എസ്.ബി.ഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ബാങ്ക് നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. വിവിധ സംഘടനകളും പാര്‍ട്ടികളും പൊതു മേഖലാ ബാങ്ക് നയം പകല്‍ കൊള്ളയെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ച് ബാങ്ക് രംഗത്തെത്തിയിട്ടുണ്ട്. തെറ്റായി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. തങ്ങളുടെ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നെന്നും ബാങ്ക് പറയുന്നു. എന്നാല്‍ ഇതിനു മുന്നേ തന്നെ ഇനി ബാങ്കിലേക്കില്ലെന്ന നിലപാട് പലരും സ്വീകരിച്ച് കഴിഞ്ഞിരുന്നു.
എന്നാല്‍ എസ്.ബി.ഐ അക്കൗണ്ട് എങ്ങിനെ ക്ലോസ് ചെയ്യാമെന്നോ ചെയ്യുമ്പോഴും തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ കാശ് നല്‍കേണ്ടി വരുമോ തുടങ്ങി നിരവധി സംശയയങ്ങളാണ് പലര്‍ക്കും ഉള്ളത്. എങ്ങിനെയാണ് തങ്ങളുടെ എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യുകയെന്ന് നോക്കാം.
എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാനായി ഉപഭോക്താവ് നേരിട്ട് ബാങ്കില്‍ പോയി അപേക്ഷ നല്‍കുകയാണ് വേണ്ടത്. ഓണ്‍ലൈനായി അക്കൗണ്ട് അവസാനിപ്പിക്കാനുള്ള സംവിധാനം നിലവിലില്ല. സാലറി അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും ക്ലോസ് ചെയ്യുന്നത് ഒരേ രീതിയില്‍ തന്നെയാണ്.
എസ്.ബി.ഐ അക്കൗണ്ട് ഒരിക്കല്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ പിന്നീടത് വീണ്ടും തുടങ്ങാന്‍ സാധിക്കുകയില്ല. അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പോകുന്നതിന് മുമ്പ് തന്നെ ബാലന്‍സ് സീറോ ആക്കേണ്ടതുണ്ട്. പണം അടക്കാനുണ്ടെങ്കില്‍ അടച്ചുതീര്‍ത്ത് ബാങ്കിന്റെ സ്റ്റേറ്റ്മെന്റ് കയ്യില്‍ സൂക്ഷിക്കേണ്ടതുമാണ്.
അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷാ ഫോം എസ്.ബി.ഐയുടെ സൈറ്റില്‍നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഫോം ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, ഫേണ്‍ നമ്പര്‍, ബാക്കി ബാലന്‍സ് എന്തെങ്കിലും ഉണ്ടെങ്കില്‍ അതെങ്ങനെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. ക്യാഷായോ, ചെക്കായോ, ഡി ഡി ആയോ, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തോ ബാക്കി തുക കൈപ്പറ്റാവുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം ക്ലോസ് ചെയ്ത അക്കൗണ്ടുമായി ബന്ധപ്പെട്ട ചെക്ക് ബുക്ക്, പാസ്ബുക്ക്, എ.ടി.എം കാര്‍ഡ് എന്നിവയും തിരിച്ചേല്‍പ്പിക്കണം. ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന അക്കൗണ്ടിന്റെ ഉടമ താന്‍ തന്നെയാണോയെന്ന് തെളിയിക്കാന്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകളും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം.
You must read this ‘കണ്ടറിഞ്ഞതൊന്നും സത്യമല്ല, പഞ്ച പാവമാണ് ഈ വില്ലന്‍’; കരയിക്കുന്ന സിനിമകള്‍ പോലും കാണാത്ത റാണാ ദഗുപതി
അക്കൗണ്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് തന്നെ തിരിച്ചറിയലിനായ് നല്‍കേണ്ടി വരും.
അപേക്ഷ സമര്‍പ്പിച്ചശേഷം അക്കൗണ്ട് അവസാനിച്ചോയെന്നും പരിശോധിക്കണ്ടതായിട്ടുണ്ട്. അക്കൗണ്ട് അവസാനിച്ചതായി ഇമെയിലായോ ഫോണിലോ അറിയിപ്പ് ലഭിക്കുന്നതാണ്. അറിയിപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ 1800112211 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാം.
തങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാനും എസ്.ബി.ഐ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ദിവസം വരെയുള്ള അക്കൗണ്ടുകള്‍ക്ക് ക്ലോസിങ് ചാര്‍ജ് നല്‍കേണ്ടതില്ല. അതിന് ശേഷമുള്ള വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് 500 രൂപയാണ് നികുതി ഈടാക്കുന്നത്. കമ്പനി അക്കൗണ്ടുകള്‍ക്ക് 1000 രൂപയാണ് നികുതി.