ഇലവീഴാപൂഞ്ചിറ എന്ന ഒറ്റപ്പെട്ട സ്ഥലം. അവിടെ ആള്‍ത്താമസമില്ല. വെള്ളമില്ല, അത്യാവശത്തിന് സാധനം വാങ്ങാന്‍ ഒരു കട ഇല്ല. നേരം പോക്കിന് ഫോണില്‍ തോണ്ടിയിരിക്കാന്‍ നെറ്റ് പോലും കിട്ടില്ല. ആഹാരസാധനങ്ങളും വെള്ളവും മലയിറങ്ങി വേണം മുകളിലേക്കെത്തിക്കാന്‍. ഇങ്ങനെയൊരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊലീസ് സ്റ്റേഷനും അവിടുത്തെ കുറച്ചു പൊലീസുകാരും. ആ കഥയാണ് ഇലവീഴാപൂഞ്ചിറ പറയുന്നത്.
സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന മധു, സുധി കോപ്പയുടെ സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഒരു സാഹചര്യത്തില്‍ സുധി മധുവിന് ഇലവീഴാപൂഞ്ചിറക്ക് പിന്നിലെ ഐതീഹ്യം പറഞ്ഞുകൊടുക്കുന്നുണ്ട്.
ഒരിക്കല്‍ പാര്‍വതി ഈ സ്ഥലത്ത് കുളിക്കാനെത്തി. ആ സമയം ദേവന്മാര്‍ പാര്‍വതി കുളിക്കുന്നത് മരങ്ങള്‍ക്കിടയില്‍ പതിയിരുന്നു ഒളിഞ്ഞുനോക്കി. ഇതറിഞ്ഞ ശിവന്‍ കോപം കൊണ്ട് ഇനി ഈ മലയില്‍ മരങ്ങളുണ്ടാവാതെ പോകട്ടെ എന്ന് ഇലവീഴാപൂഞ്ചിറയെ ശപിച്ചു. അങ്ങനെയാണ് ആ മലയില്‍ മരങ്ങളൊന്നുമുണ്ടാവാതെ ആ സ്ഥലം ഇലവീഴാപൂഞ്ചിറയായി മാറിയതെന്ന് സുധി മധുവിനോട് പറയുന്നു.
കഥ കേട്ടതിന് ശേഷം മധു ചോദിക്കുന്ന ചോദ്യമിതാണ്, അങ്ങനെയാണെങ്കില്‍ ശിവന്‍ ശപിക്കേണ്ടത് ദേവന്മാരെയല്ലേ മരങ്ങളെയല്ലല്ലോ എന്ന്. ഇതിന് മറുപടിയായി ദേവന്മാര്‍ക്ക് ഭാര്യമാരില്ലാഞ്ഞിട്ടല്ലല്ലോ അവര്‍ ഒളിഞ്ഞുനോക്കുന്നത്, പിന്നെ എന്തിനാണ് മനുഷ്യനായ തന്നെ കുറ്റപ്പെടുത്തുന്നത് എന്നാണ് സുധി പറയുന്നത്.
ചിത്രത്തിന്റെ കഥയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഈ ഐതീഹ്യം. സുധിയോട് ചോദിച്ച ചോദ്യത്തിന് മധു തന്നെയാണ് ഒടുക്കം ഉത്തരം കണ്ടെത്തുന്നത്. ഇലവീഴാപൂഞ്ചിറയിലെ ശാന്തമായ, അതേസമയം ഏതു സമയവും പ്രക്ഷുബ്ധമാവുന്ന കാലാവസ്ഥയില്‍, ശാന്തമായി തുടങ്ങി പ്രക്ഷുബ്ധമായി അവസാനിക്കുന്ന പ്രതികാരത്തിന്റെ കഥയാണ് ഇലവീഴാപൂഞ്ചിറ.
Content Highlight: how the question of madhu of saubin shahir about ilaveezhapoonjira is connected to the cinema