| Friday, 18th July 2014, 10:56 pm

മഴയിലും മുടി തിളങ്ങാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മഴ തകര്‍ത്ത് പെയ്യുമ്പോള്‍ മൊഞ്ചത്തികള്‍ക്ക് ടെന്‍ഷന്‍ ഏറുകയാണ്. പൊന്നു പോലെ കാത്തുസൂക്ഷിച്ച മുടി മഴ നനഞ്ഞ് ആകെ നാശമാവുന്നു. താരനും കായയും മുടികൊഴിച്ചിലുമൊക്കെയായി ആകെ പ്രശ്‌നം തന്നെ..

ഇതെങ്ങനെ പരിഹരിക്കുമെന്നാണോ? മഴക്കാലത്തെയറിഞ്ഞ് ഒരല്പം കരുതലും പരിചരണവും മുടിക്ക് നല്‍കിയാല്‍ മതി.

മഴക്കാലത്ത് മറ്റുകാലത്തേക്കാള്‍ മൂന്നിരട്ടി മുടി കൊഴിയുവാന്‍ സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ വെച്ചാല്‍ ഈ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാം. പോഷകഗുണമുള്ള ആഹാരം കഴിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. കശുവണ്ടി, ബദാം, ഇലക്കറികള്‍, പപ്പായ, ഗോതമ്പ്, സോയ ബീന്‍ തുടങ്ങി വിറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നത് മുടിയുടെ കരുത്ത് വര്‍ധിപ്പിക്കും.

ആഴ്ചയിലൊരിക്കലെങ്കിലും ഇളം ചൂടുള്ള വെളിച്ചെണ്ണ തലയില്‍ തടവുന്നത്  താരനകറ്റും. കറ്റാര്‍വാഴ ഇടിച്ച് പിഴിഞ്ഞ് തലയില്‍ നന്നായി തേച്ചു പിടിച്ചാല്‍ മുടി കൊഴിച്ചില്‍ കുറയും. ചുവന്നുള്ളിയും തുളസിയും ഇടിച്ച് കായുള്ള മുടിയില്‍ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ആവണക്കെണ്ണ തേച്ച് മസാജ് ചെയ്യുക. ഒരു ചെറിയ സ്പൂണ്‍ ആവണക്കെണ്ണ, ഗ്ലിസറിന്‍, വിനാഗിരി എന്നിവ ചേര്‍ത്തു തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ തടയും.

ദിവസവും ഒരു തവണയെങ്കിലും മുടിയില്‍ ആവികൊള്ളിയ്ക്കുന്നത് മഴകാലത്തു ഗുണം ചെയ്യും. ടവല്‍ ചൂടുവെള്ളത്തില്‍ നനച്ച് മുടിയില്‍ കെട്ടുകയോ, സുഗദ്ധദ്രവ്യങ്ങള്‍ കൊണ്ടുള്ള പുക കൊള്ളിയ്ക്കുകയോ ചെയ്യാം.

ഉറങ്ങുമ്പോള്‍ തലമുടി അയച്ചു കെട്ടുന്നതാണ് മുടി പൊട്ടുന്നത് ഒഴിവാക്കാന്‍ നല്ലത്. എണ്ണമയമുള്ള ശിരോചര്‍മ്മം മഴക്കാലത്തെ വലിയ പശ്‌നമാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല പതിവായി കഴുകിയാല്‍ എണ്ണമയം അകലും. മുടി ബലം കുറഞ്ഞ് പൊട്ടിപോകുന്നത് തടയാനും ഇത് നല്ലതാണ്.

ഹെയര്‍ ക്രീമുകളുംഹെയര്‍ സ്‌പ്രെ, ഹെയര്‍ ജെല്‍ എന്നിവ പുരട്ടുന്നവര്‍ രാത്രിയില്‍ അതുകഴുകി കളയാന്‍ മറക്കരുത്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജെല്ലുകളും ഒഴിവാക്കുക. കായ ഇല്ലാതാവാന്‍ മുടി ഉണങ്ങിയ ശേഷം മാത്രം കെട്ടിവയ്ക്കുക.

ഇനി ധൈര്യമായി ഇഷ്ടമുള്ള ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചോളൂ…

We use cookies to give you the best possible experience. Learn more