| Wednesday, 20th March 2019, 1:17 am

ഓഫീസ് യാത്രകള്‍ ആയാസരഹിതമാക്കാം ആരോഗ്യം വീണ്ടെടുക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരുപത്തിയഞ്ചിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള,ഏണിങ് പോപ്പുലേഷനില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് യാത്രകള്‍. ജോലിസ്ഥലത്തേക്ക് ട്രെയിനിലോ ,ബസിലോ വലിഞ്ഞു കയറി ദീര്‍ഘദൂരം താണ്ടിയുള്ള ഈ യാത്രകള്‍ നമ്മുടെ ആരോഗ്യത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നു. യാത്രയുടെ ദോഷഫലങ്ങള്‍ വളരെ സാവധാനം മാത്രമാണ് സംഭവിക്കുക. അതുകൊണ്ട് തന്നെ പലരും ശരീരം പിടുത്തം വിടുന്ന വേളയിലാണ് ഇത് തിരിച്ചറിയുക.

കഴുത്ത് വേദന,അമിതവണ്ണം,ഉറക്കകുറവ്,നടുവേദന, ഹൃദ്‌രോഗങ്ങള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിങ്ങനെ പോകുന്നു പ്രത്യാഘാതങ്ങള്‍. യാത്രയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ പഠിക്കാനായി വിദേശരാജ്യങ്ങളില്‍ ട്രാവല്‍ ഹെല്‍ത്ത് എന്ന സംവിധാനം തന്നെയുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതൊന്നും ആരും മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാല്‍ ഒരുനിമിഷം ശ്രദ്ധിച്ചാല്‍ ഈ യാത്രകള്‍ ആരോഗ്യത്തിനും മനസിനും ആനന്ദകരമാക്കി മാറ്റുവന്‍ സാധിക്കും.

യാത്രകളില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍

1. നിങ്ങള്‍ കാറിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഒരു കാല്‍ വെച്ച് കുനിഞ്ഞ് കയറുന്ന രീതി ഉപേക്ഷിക്കുക. പകരം ഡ്രൈവറുടെ സീറ്റിന് നേരെ തിരിഞ്ഞുകൊണ്ടു തന്നെ ഇരുന്ന ശേഷം രണ്ട് കാലുകളും കയറ്റിവെക്കുക. ഇത് നട്ടെല്ലിന്റെ ആയാസം കുറയ്ക്കുന്നു

2. ബസിലുള്ള യാത്രയാണെങ്കില്‍ ദീര്‍ഘസമയം കമ്പിയില്‍ പിടിച്ചുതൂങ്ങിയായിരിക്കും പലപ്പോഴും പോകുന്നത്. ഇത് കൈയ്ക്കും ചുമലിലെ എല്ലുകള്‍ക്കും വേദന നല്‍കുന്നു. ഇടക്കിടെ കൈ താഴ്ത്തുകയും തോള്‍ എല്ലുകള്‍ വട്ടംകറക്കുകയും ചെയ്യുക. ഇത് പേശികള്‍ അയയാന്‍ സഹായിക്കും

3. ദീര്‍ഘനേരം ഇരുന്നുള്ള യാത്രകള്‍ കാലുകള്‍ കോച്ചിപ്പിടിക്കുന്നു. ഇത് കുറയ്ക്കാന്‍ കാല്‍വിരലുകള്‍ തറയില്‍ അമര്‍ത്തിവെച്ച് ഉപ്പൂറ്റി ഉയര്‍ത്തുക. ശേഷം ഉപ്പൂറ്റി ഉയര്‍ത്തി കാല്‍വിരലുകള്‍ ഉയര്‍ത്തുക. ഇത് രക്തപ്രവാഹം വര്‍ധിപ്പിക്കുകയും കാല്‍വേദന തടയുകയും ചെയ്യും

4. ഇനി വാഹനം നിങ്ങളാണ് ഓടിക്കുന്നതെങ്കില്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ പേഴ്‌സ് വെയ്ക്കുന്ന ശീലം ഉപേക്ഷിക്കുക. ഇടുപ്പിന്റെ ഒരുഭാഗം ഉയര്‍ന്നുനിന്നാല്‍ നട്ടെല്ലിന് ആയാസമുണ്ടാക്കും.

5. സീറ്റില്‍ ചാരുന്ന ഭാഗത്ത് കുഷ്യന്‍ വെച്ച് യാത്ര ചെയ്യാം. നട്ടെല്ലിന് വേദനയുണ്ടാകില്ല

6. ഇരുചക്ര വാഹനത്തിലെ യാത്രക്കാരാണെങ്കില്‍ ഹെല്‍മറ്റും,കാര്‍ യാത്രികരാണെങ്കില്‍ സീറ്റ് ബെല്‍റ്റും നിര്‍ബന്ധമായി ധരിക്കണം.
7.സഞ്ചരിക്കുന്ന ദിശയില്‍ നിന്ന് പിന്തിരിഞ്ഞിരിക്കാതിരിക്കുക.
8. ഛര്‍ദ്ദി സാധ്യതയുള്ളവര്‍ യാത്രയില്‍ വായിക്കരുത്.

We use cookies to give you the best possible experience. Learn more