തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ കത്ത് ചോര്‍ന്നതില്‍ പൊലീസില്‍ പരാതി നല്‍കി വിദ്യാര്‍ത്ഥി യൂണിയന്‍. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന ശിരോവസ്ത്രവും സര്‍ജിക്കല്‍ ഹുഡും നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ധരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്താണ് ചോര്‍ന്നത്.
വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പ്രിന്‍സിപ്പാളിന് നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയായതും അന്വേഷിക്കണമെന്നും പരാതിയിര്‍ പറയുന്നു.
അതേസമയം, ഓപ്പറേഷന്‍ തിയേറ്ററിലെ പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് വിദഗ്ധരാണെന്നും രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരെ ഐ.എം.എ രംഗത്തെത്തിയിരുന്നു. തിയേറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐ.എം.എ പറഞ്ഞു.
വിവിധ ബാച്ചുകളിലായുള്ള ഏഴ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ആവശ്യമുന്നയിച്ച് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയിരുന്നത്. 2018, 2020, 2021, 2022 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളുടെ ഒപ്പോട് കൂടിയ കത്ത് ജൂണ്‍ 26നാണ് പ്രിന്‍സിപ്പാളിന് നല്‍കിയത്.
തങ്ങളുടെ വിശ്വാസമനുസരിച്ച് ഏത് സാഹചര്യത്തിലും മുസ്ലിം യുവതികള്‍ക്ക് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു. ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ടെന്നും ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലെ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയുന്ന നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ഹുഡും ലഭ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ സൂചിപ്പിച്ചത്.
content highlights: How the letter given by the female students was leaked; Thiruvananthapuram Medical College Union filed a complaint