ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവരുടെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ബജറ്റ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് വിലയിരുത്തല്‍.
നികുതി ദായകര്‍ക്ക് ചെറിയ ചില ഇളവുകളുണ്ട്. ചില വസ്തുക്കളുടെ നികുതി ഉയര്‍ത്തിയിട്ടുണ്ട്. പാന്‍ ആധാര്‍ എന്നിവയുമായി ബന്ധപ്പെട്ടും സുപ്രധാന പ്രഖ്യാപനങ്ങളുണ്ട്. രണ്ടാം മോദി സര്‍ക്കാറിന്റെ ബജറ്റ് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
പാന്‍ ആധാര്‍:
പാനും ആധാറും പരസ്പരം മാറി ഉപയോഗിക്കാമെന്നതാണ് പ്രഖ്യാപനങ്ങളിലൊന്ന്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ ഉപയോഗിക്കാം. 129 കോടി ഇന്ത്യക്കാര്‍ക്ക് ഇന്ന് ആധാറുണ്ടെന്നാണ് പ്രഖ്യാപനം നടത്തിക്കൊണ്ട് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്.
ഹോം ലോണ്‍, വാഹന ലോണ്‍:
2020 വരെയുള്ള ഹോം ലോണുകള്‍ക്ക് അടച്ച പലിശയില്‍ 1.50 ലക്ഷം രൂപയ്ക്കു കൂടി നികുതി ഇളവ് നല്‍കുമെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായെടുത്ത ലോണിന്റെ പലിശയില്‍ 1.5ലക്ഷത്തിന്റെ നികുതി ഇളവു നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണിത്.
ആദായ നികുതി:
ഇടത്തരം വരുമാനമുള്ളവര്‍ക്കും താഴ്ന്ന വരുമാനമുള്ളവര്‍ക്കുമുള്ള ടാക്‌സ് സ്ലാബുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിന് ഓരോ വ്യക്തിയ്ക്കും 3%വീതം സര്‍ചാര്‍ജ് ഈടാക്കാനും നിര്‍ദേശമുണ്ട്. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനമുള്ളവര്‍ക്ക് ഉയര്‍ന്ന നികുതി അടയ്‌ക്കേണ്ടി വരും. വര്‍ഷം അഞ്ചു കോടിയിലേറെ വരുമാനം നേടുന്നവര്‍ 7% സര്‍ചാര്‍ജ് അടയ്ക്കണം.
അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ടി.ഡി.എസ്:
ബാങ്കില്‍ നിന്നും വര്‍ഷത്തില്‍ ഒരു കോടിയിലേറെയുള്ള പണം പിന്‍വലിക്കലിന് രണ്ടു ശതമാനം ടി.ഡി.എസും പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍തോതില്‍ പണം ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണിതെന്നാണ് സര്‍ക്കാര്‍ വാദം.
ക്യാമറ, വാഹനങ്ങളുടെ ഭാഗങ്ങള്‍:
വാഹന ഭാഗങ്ങള്‍ക്കും ഡിജിറ്റല്‍ ക്യാമറകള്‍ക്കും, കശുവണ്ടി, സിന്തറ്റിക് റബ്ബര്‍ തുടങ്ങിയവയ്ക്ക് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോള്‍ ഡീസല്‍:
പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപയെന്ന നിലയില്‍ പ്രത്യേക അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാതണ് നികുതി നിരക്ക് പുനപരിശോധിക്കാന്‍ കാരണമെന്നാണ് നിര്‍മ്മലാ സീതാരാമന്റെ വിശദീകരം. എണ്ണ വില ഉയരുന്നത് അടിസ്ഥാന വികസനത്തിന് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് പറഞ്ഞാണ് വില ഉയരുന്നതിനെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ന്യായീകരിച്ചത്.
സ്ത്രീകള്‍:
ജന്‍ ധന്‍ അക്കൗണ്ടിനു കീഴിലുള്ള എല്ലാ വനിതാ സ്വയം സഹായ സംരഭത്തിനും മുദ്രാ യോജനയ്ക്കു കീഴില്‍ 5000 രൂപ വീതം ലഭിക്കും. എല്ലാ സ്വയം സഹായ സംഘത്തിലെയും ഓരോ സ്ത്രീയ്ക്കും ഒരുലക്ഷം രൂപ വീതം ലോണ്‍ ലഭിക്കും.
ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍:
ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് 5% കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തും
എന്‍.ആര്‍.ഐകള്‍ക്ക് ആധാര്‍:
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യയിലെത്തിയാലുടന്‍ ആധാര്‍ എടുക്കാം. 180 ദിവസം കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.