| Monday, 28th October 2019, 1:15 pm

'നിന്നെ ഒഴിവാക്കുന്നതിനു മുന്‍പ് ഒരവസരം നല്‍കും'; മിഡില്‍ ഓര്‍ഡറില്‍ നിന്ന് ഓപ്പണിങ്ങിലേക്കു വരാനുണ്ടായ കാരണം വെളിപ്പെടുത്തി വീരേന്ദര്‍ സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരേന്ദര്‍ സെവാഗ്. കരിയറിന്റെ ആദ്യ കാലത്ത് മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിരുന്ന സെവാഗിനെ ഓപ്പണിങ്ങിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്. അതിനെക്കുറിച്ച് സെവാഗ് തന്നെ ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ കോളത്തില്‍ സെവാഗ് ഇന്നത്തെ ബി.സി.സി.ഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലിയെക്കുറിച്ചു പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍:

‘ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്കു ഞാന്‍ മാറാന്‍ പ്രധാന കാരണം ദാദയാണ്. എന്നോട് ഓപ്പണ്‍ ചെയ്യാന്‍ പറയുമ്പോള്‍ മാത്രമാണ് അതേക്കുറിച്ചു ഞാനറിഞ്ഞത്. എന്റെ ഉത്തരം വളരെ സിംപിളായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തുകൊണ്ട് എനിക്ക് ഓപ്പണ്‍ ചെയ്തുകൂടാ, എനിക്കും ഓപ്പണ്‍ ചെയ്യാം, സച്ചിനും ഓപ്പണ്‍ ചെയ്യാം.’- സെവാഗ് എഴുതി. ഇത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘അദ്ദേഹം എന്നോടു പറഞ്ഞത് ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ്. ഞാനത് ഏറ്റെടുത്താന്‍ ടീമില്‍ എന്റെ സ്ഥാനം ഉറപ്പാണെന്നാണ്. പക്ഷേ ആദ്യം എനിക്ക് അതിനോട് എതിര്‍പ്പായിരുന്നു. എനിക്ക് മിഡില്‍ ഓര്‍ഡറില്‍ നില്‍ക്കാനായിരുന്നു താത്പര്യം.

പക്ഷേ അദ്ദേഹം വിശദീകരിച്ചു, ആര്‍ക്കെങ്കിലും പരിക്ക് പറ്റുന്നതുവരെ ഞാന്‍ കാത്തിരിക്കണമെന്ന്. പിന്നീട് അദ്ദേഹം നല്‍കിയ പ്രായോഗിക നിര്‍ദ്ദേശമാണ് എന്നെ വിശ്വാസത്തിലെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ നിനക്ക് മൂന്നോ നാലോ ഇന്നിങ്‌സുകള്‍ ഓപ്പണറായി ഇറങ്ങാന്‍ അവസരം നല്‍കാം. പരാജയപ്പെട്ടാലും നീ കളിക്കും. നിന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനു മുന്‍പ് ഞാന്‍ നിനക്ക് മിഡില്‍ ഓര്‍ഡറില്‍ ഒരവസരം നല്‍കും. ഇതു ഞാന്‍ അംഗീകരിക്കുകയായിരുന്നു.

ഒരു കളിക്കാരനെ വിശ്വാസത്തിലെടുക്കുകയെന്നത് ക്യാപ്റ്റനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ദാദ എന്നെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ടെന്നു ഞാന്‍ വിചാരിച്ചു, അതുകൊണ്ട് ഞാന്‍ ശ്രമിച്ചു. ഞാനിന്ന് എന്താണോ അത് അദ്ദേഹം കാരണമാണ്.’- സെവാഗ് കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more