്റെ കേരള മോഡല്‍'; കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കടയിലെ ചിത്രം പങ്കുവെച്ച് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും അത്യാവശ്യം ശാരീരിക അകലവും സാമൂഹ്യ അകലവും പാലിക്കുക എന്നതാണ്. ആറടി അകലമെങ്കിലും പാലിച്ചുമാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാരുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നുമുണ്ട്.

വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കേരളം സമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പല മാതൃകകളും കാണിച്ചു നല്‍കിയിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ കൃത്യമായ അകലം പാലിച്ചുകൊണ്ട് ആളുകള്‍ നില്‍ക്കുന്ന ചിത്രമായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

‘പ്രസിദ്ധമായ കേരള മോഡല്‍ ഇവിടേയും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പടം കൃത്യമായ അകലത്തില്‍ ഒരുക്കിയും സര്‍ക്കാര്‍ മാതൃക കാട്ടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന ഒരു ചിത്രം ഒരു റേഷന്‍കടയിലേതാണ്. കടയ്ക്കുള്ളിലേക്ക് കയറി നിന്ന് ആളുകള്‍ അരി വാങ്ങുന്നതിന് പകരം കടയ്ക്കുള്ളിലെ മേശയ്ക്ക് മുകളില്‍ ഒരു പ്ലാസ്റ്റിക് പൈപ്പ് ഫിറ്റ് ചെയ്ത് ഉപഭോക്താവിന് അതിലൂടെ അരി സഞ്ചിയില്‍ നല്‍കുന്ന റേഷന്‍ കടയുടമയുടേയും ഉപഭോക്താവിന്റേയും ചിത്രമായിരുന്നു അത്.

ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

‘അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയും ഉപഭോക്താവും തമ്മിലുള്ള ശാരീരിക അകലം എങ്ങനെ നിലനിര്‍ത്താം, കേരള മോഡല്‍! ‘എന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതെല്ലാം പുതിയ തരം കണ്ടുപിടുത്തങ്ങളാണെന്നും കേരളക്കാര്‍ക്ക് മാത്രമേ ഇതെല്ലാം സാധിക്കുള്ളൂവെന്നുമാണ് ചിലരുടെ പ്രതികരണം. അതേസമയം കടയുടമ മാസ്‌ക്ക് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more