ലോക്ക് ഡൗണ്‍ വേണ്ടിവന്നില്ല, സൗത്ത് കൊറിയ കൊവിഡിനെ നേരിട്ടത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയും ഇറ്റലിയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പെടാപാടുപെടുമ്പോഴും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പോലും ഇല്ലാതെ കൊവിഡിനെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞ ഒരു ഏഷ്യന്‍ രാജ്യം. സൗത്ത് കൊറിയ. എന്താണ് സൗത്ത് കൊറിയയെ ഇതിനു പ്രാപ്തമാക്കിയത്?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടെസ്റ്റിങ്ങ്, ട്രീറ്റിങ്ങ്, ട്രെയിസിങ്ങ്, അഥവാ പരിശോധിക്കുക, ചികിത്സിക്കുക, കണ്ടെത്തുക ഈ സൂത്രവാക്യമാണ് സൗത്ത് കൊറിയയ്ക്ക് തുണയായത്. ഇത് മാത്രമല്ല, സാര്‍സ്, മേഴ്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിട്ട മുന്‍ അനുഭവപരിചയവും സൗത്ത് കൊറിയയ്ക്ക് ഉണ്ട്. ഇതിനൊക്കെ ഉപരിയായി വരുമാനം നിലച്ച ജനതയ്ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സമില്ലാതെ നല്‍കാനുള്ള പ്രാപ്തിയും ഇത് കൃത്യമായി നടപ്പിലാക്കാന്‍ കരുത്തുറ്റ നേതൃത്വവും ഉറച്ച ജനാധിപത്യ ബോധമുള്ള പൗരന്മാരും സൗത്ത് കൊറിയയ്ക്ക് ഉണ്ട്. ഈ അടിസ്ഥാന സൗകര്യം ഇല്ലായെങ്കില്‍ ആഴ്ച്ചകള്‍ കൊണ്ട് തകരാനുള്ളതേ ഉള്ളൂ ടെസ്റ്റിങ്ങ്, ട്രീറ്റിങ്ങ്, ട്രെയിസിങ്ങ് എന്ന ഫോര്‍മുല.

കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ടെസ്റ്റിങ്ങ് നടത്തുന്നതില്‍ മറ്റ് വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് സൗത്ത് കൊറിയ. ദിവസേന 18,000ത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ സൗത്ത് കൊറിയയില്‍ നടക്കുന്നുണ്ട് എന്നാണ് സൗത്ത് കൊറിയന്‍ അംബാസഡര്‍ ഓഫ് ഇന്ത്യ ഷിന്‍ ബോങ്ക് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

സൗത്ത് കൊറിയയില്‍ നിരവധി സ്വകാര്യ ആശുപത്രികളുണ്ടെങ്കിലും സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ പരിധിയില്‍ വരുന്നവരാണ് ഇവിടുത്തെ 97 ശതമാനം ജനങ്ങളും. സ്വകാര്യ ആശുപത്രികളും പബ്ലിക്ക് ഇന്‍ഷുറന്‍സ് സ്‌കീമും ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് ആരോഗ്യം ഒരു അടിസ്ഥാന ആവശ്യമായി കരുതുന്ന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം നടപ്പിലാക്കാന്‍ സൗത്ത് കൊറിയയ്ക്ക് എളുപ്പത്തില്‍ സാധ്യമാകുന്നു. ഒ.ഇ.സി.ഡി അഥവാ ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോപ്പറേഷന്‍ ആന്റ് ഡിവലപ്പ്‌മെന്റില്‍ അംഗങ്ങളായ രാഷ്ട്രങ്ങളില്‍ 2015 ലെ കണക്കു പ്രകാരം തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നതായിരുന്നു സൗത്ത് കൊറിയയുടെ സിംഗിള്‍ പെയര്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം. ഇത് കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലും സൗത്ത് കൊറിയയെ തുണച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോഗ്യമേഖല മാത്രമല്ല, പല അടിസ്ഥാന സൗകര്യങ്ങളും സൗത്ത് കൊറിയയില്‍ പൊതുമേഖലക്ക് കീഴില്‍ തന്നെയാണ്. സൗത്ത് കൊറിയയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളിലൊന്നായ ഇഞ്ചിയോണ്‍ തന്നെ ഉദാഹരണമായി എടുക്കാം. പൊതുമേഖല സ്ഥാപനമായ ഈ എയര്‍പോര്‍ട്ട് ലോകത്തില്‍ തന്നെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ പെടുന്നതാണ്. സിയോള്‍ മെട്രോ സിസ്റ്റം ചുരുങ്ങിയ യാത്രാ നിരക്ക് ഈടാക്കുന്ന മികച്ച റെയില്‍ ഗതാഗത സംവിധാനമാണ്.

ഇപ്പോള്‍ കൊവിഡ്-19 പോരാട്ടത്തില്‍ സൗത്ത് കൊറിയ നേടിയ വിജയത്തിന് പിന്നിലുള്ള പ്രധാന കാരണമായി വിദഗ്ധരെല്ലാം ചൂണ്ടി കാണിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ പൊതുമേഖലക്ക് കീഴില്‍ തന്നെ നിലനിര്‍ത്തുന്ന ഈ രീതിയെ തന്നെയാണ്. ഒപ്പം ഈ സൗകര്യങ്ങള്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ബോധ്യമുള്ള ജനങ്ങളും.

എങ്ങിനെയാണ് സൗത്ത് കൊറിയയ്ക്ക് ഇത് സാധ്യമാകുന്നത്? ഇതിന്റെ പിന്നില്‍ പോരാട്ടത്തിന്റെ വലിയ കഥ തന്നെയുണ്ട്

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പോയത് പോലെ ഒരു ക്ഷേമ രാഷ്ട്ര വിഭാവനത്തിലേക്ക് സൗത്ത് കൊറിയയിലെ സ്വേച്ഛാധിപതികള്‍ നീങ്ങിയിരുന്നില്ല. ഏഷ്യയിലെ മറ്റ് വികസ്വര രാഷ്ട്രങ്ങളെപ്പോലെ വ്യാവസായിക വിപ്ലവത്തിലൂടെ സാമ്പത്തിക വളര്‍ച്ച എന്ന പാത തന്നെയാണ് ഇവിടെയും പിന്തുടര്‍ന്നത്. അതേ സമയം സ്വേച്ഛാധിപത്യ ഭരണാധികാരികളും പബ്ലിക്ക് സര്‍വ്വീസിനായി വന്‍ തുക ചിലവിട്ടു. കൊറിയയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്ന ചിന്തയായിരുന്നു ഇതിന് പിന്നില്‍. 1977ലാണ് രാജ്യത്ത് പ്രഥമ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. ഇന്നത്തെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ സ്‌കീമിന്റെ ഒരു മുന്‍ രൂപം മാത്രമായിരുന്നു അത്.

1987ല്‍ സൗത്ത് കൊറിയ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് ചുവടുവെച്ചു. അപ്പോഴും രാജ്യം അതുവരെ പിന്തുടര്‍ന്ന് പോന്നിരുന്ന എക്കണോമിക്ക് മോഡിലിന് വലിയ മാറ്റങ്ങള്‍ ഒന്നും സംഭിച്ചില്ല. ജനങ്ങളുടെ മനോഭാവത്തില്‍ മാത്രമാണ് മാറ്റമുണ്ടായത്. അവര്‍ ഉറച്ച ജനാധിപത്യ ബോധമുള്ളവരായി മാറി.

1987ല്‍ സൗത്ത് കൊറിയ പട്ടാള ഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് എത്തിയത് നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്നായിരുന്നു. 1990കളിലും 2000ത്തിലും സൗത്ത് കൊറിയയില്‍ വ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ജനാധിപത്യപരമല്ലാത്ത എല്ലാ നയങ്ങള്‍ക്കെതിരെയും സൗത്ത് കൊറിയയില്‍ പോരാട്ടങ്ങള്‍ ഉണ്ടായി. അമേരിക്കയില്‍ നിന്ന് ബീഫ് ഇറക്കുമതി ചെയ്യുന്നതിനുണ്ടായ എതിര്‍പ്പുകള്‍ മുതല്‍ സൗത്ത് കൊറിയന്‍ പ്രധാനമന്ത്രിയ്ക്ക് രാജിവെക്കേണ്ടി വന്ന ഫെറി ആക്‌സിഡന്റ് വരെ അത് നീണ്ടു നില്‍ക്കുന്നു. 2016 ഡിസംബറില്‍ സൗത്ത് കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂണ്‍ ഹൈയിനും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.

1990 കള്‍ക്ക് ശേഷമുള്ള കൊറിയന്‍ രാഷ്ട്രീയം പൗരന്മാരുടെ ഉറച്ച ജനാധിപത്യബോധവുമായി കൂടി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സര്‍ക്കാരിന്റെ വ്യത്യസ്ത നയങ്ങളില്‍ ജനങ്ങളും ഇടപെടാന്‍ തുടങ്ങി. തങ്ങളുടെ ക്ഷേമം ഗൗരവതരമായി എടുക്കാന്‍ അവര്‍ പോരാട്ടങ്ങള്‍ നടത്തി.

ഇതിനെ തുടര്‍ന്ന് പൊതുഗതാഗത വികസനത്തിലും, ഊര്‍ജം ആരോഗ്യം തുടങ്ങിയ മേഖലകളിലും പുരോഗതി കൈവരിക്കാന്‍ സൗത്ത് കൊറിയക്ക് സാധിച്ചു. സര്‍ക്കാരിന് നികുതി അടയ്ക്കുന്ന പൗരന്മാര്‍ക്ക് അവകാശപ്പെട്ട സേവനങ്ങളാണ് ഇതെന്ന ഉറച്ച ബോധ്യമുണ്ട് സൗത്ത് കൊറിയന്‍ ജനതയ്ക്ക് എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മേഖലകളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താത്ത സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊന്നും രണ്ടാമതൊരു ഊഴം അവിടുത്തുകാര്‍ നല്‍കില്ലെന്ന നല്ല ബോധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി ക്ഷേമ നടപടികളുമായി മുന്നോട്ട് പോകാന്‍ സൗത്ത് കൊറിയയെ പ്രാപ്തമാക്കുന്നത് ഇതാണ്. സ്വകാര്യവത്കരണം അത്രയധികം പ്രോത്സഹിപ്പിക്കപ്പെടാത്ത ഇടം കൂടിയാണ് സൗത്ത് കൊറിയ. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കപ്പെടുന്ന നടപടികളോട് കടുത്ത എതിര്‍പ്പുള്ളവരാണ് ഇവിടുത്തുകാര്‍. അന്താരാഷ്ട്ര നിലവാരമുള്ള പൊതു സൗകര്യങ്ങളാണ് ജനാധിപത്യത്തിന്റെയും അതിനാല്‍ തന്നെ പാശ്ചാത്യരാജ്യങ്ങളുടെയും നട്ടെല്ലെന്നായിരുന്നു കൊറിയന്‍ ജനത വിശ്വസിച്ചിരുന്നത്. പക്ഷെ അതേസമയം പാശ്ചാത്യരാജ്യങ്ങള്‍ സ്വകാര്യവത്കരണത്തിന്റെയും പൊതുസര്‍വീസുകളെല്ലാം പ്രൈവറ്റ് കമ്പനികള്‍ക്ക് വിറ്റഴിക്കുന്നതിന്റെയും തിരക്കിലായിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പലതും കൊവിഡില്‍ തകര്‍ന്നു വീഴുമ്പോള്‍ പോരാട്ടത്തിലൂടെ ജനങ്ങള്‍ തന്നെ നേടിയെടുത്ത കൊറിയന്‍ മോഡല്‍ പ്രകീര്‍ത്തിക്കപ്പെടുകയാണ്.

കടപ്പാട് – ദ ഗാര്‍ഡിയനില്‍ സൗത്ത് കൊറിയന്‍ ജിയോപൊളിറ്റിക്കല്‍ ആന്‍ഡ് എക്കണോമിക് അനലിസ്റ്റ് ടേ ഹൂന്‍ എഴുതിയ ലേഖനം