ലൈംഗികതയുടെ തുറസ്സുകളെ ദാമ്പത്യത്തില്‍ തളച്ച കൊവിഡ് കാലം
Discourse
ലൈംഗികതയുടെ തുറസ്സുകളെ ദാമ്പത്യത്തില്‍ തളച്ച കൊവിഡ് കാലം
താഹ മാടായി
Tuesday, 11th August 2020, 3:50 pm

ബസില്‍ ഉറങ്ങുമായിരുന്ന നിങ്ങള്‍ ഈ ദിവസങ്ങളില്‍ എങ്ങനെയൊക്കെ ഉറങ്ങി?

ഇത് വളരെ ലളിതവും ബാലിശവുമായ ഒരു ചോദ്യമായി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക, അത്രയും ഋജുവല്ല അത്. നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളുടെ (ഒരാള്‍ മാത്രം യാത്ര ചെയ്യുന്ന സ്വകാര്യ വാഹനം, സ്വകാര്യ അന്യായമാണ്) തളളിത്തിരക്കലുകള്‍ കാണാം. എങ്കിലും, സഞ്ചാരിയുടെ സഞ്ചരിക്കുന്ന പൊതു ഇടം ബസ്സാണ്. ബസ്സ് ആ നിലയില്‍ സ്റ്റേറ്റ് ഏതൊരു പൗരനും സാധ്യമാക്കുന്ന ഒരു തുറവിയാണ്. ബസ്സില്‍ ടിക്കെറ്റടുക്കുന്ന ആരും തുല്യരും ‘കയറിയിറങ്ങുന്നതിനിട’യില്‍ തുല്യവകാശം പങ്കിടന്നവരുമാണ്.

ജാതി/സാമുദായിക/വംശീയ തട്ടുകള്‍ ബസ്സില്‍ രൂപപ്പെടുന്നില്ല. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, അമ്മയും കുഞ്ഞും, മുതിര്‍ന്നവര്‍ – ഇങ്ങനെ സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ മാത്രമാണ് ഇരിപ്പിന് ചില നിയന്ത്രണങ്ങള്‍. മറ്റു തരത്തിലുള്ള മേല്‍/കീഴ് തട്ടുകള്‍ ബസ്സുകളില്‍ കാണാനാവില്ല. ആ നിലയില്‍ തീവണ്ടി നല്‍കാത്ത സഞ്ചാരത്തുറസ്സ് ബസ് നല്‍കുന്നുണ്ട്. ബസ്സിലെ യാത്ര ഈ കാലത്ത്, മറ്റെല്ലാ യാത്രകളും പോലെ നിരോധിക്കപ്പെടുകയും പരിമിതമാക്കപ്പെടുകയും ചെയ്തു. അത് കാഴ്ചയുടെ സഞ്ചാര പഥങ്ങള്‍ അടച്ചു.

പുലരിയില്‍ ബസ്സില്‍ കയറുമ്പോള്‍, ആളുകള്‍ പോലെ ഗന്ധങ്ങളും കയറി വരും. ഒരു സ്റ്റോപ്പില്‍ നിന്ന് ചന്ദ്രിക സോപ്പിന്റെ വശീകരിക്കുന്ന ഗന്ധം (ചന്ദ്രിക മണം നിറച്ചു വെച്ച തോട്ടമാണ് ആ പെണ്‍കുട്ടിയുടെ മുടി), മറ്റൊരിടത്ത് നിന്ന് പിയേഴ്സ്സ് ഗന്ധവുമായി ഒരുവള്‍, രാധാസ് മണവുമായി സ്ഥിരമായി കയറുന്ന ഒരു മധ്യവയസ്‌കന്‍, ക്യൂട്ടി കൂറയുടെ ഉള്ളലിയിക്കുന്ന മണം, ബസ്സിന്റെ മുന്നിലെ ദൈവ രൂപത്തിന് മുന്നില്‍ കത്തിച്ച ചന്ദന / സാമ്പ്രാണി സമ്മിശ്ര പുക – ഇങ്ങനെ പുലരിയിലെ ബസ്സുകള്‍ ഗന്ധങ്ങളുമായി പായുന്ന ഗന്ധര്‍വ്വന്‍മാരാണ്. ബസ്സിന്റെ തീപ്പെട്ടി ചതുര ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആള്‍ക്കാഴ്ചകള്‍ കാണാം. നമ്മെ ശ്രദ്ധിക്കാത്ത അവരെ നാം ശ്രദ്ധിക്കുന്നു. അപരിചിതമായ ഒരു പരിചിതിത്ത്വം ആ നോട്ടത്തിലുണ്ട്.

ബസ്സിലെ മുന്‍ വാതിലിലൂടെ സ്ത്രീകള്‍ കയറുമ്പോള്‍, സാരി അല്‍പ്പം പൊക്കുമ്പോള്‍ കാണുന്ന ആ കണങ്കാല്‍ സൗന്ദര്യത്തെക്കുറിച്ച് ഏത് ഭാഷയിലെഴുതിയാലും മനോഹരമായിരിക്കും. ചില കാലുകളില്‍, സസ്യ ശാസ്ത്ര പുസ്തകത്തില്‍ പഠിക്കാത്ത കുഞ്ഞുവേരുകള്‍ പടര്‍ന്നിരിക്കും. ഓരോ സ്ത്രീയുടെ കണങ്കാലും സഞ്ചരിക്കുന്ന ജനിതക സൗന്ദര്യമാണ്. ഒന്നു കാണുമ്പോഴേക്കും സാരിയുടെ തിരശ്ശീല വീഴുന്ന ക്ഷണിക സൗന്ദര്യം.

ഇനി, പിറകിലെ സീറ്റില്‍ നിന്ന് മുന്നിലെ സംവരണം ചെയ്യപ്പെട്ട സ്ത്രീ സീറ്റിലേക്ക് സംവരണം ചെയ്യപ്പെടാത്ത ഒരു ആണ്‍ നോട്ടമുണ്ട്. സാരിക്കും ബ്ലൗസിനുമിടയില്‍ തെളിയുന്ന ഒരു തുണ്ട് ആകാശം. ഒരല്‍പം നീങ്ങുമോ താഴേക്ക് ആ സാരി എന്ന ആകാംക്ഷ. മൂടി വെച്ച ഒരു തോട്ടമുണ്ട് ചുവടെ! ബസ് കാഴ്ചയിലെ ഈ അനുഭൂതികളെയെല്ലാം ഈ അടഞ്ഞ കാലം റദ്ദാക്കി. പിന്നെ, വേനല്‍പ്പകലുകളില്‍ തീപെട്ടി ചതുര ജനാലയിലൂടെ കയറി വരുന്ന കാറ്റിന്റെ പരിലാളനയേറ്റുള്ള ഉറക്കം. എത്ര ശാന്തമായ ഉറക്കം. ബസ്സില്‍ ടിക്കറ്റെടുമ്പോള്‍ കാറ്റിനും ഉറക്കത്തിനുമുള്ള ടിക്കറ്റ് കൂടിയാണത്. നമുക്കാവശ്യമുള്ളത് ഒരു ബസ് നല്‍കുന്നു. അനിര്‍വചനീയമായ കാഴ്ചയുടെ സുഖം.

എലിപ്പത്തായത്തിലെ ആണ്‍

ഈ അടഞ്ഞ കാലം, ഏറ്റവും യഥാതഥമായി ഒരു സിനിമയില്‍ കാണാനാവുന്നുണ്ട്. അടൂരിന്റെ ‘എലിപ്പത്താ’യത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം. ‘കൊടിയേറ്റ’ത്തിലെ ഗോപി, ഉത്സവങ്ങളിലും കൂട്ടായ്മകളിലും കുട്ടിക്കൂട്ടങ്ങളിലും സ്വയം നഷ്ടപ്പെടുന്ന ‘ആണാ’ണെങ്കില്‍, എലിപ്പത്തായത്തിലെ കരമന അതിന് എതിര്‍ നില്‍ക്കുന്ന ആണ്‍ ആണ്. ഒരു അടഞ്ഞ ലോകത്തിന്റെ പ്രാതിനിധ്യ സ്വഭാവമാണ് ആ ആണ്‍ പ്രകടിപ്പിക്കുന്നത്.

ഭൂമിയുടെ/പറമ്പിന്റെ വിസ്താരം കൊണ്ട് ഏറെ വിഭവങ്ങള്‍ ഉള്ള ഒരിടത്ത്, ഒന്നും അനുഭവിക്കാത്ത സവിശേഷമായ ഏകകമായി അയാള്‍ ആത്മപീഡ അനുഭവിക്കുന്നു. അയാളോടൊപ്പം ആ വീട്ടില്‍ പാര്‍ക്കുന്ന സഹോദരിമാരും ‘സ്വാതന്ത്ര്യം’ എന്ന സങ്കല്പത്തിന്റെ വ്യവഹാരങ്ങള്‍ അറിയുന്നവരല്ല. അല്ലെങ്കില്‍, അങ്ങനെയൊരു വ്യക്തി ബോധ്യത്തിലേക്ക് എത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കരമന അവതരിപ്പിച്ച ഈ ‘ആണ്‍’ കോവിഡ് കാലത്തെ പുരുഷ മാതൃകയാണ്. കസേരയ്ക്കും കട്ടിലിനുമിടയില്‍ തളക്കപ്പെട്ട, ഒട്ടും ലിബറലാവാത്ത ഏകകം. ജീവസ്സ് നഷ്ടപ്പെട്ട ഓര്‍മ പോലെ ആയിത്തീര്‍ന്ന ജീവിതങ്ങള്‍.

ശരീരത്തിന്റെ അനുഭൂതികള്‍

ശരീരാനുഭൂതികള്‍ ആവിഷ്‌കരിക്കാനുള്ള സഞ്ചാരങ്ങള്‍ തടയപ്പെട്ടു എന്നത് ഏറെ വിഷാദാത്മകമായ ഒരവസ്ഥയാണ് പലരിലും സൃഷ്ടിച്ചത്. സൂക്ഷ്മമായ നോട്ടത്തില്‍, ദാമ്പത്യത്തില്‍ മാത്രം പങ്കിടുന്ന ലൈംഗികതയില്‍ ഫാസിസ്റ്റ് അനുഭൂതി ക്രമമാണുള്ളത്. ഒരു ശരീരം തനിക്ക് ഔദ്യോഗികമായി/വിവാഹ രജിസ്റ്റര്‍/നിക്കാഹ്/താലി കെട്ട് – ഇവയിലൂടെ നേടിയെടുത്ത ശരീരസുഖം പരസ്പരം പങ്കുവെക്കാനുള്ള ഒരു ഉപാധി ലൈംഗികതയാണ് വിവാഹം. ഒരു ശരീരം/ദീര്‍ഘകാലത്തേക്ക് ഒരാള്‍ക്കു മാത്രമായി കുരുതി കൊടുക്കുന്ന ഒരവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഇതിന് ബദലായി തുറക്കപ്പെട്ട ലൈംഗികതയുടെ ‘ഒളിഞ്ഞതും മധുരവുമായ ‘ ആവിഷ്‌കാരങ്ങള്‍ തടയപ്പെട്ടു. ലോകത്തുള്ള മസാജ് പാര്‍ലറുലകള്‍ അടച്ചത് ആ നിലയില്‍, ലൈംഗികതയെ ഭാഗ്യകരമായ അനുഭൂതിയിലൂടെ കടത്തി വിടാനുള്ള അവസ്ഥയെ റദ്ദാക്കി.

ശരീരത്തിന്റെ അതിര്‍ത്തികള്‍ സംവേദനക്ഷമതയോടെ പങ്കിടുന്ന ക്ഷണിക കിടപ്പറാനുഭൂതികളുടെ വാതിലുകള്‍ അടഞ്ഞു. വാസ്തവത്തില്‍ ഇത് എഴുത്ത് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല. വീര്‍പ്പുമുട്ടലിന്റെ വാഗണ്‍ ദാമ്പത്യമാണ് കോവിഡ് മിക്കവരിലും ഉണ്ടാക്കിയത്. അടച്ചുറപ്പുള്ള ഒരു ലൈംഗികതയാണത്. പക്ഷെ ,ഏറെ വിരസമായ ഒന്ന്. അല്ലെങ്കില്‍ അത്ര തന്നെ ഉരസലുള്ള ഒന്ന്. ആഴത്തിലുള്ള ഉരസല്‍, അടവുനയം പോലെ, പുറമേക്ക് ശാന്തമായിരിക്കുന്നതു കാണാം. ലൈംഗികതയുടെ’ശാന്തമായ ഉരസല്‍ ‘കേന്ദ്രങ്ങളായി വീടുകള്‍ മാറി. ‘പരിപാടി’ക്കു വേണ്ടിയുള്ള ‘പരിപാടി’കളായി അവ ചുരുക്കപ്പെട്ടു.

കാമുകിയുടെ മുല കണ്ടിട്ടെത്ര കാലമായി എന്ന സങ്കടം ആരാലും പങ്കിടാനാവാത്ത വ്യഥയായി പലരുടെയും ഉള്ളില്‍ നീറി. ‘നിന്റെ ലിംഗത്തെ അടിവേരില്‍ തൊടാന്‍’ എത്ര കാലം കാത്തിരിക്കണം എന്ന ഒറ്റവരി ആത്മകഥകള്‍ പെരുകിക്കൊണ്ടിരുന്നു. നനവ് നഷ്ടപ്പെട്ട നീര്‍ച്ചാലുകളായി യോനികള്‍ മാറി. വിദേശബുക് ഫെയറില്‍ പോയ ഒരെഴുത്തുകാരന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്, മസാജ് പകര്‍ന്ന അനുഭൂതിയെക്കുറിച്ചാണ്. ഒരു തായ് വനിതയുടെ ശരീരം സ്വര്‍ഗീയ താളുകള്‍ കൊണ്ട് എഴുതപ്പെട്ട പുസ്തകം പോലെയാണത്രെ അയാള്‍ വായിച്ചത്! എത്ര കാവ്യാത്മകമായിരിക്കും, ആ അനുഭൂതികള്‍. വിരസമായ വാഗണ്‍ ദാമ്പത്യങ്ങളില്‍ നിന്നുള്ള വിമോചന കേന്ദ്രങ്ങളും ഈ കാലത്ത് അടഞ്ഞുതന്നെ കിടന്നു. ചില കാമുകിമാര്‍ ഒരു മൂലയിലിരുന്ന് ഫോണില്‍ മുലകള്‍ സെല്‍ഫി ആയി പകര്‍ത്തി കാമുകന്മാര്‍ക്ക് വാട്‌സാപ്പ് അയക്കുകയും ക്ഷണനേരം കൊണ്ട് delete for everyone അമര്‍ത്തുകയും ചെയ്തു. ചില പുരുഷന്മാരാവട്ടെ നഗ്‌നചിത്രം പോസ്റ്റി delete for me അയച്ച്, പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുന്ന ദാരുണമായ അവസ്ഥയുമുണ്ടായി. അങ്ങനെ കോവിഡ്, പുതിയ ശൃംഗാര പഥങ്ങള്‍ തുറന്നു, തുറന്നു കിടന്നവ അടച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി
എഴുത്തുകാരന്‍