2019ല്‍ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. നാടെങ്ങും പതിയ തെരഞ്ഞെടുപ്പ് ചൂട് വന്നുതുടങ്ങി. വിവിധ പാര്‍ട്ടിക്കാര്‍ യാത്രകളും തെരഞ്ഞെടുപ്പ് പദ്ധതികളും സീറ്റ് ചര്‍ച്ചകളും ഇപ്പോഴെ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.
നമ്മളില്‍ പലരും ആര് അധികാരത്തില്‍ വരണം ആര്‍ക്ക് വോട്ട് ചെയ്യണമെന്നെല്ലാം ധാരണകള്‍ ഉണ്ടാകും. പക്ഷേ വോട്ടിംഗ് പ്രായമായിട്ടും പട്ടികയില്‍ പേരില്ലെങ്കിലോ. കാര്യം തെരഞ്ഞെടുപ്പ് നടക്കുകയും വിജയി ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പൗരന്റെ വിലയേറിയ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വരും. അതിനിടയ്ക്ക വല്ല ഇടക്കാല തെരഞ്ഞെടുപ്പും വന്നാലായി.
എന്നാല്‍ പണ്ടത്തെ പോലെ തെരഞ്ഞെടുപ്പ് അടുക്കുവോളം കാത്തിരിക്കേണ്ട വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍. മറ്റാരുടെയും സഹായമില്ലാതെ വളരെ എളുപ്പത്തില്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നമുക്ക് ചെക്ക് ചെയ്യാം, അതും ഓണ്‍ലൈന്‍ ആയി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദീകരിച്ചത്. കഴിഞ്ഞ നവംബര്‍ 15 വരെ പേരു ചേര്‍ക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റംവരുത്തിയുമുള്ള പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ തങ്ങളുടെ പേരു ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാം. പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നുവരെ പട്ടികയില്‍ പേരു ചേര്‍ക്കാനാകും. ഇനി എങ്ങിനെയാണ് പട്ടിക ഓണ്‍ലൈന്‍ ആയി പരിശോധിക്കുന്നതെന്ന് നോക്കാം.
ആദ്യം നിങ്ങളുടെ സെര്‍ച്ച് ബ്രൗസറില്‍ Electoralsearch.In എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക. വരുന്ന റിസല്‍ട്ടുകളില്‍ നിന്ന് ECI : Voter Information എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് സൈറ്റില്‍ പ്രവേശിക്കാം.
തുടര്‍ന്ന് രണ്ട് വിന്‍ഡോ കാണാം. അതില്‍ ഒന്ന് നമ്മുടെ വിവരങ്ങള്‍ കൊടുത്ത് വോട്ടേര്‍സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് കാണാന്‍ കഴിയുന്നതാണ്. രണ്ടാമത്തേത് തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കി കണ്ടെത്തേണ്ടതാണ്.
ആദ്യ വിന്‍ഡോയില്‍ പേര് , വയസ്, അച്ഛന്റെ/ഭര്‍ത്താവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം തുടങ്ങിയവ നല്‍കിയാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് അറിയാം.
ഇനി തുറന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ വിവരങ്ങള്‍ ഉണ്ടാകും ഇത് പ്രിന്റ് ചെയ്ത് വെയ്ക്കാം. ഇനി നിങ്ങളുടെ പേര് ഇല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയി തന്നെ വിവരങ്ങള്‍ നല്‍കാനും പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാനും കഴിയും. അത് കൊണ്ട് എത്രയും പെട്ടന്ന് ലിസ്റ്റില്‍ പേരുണ്ടോ എന്ന് നോക്കിക്കോ……..
DoolNews Video