കൊവിഡ് വ്യാപനത്തിന് തടയിടാന്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ അഞ്ചാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍, പാവങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാതെ വലയാന്‍ ഇടവരില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉറപ്പിനിടയിലും, നിരവധി ആളുകളാണ് ബെംഗളൂരു നഗരത്തില്‍ പട്ടിണി കിടക്കുന്നത്. നഗരത്തിന്റെ മുക്കുമൂലകളിലായി ഒറ്റപ്പെട്ടുപോയ ഒട്ടനവധി ഭവനരഹിതര്‍ക്കും ദരിദ്രക്കും പാചകം ചെയ്ത ഭക്ഷണമോ, ധാന്യങ്ങളോ മറ്റ് ഭക്ഷ്യ വസ്തുക്കളോ ലഭിക്കുന്നില്ല.
പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള റേഷന്‍ സാധാരണ നിലക്ക് ലഭിക്കുന്നത് കാര്‍ഡുടമകള്‍ക്ക് മാത്രമായതിനാല്‍, റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാനങ്ങള്‍ സൗജന്യമായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞിരുന്നു.
എന്നാല്‍ സംഭവിക്കുന്നത് ഇതൊന്നുമല്ല. മതിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇതുവരെയും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. യാതൊരുവിധ ഉത്തരവുകളും സര്‍ക്കാര്‍ പുറപ്പെടുവിക്കാതെ മാധ്യമങ്ങളോട് പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ യെദിയൂരപ്പയുടെ നടപടി ചോദ്യം ചെയ്ത് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.
‘റേഷന്‍ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും, ദാരിദ്ര്യരേഖക്ക് മുകളില്‍ ആണെങ്കിലും താഴെ ആണെങ്കിലും, ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് നല്‍കുവാന്‍ സാധിച്ചിട്ടില്ല. കാര്‍ഡില്ലാത്തവര്‍ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി അന്തിമ തീരുമാനം ആവുകയോ താഴെ തട്ടിലേക്ക് നടപ്പാക്കപ്പെടുകയോ ചെയ്തിട്ടില്ല. റെവന്യു ഡിപ്പാര്‍ട്‌മെന്റ് ആണ് ഇത് കൈകാര്യം ചെയ്യേണ്ടത്, അവര്‍ ഇപ്പോഴും എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്ന ആലോചനയില്‍ ആണ്,’ കര്‍ണാടക സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ചെയര്‍പേഴ്‌സണ്‍ എന്‍. കൃഷ്ണമൂര്‍ത്തി ന്യൂസ് മിനുറ്റിനോട് പറഞ്ഞു.
മതിയായ രേഖ തയാറാക്കലും ഗുണഭോക്താക്കളുടെ വിവരം സൂക്ഷിക്കലുമാണ് കാര്‍ഡ് രഹിതര്‍ക്ക് റേഷന്‍ നല്‍കുന്നതിനുള്ള വെല്ലുവിളികള്‍ എന്ന് ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ഉദാഹരണത്തിന്, ഇവര്‍ ഒരു പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും ധാന്യങ്ങള്‍ കൈപ്പറ്റിയതിന് ശേഷം മറ്റൊരിടത്തും പോയി ആവശ്യപ്പെട്ടാല്‍ എങ്ങനെ തിരിച്ചറിയാനാകും? അത് സര്‍ക്കാരിന് വലിയ നഷ്ടമായിരിക്കും വരുത്തുക,’ അദ്ദേഹം വിശദീകരിച്ചു.
സാമൂഹിക പ്രവര്‍ത്തക ബ്രിന്ദ അഡിഗേ ആരോപിക്കുന്നത് സര്‍ക്കാരിന് മുന്നില്‍ കാര്‍ഡ് രഹിതര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതിനായി യാതൊരു മാര്‍ഗ്ഗരേഖയും ഇല്ലെന്നാണ്. ‘റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ മിക്കവാറും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ആയിരിക്കും. കെട്ടിടനിര്‍മാണ മേഖലയിലും തുച്ഛമായ വരുമാനത്തിന് മറ്റു ജോലികളിലും ഒക്കെയായി ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നിരന്തരം യാത്രയിലും ആയിരിക്കും. വിദേശത്തു നിന്നും വന്നവര്‍ക്ക് കയ്യില്‍ മഷി പുരട്ടിയതുപോലെ ഇവര്‍ക്കും ഉപയോഗിക്കാവുന്നതാണ് എന്ന് ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെ, യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് റേഷന്‍ ലഭിക്കുന്നതെന്ന് ഉറപ്പിക്കാന്‍ കഴിയും,’ അഡിഗേ പറയുന്നു.
വിശക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കൃത്യമായ രേഖകളും റേഷന്‍ കാര്‍ഡുകളും ഉള്ളവര്‍ക്ക് പോലും കര്‍ണാടകയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.
ബെംഗളുരുവിലെ ചാമ്രാജ്‌പേട്ട സ്വദേശിയും ശുചീകരണ തൊഴിലാളിയായി ജോലിനോക്കുകയും ചെയ്യുന്ന മഹിമ, കാര്‍ഡ് ഉടമയായിരിക്കെ, തനിക്ക് ഒരു മാസമായി റേഷന്‍ കിട്ടിയിട്ടില്ല എന്ന് ആരോപിക്കുന്നു.
‘ടോക്കണ്‍ അനുസരിച്ചാണ് റേഷന്‍ കൊടുക്കുന്നത്. രാവിലെ ടോക്കണ്‍ വിതരണം ചെയ്യും. അതിനനുസരിച്ചു പോയി ധാന്യങ്ങള്‍ കൈപ്പറ്റുകയാണ് വേണ്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയയായി ഒരു ടോക്കണ്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കഴിഞ്ഞ ആഴ്ച അവര്‍ പറഞ്ഞു ഞായറാഴ്ച വരാന്‍. ഞായറാഴ്ച രാവിലെ തന്നെ ഞങ്ങള്‍ പോയി, എന്നാല്‍ ടോക്കണ്‍ കിട്ടിയില്ല. വീണ്ടും ബുധനാഴ്ച വരാന്‍ പറഞ്ഞു. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ടോക്കണ്‍ കിട്ടാന്‍ വരിനില്‍കുകയാണ്.’
പരിസരവാസികള്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് മഹിമയുടെ കുടുംബം മുഴുപ്പട്ടിണിയിലേക്കു പോകാതിരുന്നത്. ‘ഞാന്‍ പണിയെടുക്കാന്‍ പോകുന്ന സ്ഥലത്തെ ചിലര്‍ അഞ്ചുകിലോയോളം അരി തന്നിരുന്നു. അത് വെച്ച് ഇത്രനാള്‍ കഴിഞ്ഞു. ഈ മാസത്തെ കൂലി കിട്ടിയതിനാല്‍ പച്ചക്കറികള്‍ കൂടി വാങ്ങാന്‍ കഴിഞ്ഞു,’ മഹിമ വിവരിക്കുന്നു.
കോറമംഗള സ്വദേശിയായ മറ്റൊരു ശുചീകരണ തൊഴിലാളി മേരിക്ക് അരി മാത്രമാണ് ലഭിച്ചത്. മറ്റ് ധാന്യങ്ങളോ എണ്ണയോ ഒന്നും ലഭിച്ചില്ല. ‘ഈ മാസം 30 കിലോ അരി കിട്ടി. അത് മാത്രം. ഗോതമ്പോ, പയറോ, എണ്ണയോ ഒന്നും ലഭിച്ചില്ല,’ മേരി പറയുന്നു.
അതിനാല്‍ തന്നെ സര്‍ക്കാരിതര സംഘടനകള്‍ വിതരണം ചെയ്യുന്ന പാകം ചെയ്ത ഭക്ഷണത്തെയാണ് മേരി ഇപ്പോള്‍ ആശ്രയിക്കുന്നത്.
റേഷന്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ചയുണ്ടായി എന്ന് ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ‘ഈ മാസം അവസാനത്തോടെ ഗോതമ്പ് വിതരണം ചെയ്യും. രണ്ട് മാസത്തെ റേഷന്‍ ആണ് ഇപ്പോള്‍ കൊടുക്കുന്നത്, അത് ഇതിനോടകം തുടങ്ങി കഴിഞ്ഞു,’ ഭക്ഷ്യ വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ പറയുന്നു.
‘മുന്‍പ് പകുതി വിലയ്ക്കായിരുന്നു ആളുകള്‍ക്ക് പയറുവര്‍ഗങ്ങള്‍ നല്‍കിയിരുന്നത്. ഒരു കിലോ ചെറുപയര്‍ 38 രൂപക്ക്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, അത് നിര്‍ത്തിവെച്ചു. വരും മാസങ്ങളില്‍ വീണ്ടും തുടങ്ങും എന്നാണ് കേള്‍ക്കുന്നത്. ഇതുവരെയില്ല,’ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.
നിലവിലെ സാഹചര്യം മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ‘അടുത്ത മാസം മുതല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ ‘അന്ന ഭാഗ്യ’ പദ്ധതിക്ക് വകയിരുത്തിയ പണം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ വിനിയോഗിക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.’
അഴിമതിയുടെ വിളനിലമായി പൊതുവിതരണ കേന്ദ്രങ്ങള്‍
ബെംഗളൂരു ശിവാജി നഗറിലെ ഒരു റേഷന്‍ കടയില്‍ അടുത്തിടെ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ വിതരണം ചെയ്യേണ്ട അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യപ്പെടുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
‘ഓരോരുത്തര്‍ക്കും രണ്ട് കിലോ അരി വീതം കുറച്ചാണ് കടയുടമകള്‍ നല്കിക്കൊണ്ടിരുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ മാസം ഏഴ് കിലോ അരിയാണ് ഓരോ വ്യക്തിക്കും നല്‍കേണ്ടിയിരുന്നത്. അതായത്, നാലുപേരുള്ള കുടുംബത്തിന് 28 കിലോ അരി. എന്നാല്‍ 20 കിലോ മാത്രമാണ് വിതരണം ചെയ്തത്. ഒരു കുടുംബത്തിന് മാത്രം 8 കിലോ അരിയുടെ കുറവുണ്ടായി. കടയുടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിരുന്നു,’ ഭക്ഷ്യ സിവില്‍ സപ്ലൈസ് അധ്യക്ഷന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
അഞ്ച് കിലോ മാത്രമാണ് ഓരോ വ്യക്തിക്കും കിട്ടിയത് എന്ന് കാര്‍ഡുടമകള്‍ ആയിട്ടുള്ളവരും സാക്ഷ്യപ്പെടുത്തുന്നു.
പല കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡുകള്‍ കൈവശമില്ലാത്ത പ്രദേശവാസികള്‍ ആയ ആളുകള്‍ തന്നെ സര്‍ക്കാര്‍ വാഗ്ദാനം നടപ്പാകാത്തതിനാല്‍ കടുത്ത ബുദ്ധിമുട്ടിലാണ്.
തയ്യല്‍കാരിയായ രചന കോതനൂര്‍ പ്രദേശത്തേക്ക് മാറിത്താമസിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ‘റേഷന്‍ കാര്‍ഡിനായി കഴിഞ്ഞ മാസം തന്നെ ശ്രമിച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ച വരൂ എന്ന് പറഞ്ഞു നീട്ടികൊണ്ടുപോകുകയായിരുന്നു. ഇപ്പൊ എല്ലാം അടച്ചിട്ടിരിക്കുന്നു. ഇനി ലോക്ഡൗണ്‍ കഴിയണം,’ രചന തന്റെ ദുഃഖം പങ്കുവെക്കുന്നു. ഭക്ഷണം എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചും രചനക്ക് യാതൊരു നിശ്ചയവുമില്ല. ‘മുന്‍പ് വാങ്ങിയ ഭക്ഷ്യസാധനങ്ങള്‍ കൊണ്ടാണ് ഈ മാസം കഴിച്ചുകൂട്ടുന്നത്. പക്ഷേ ലോക് ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍ അടുത്ത മാസത്തേക്ക് സാധനം വാങ്ങാന്‍ പണം എങ്ങനെ കണ്ടെത്തും എന്ന് എനിക്കറിയില്ല,’ രചന കൂട്ടിച്ചേര്‍ത്തു.
ഇടയ്ക്കിടെ വീട് മാറുന്നതിനാല്‍ ഇപ്പോള്‍ പോട്ടറി ടൗണില്‍ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ബാബുവിനും റേഷന്‍ കാര്‍ഡ് സ്വന്തമായില്ല.
‘വാടക വീടുകള്‍ മാറിമാറി വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നതിനാല്‍ എനിക്ക് റേഷന്‍ കാര്‍ഡ് ഇല്ല. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങളെപ്പോലുള്ള പാവങ്ങളെ കണക്കാക്കി നന്നായി ആസൂത്രണം ചെയ്യണമായിരുന്നു. ജോലിക്കു പോകാന്‍ വഴിയില്ലാത്തതിനാല്‍ ആരുടെ കയ്യിലും പണമില്ല. പണമുണ്ടെങ്കില്‍ തന്നെ കടകളില്‍ ഭക്ഷണം ഇല്ലെങ്കില്‍ എന്ത് ചെയ്യും. ഞങ്ങള്‍ എവിടേക്ക് പോകും?,’ ബാബു ചോദിക്കുന്നു.
സ്വകാര്യ സംഘടനകളുടെ സംഭാവനകള്‍
സമൂഹത്തിലെ പാവങ്ങളില്‍ പാവങ്ങളായവര്‍ ഭക്ഷണത്തിനു അലയുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സഹായകമാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ നിരവധി എന്‍.ജി.ഒകളും കൂട്ടായ്മകളും വിശപ്പകറ്റാന്‍ മുന്നോട്ടു വരികയുണ്ടായി.
എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരുടെ എണ്ണം വളരെ അധികമായതിനാല്‍ പണച്ചിലവുകള്‍ നിസാരമല്ല. സ്വകാര്യ വ്യക്തികള്‍ക്കോ എന്‍.ജി.ഒകള്‍ക്കോ അധിക കാലം അവ താങ്ങാനാകില്ല. അതിനാല്‍ എത്രയും വേഗം സര്‍ക്കാര്‍ തന്നെ പരിഹാരം കാണാം എന്നുള്ളതാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന ആവശ്യം.
ഭക്ഷണ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘നാവു ഭാരതിയാരു’ എന്ന സംഘടന പറയുന്ന പ്രകാരം 6000 അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് അവരോട് ഭക്ഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഒരു പരിധി വരെ ഇവരെ പരിഗണിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുക അസാധ്യമാണ്,’ കൂട്ടായ്മയുടെ നേതാവായ ഷഹീന്‍ പറയുന്നു.
മിക്ക എന്‍.ജി.ഒകളും ഇതിനോടകം പാപ്പരായി കഴിഞ്ഞു. എന്നാലും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആളുകള്‍ നിരന്തരം ബന്ധപ്പെടുന്നു, ഷഹീന്‍ കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ഭക്ഷണം നല്‍കുന്നത് കഴിയുന്നിടത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റ് കൂട്ടായ്മകളില്‍ നിന്നുപോലും ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചു വിളിക്കുന്നു.’
‘സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. കൊവിഡ് പ്രകൃതിജന്യമായ ദുരന്തം മാത്രമല്ല, സര്‍ക്കാരുകളുടെ അനാസ്ഥകാരണം മനുഷ്യ-നിര്‍മിത ദുരന്തമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു,’ സന്നദ്ധ പ്രവര്‍ത്തകനായ വിനയ് ശ്രീനിവാസന്‍ അടിവരയിടുന്നു.