പ്രണയവും പ്രണയ നഷ്ടവും എങ്ങനെ ആസ്വദിക്കാമെന്ന് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്ന് കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കാട. ‘എന്നെങ്കിലും വീണ്ടുമെവിടെ വെച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം’ എന്നുള്ളത് പോലെ ഒരു വാക്ക് പറഞ്ഞ് പിരിയാനുള്ള ആരോഗ്യം നമ്മുടെ മക്കള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അല്ലാതെ പിരിയുന്ന സമയത്ത് പെട്രോളൊഴിച്ച് കൊല്ലുന്ന അവസ്ഥയിലേക്ക് നമ്മുടെ മക്കള്‍ മാറരുതെന്നും കവി കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രേണുക എന്ന കവിതയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയത്തിന്റെ പേരിലുണ്ടാകുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും പ്രണയത്തിന്റേയോ പ്രണയ നഷ്ടത്തിന്റെയോ കുറ്റമല്ലെന്നും പ്രണയിക്കുന്നവന് ‘പ്രണയാരോഗ്യം’ ഇല്ലാത്തത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രണയ നഷ്ടത്തെ ആസ്വദിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് പറയുന്ന ആളാണ് താനെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു.
രേണുക എന്റെ കവിതകളില്‍ താരതമ്യേന കൂടുതല്‍ ആളുകളുടെ ഹൃദയത്തിലേക്ക് എത്തുന്ന കവിതയാണ്. അവനവന്റെ ഹൃദയത്തിലുള്ള ഒരു കാര്യത്തെ മറ്റൊരാള്‍ വേറൊരര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് തന്റേതാണെന്ന ഒരു തോന്നലുണ്ടാകുന്നു. അപ്പോഴാണ് അത് നമ്മുടേത് കൂടിയാകുന്നത്. രേണുക എന്ന കവിതയെ സ്വന്തം കവിതയായി കാണുകയാണ് എല്ലാവരും. അതിനകത്ത് ഏതോ ഒരു വാക്കോ വരിയോ തന്റേത് കൂടിയാണ് എന്ന ഒരു തോന്നലുള്ളത് കൊണ്ടുകൂടിയാണത്.
നഷ്ടപ്രണയ ബോധങ്ങളുടെ ഒരു കണ്‍സോളിഡേഷനാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കുമുള്ളത് പോലെ ഒരു പാട് നഷ്ട പ്രണയ ബോധങ്ങള്‍ എനിക്കുമുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതാണെന്നും പലരുടേയും ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്തതാണെന്നും പറയാം.
‘പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ് ഒഴുകിയകലുന്നു നാം പ്രണയശൂന്യം, ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ വറ്റി വറൂതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍, ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം, എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്കു മാത്രം’ ഇങ്ങനെയൊരു വാക്ക് പറഞ്ഞ് പിരിയാനുള്ള ആരോഗ്യം നമ്മുടെ മക്കള്‍ക്കുണ്ടാകണം.
അല്ലാതെ പിരിയുന്ന സമയത്ത് പെട്രോളിച്ച് കൊലപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാനസികാരോഗ്യം ഇല്ലാത്തവരായി നമ്മുടെ മക്കള്‍ മാറാന്‍ പാടില്ല. ഒരു വേര്‍പെടലുണ്ടായിക്കഴിഞ്ഞാല്‍ ‘ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം’ എന്ന് പരസ്പരം പറഞ്ഞ് പിരിയാനുള്ള പ്രണയാരോഗ്യം നമ്മുടെ മക്കള്‍ക്കുണ്ടാകണം.
അതില്ലാത്തത് കൊണ്ടാണ് അടുത്ത കാലത്ത് നാം തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കണ്ടത് പോലെയുള്ള സംഭവങ്ങളുണ്ടായത്. നിഷ്‌കളങ്കയായ ഒരു മോളെ പോലും കൊലപാതകത്തിലേക്ക് കൊണ്ടുവരുന്നു പ്രണയത്തിന്റെ പേരില്‍. ഇതെന്നും പ്രണയത്തിന്റെയോ പ്രണയ നഷ്ടത്തിന്റെയോ കുറ്റമല്ല. പ്രണയിക്കുന്നവന് പ്രണയാരോഗ്യമില്ലാത്തിന്റെ കുറ്റമാണ്.
പ്രണയ നഷ്ടത്തെ ആസ്വദിക്കുവാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അത് കൊണ്ട് പാഠപുസ്തകത്തില്‍ പ്രണയം ഒരു ചാപ്റ്ററായി പഠിപ്പിക്കണം, പ്രണയ നഷ്ടം എങ്ങനെ ആസ്വദിക്കാമെന്ന് മറ്റൊരു ചാപ്റ്ററായും പഠിപ്പിക്കണം,’ മുരുകന്‍ കാട്ടാക്കട പറഞ്ഞു.
content highlights: How to enjoy love and love loss should be included in the textbook: Murugan Kattakkada