രഹസ്യസ്വഭാവത്തില്‍ കശ്മീര്‍ ബില്ലുകള്‍; എം.പിമാര്‍ക്ക് പരിശീലനക്കളരി, ഉറക്കമിളച്ച് അമിത് ഷാ, പിന്നെ വാര്‍ റൂം; സംഘപരിവാര്‍ അജണ്ട നടപ്പാക്കിയത് ഇങ്ങനെ
Kashmir Turmoil
രഹസ്യസ്വഭാവത്തില്‍ കശ്മീര്‍ ബില്ലുകള്‍; എം.പിമാര്‍ക്ക് പരിശീലനക്കളരി, ഉറക്കമിളച്ച് അമിത് ഷാ, പിന്നെ വാര്‍ റൂം; സംഘപരിവാര്‍ അജണ്ട നടപ്പാക്കിയത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2019, 9:51 am

ന്യൂദല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഉത്തരവും ബില്ലുകളും തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടു കൂടി എല്ലാ ബില്ലുകളും ഇരുസഭകളിലും പാസായി. തിങ്കളാഴ്ച സഭയില്‍ വായിക്കുന്നതിനു മുന്‍പു വരെ രാഷ്ട്രപതി ഒപ്പിട്ട ഉത്തരവാണ് ആര്‍ട്ടിക്കിള്‍ 370-ന്റെ കാര്യത്തില്‍ വായിക്കാന്‍ പോകുന്നതെന്ന് പുറത്തറിഞ്ഞിരുന്നില്ലെന്നതു ശ്രദ്ധേയമാണ്.

അവസാന നിമിഷം വരെയും ഷാ അതിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബി.ജെ.പി നേതാക്കളെയും ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ചെയ്ത ഒരു റിപ്പോര്‍ട്ട് ഇങ്ങനെ.

ഷായുടെയും നിയമ മന്ത്രാലയത്തിന്റെയും ഓഫീസുകള്‍ ഇതിനായി ഉപയോഗിച്ചിട്ടില്ല. ഫയലുകളും രേഖകളും മറ്റ് അവശ്യ വസ്തുക്കളും അമിത് ഷായുടെ പാര്‍ലമെന്റ് സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള ഓഫീസിലേക്കാണ് എത്തിച്ചുകൊടുത്തിരുന്നത്.

അവിടെയിരുന്ന് ഞായറാഴ്ച അര്‍ധരാത്രി വരെ ഷാ ജോലി ചെയ്തു. വെള്ളിയും ശനിയും സമാനമായായിരുന്നു ഷാ ജോലി ചെയ്തത്.

മാത്രമല്ല, ശനിയും ഞായറുമായി പാര്‍ട്ടി എം.പിമാര്‍ക്ക് ബി.ജെ.പി പരിശീലനക്കളരിയും ഒരുക്കിയിരുന്നു. അതില്‍ പങ്കെടുക്കാതിരുന്ന ഷാ, നിയമവിദഗ്ധരുമായും സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി ഫോണില്‍ നിരന്തരം അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഈ മൂന്നുദിവസവും അദ്ദേഹത്തിനുള്ള രാത്രിഭക്ഷണം പാര്‍ലമെന്റിലെത്തിച്ചു നല്‍കി.

ആഴ്ചകള്‍ക്കു മുന്‍പുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഷായ്ക്കും മാത്രമാണ് ഇക്കാര്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാമായിരുന്നുള്ളൂ എന്നും വെള്ളിയാഴ്ച വൈകിട്ടാണ് മറ്റുള്ള നേതാക്കള്‍ ഇക്കാര്യം അറിയുന്നതെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഭയിലെ നിയമപരമായ കാര്യങ്ങള്‍ തയ്യാറാക്കിയത് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും റെയില്‍മന്ത്രി പീയുഷ് ഗോയലുമാണ്. ഒരു വിപ്പ് ഇതിനിടെ അവര്‍ പുറപ്പെടുവിച്ചു.

അസമില്‍ നിന്നുള്ള ഷായുടെ വിശ്വസ്തനായ നേതാവ് ഹിമാന്ത ബിശ്വ ശര്‍മയ്ക്ക് ഒരു ചുമതലയുണ്ടായിരുന്നു. പുറത്തുനിന്നുള്ള പിന്തുണ ഉറപ്പുവരുത്തുക. തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ രാജ്യസഭാ ചീഫ് വിപ്പ് രാജിവെച്ചത് ഹിമാന്തയുടെ വിജയമായാണു കണക്കാക്കുന്നത്.

തിങ്കളാഴ്ച വാര്‍ റൂമായി ഷായും അദ്ദേഹത്തിന്റെ സംഘവും എടുത്തിരുന്നത് സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ടിന്റെ ഓഫീസാണ്. തിങ്കളാഴ്ച മുഴുവന്‍ സമയവും അദ്ദേഹം സഭയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലാകട്ടെ, ഷായും ഹിമാന്തയും തുഷാര്‍ മേത്തയും.