| Friday, 19th February 2016, 9:26 am

സ്‌നാപ്ഡീലിന് കിട്ടിയ മുട്ടന്‍ പണി- 28,999 രൂപയുടെ ഐഫോണ്‍ ബിടെക് വിദ്യാര്‍ത്ഥി സ്വന്തമാക്കിയത് വെറും 68 രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചാബ് സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ത്ഥിയായ നിഖില്‍ ബന്‍സാലിനാണ് ഈ ഭാഗ്യമുണ്ടായത്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ സ്‌നാപ്ഡീലില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ കണ്ടാണ് നിഖില്‍ 68 രൂപയ്ക്ക് ഫെബ്രുവരി 12ന് ഐഫോണ്‍ 5 എസ് ഓര്‍ഡര്‍ ചെയ്തത്. അതായത് 28,999 രൂപയുടെ സ്മാര്ട് ഫോണ്‍ വെറും 68 രൂപയ്ക്ക്

ഐഫോണ്‍ 5 എസിന് 99.7 ശതമാനം ഡിസ്‌കൗണ്ടാണ് നിഖില്‍ കണ്ടത്. സമയം പാഴാക്കാതെ തന്നെ നിഖില്‍ അതിന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍  ഫോണിന് നല്‍കിയ ഓഫര്‍ ടെക്‌നിക്കല്‍ ഇറര്‍ ആയിരുന്നു എന്ന് കാണിച്ച് ഈ ഓര്‍ഡര്‍ സ്‌നാപ് ഡീല്‍ പിന്‍വലിച്ചു.

എന്നാല്‍ നിഖില്‍ വെറുതെയിരുന്നില്ല. ഇതിനെതിരെ പരാതിയുമായി നിഖില്‍ ബന്‍സാല്‍ പഞ്ചാബിലെ സംഗ്രൂര്‍ കണ്‍സ്യൂമര്‍ സമീപിച്ചു. കച്ചവടത്തില്‍ മാന്യത കാണിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി സ്‌നാപ്ഡീലിനെതിരെ വിധി പുറപ്പെടുവിച്ചു. നിഖില്‍ ഓര്‍ഡര്‍ ചെയ്ത വിലയ്ക്ക് ഐഫോണ്‍ അയച്ചു കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ഒപ്പം 2000 രൂപ പിഴയടക്കാനും.

എന്നാല്‍ ഈ വിധിക്കെതിരെ സ്‌നാപ്ഡീല്‍ വീണ്ടും നിയമപോരാട്ടം നടത്തി. എന്നാല്‍ അവിടെയും പരാജയപ്പെട്ടു. ഇത്തവണ 10000 രൂപയാണ് കോടതി കമ്പനിയ്ക്ക് വിധിച്ചത്.

We use cookies to give you the best possible experience. Learn more