Advertisement
Cricket
ഇത് ചെറിയ കാര്യമല്ല; വൈസ് ക്യാപ്റ്റനിലേക്കുള്ള സഞ്ജു നടന്നുകയറിയ വഴികള്‍ ഒരുപാടാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 27, 11:58 am
Tuesday, 27th September 2022, 5:28 pm

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു വി സാസംണ്‍ ടീമിന്റെ ഉപനായകനായേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. നിലവില്‍ സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുന്ന വാര്‍ത്തയാണിത്.

ഇതുറപ്പിക്കാവുന്ന ഒരു സോഴ്‌സ് പോലും നിലവില്‍ ഇല്ലെങ്കില്‍ പോലും ഇതിനുള്ള സാധ്യത ഒരുപാടുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പര കളിക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അവസാന ടി-20 പരമ്പരയാണിത്.

ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ലോകകപ്പിനുള്ള താരങ്ങള്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണ് ആ ഒരു സാഹചര്യത്തില്‍ പ്രധാന സ്‌ക്വാഡില്‍ ഇല്ലാത്തവരായിരിക്കും കളിക്കുക.

ഈ ഒരു സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ട്. വെറ്ററന്‍ താരമായ ധവാന്‍ ടീമിന്റെ നായകനായേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സീനിയര്‍ താരങ്ങള്‍ റെസറ്റ് എടുത്ത വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലും സിംബാബ്‌വെ പരമ്പരയിലും ധവാനായിരുന്നു ടീമിനെ നയിച്ചത്.

ഈ രണ്ട് പരമ്പരയിലും സഞ്ജു ടീമിന്റെ പ്രധാന ഭാഗമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഏകദിന ടീമിലെത്തിയത്.

മോശമല്ലാത്ത പ്രകടനം തന്നെ അദ്ദേഹം വിന്‍ഡീസിനെതിരെയും സിംബാബ്‌വെക്കെതിരെയും നടത്തിയിരുന്നു. എന്നാല്‍ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ ഈ പ്രകടനമൊന്നും പോരായിരുന്നു.

അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ബി.സി.സി.ഐക്ക് നേരെയുണ്ടായിരുന്നു. അദ്ദേഹം ലോകകപ്പ് സ്‌ക്വാഡില്‍ ഇടം അര്‍ഹിച്ചിരുന്നവെന്നായിരുന്നു ആരാധകരും കുറച്ചു നിരീക്ഷകരും വാദിച്ചത്.

പിന്നീട് ന്യൂസിലാന്‍ഡ് എ-ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ എയുടെ നായകനായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് അവസാനിച്ച പരമ്പരയില്‍ സഞ്ജുവിന്റെ കീഴില്‍ മൂന്ന് മത്സരവും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

ബാറ്റ് കൊണ്ടും ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്.

എന്നാല്‍ സഞ്ജുവിനെ ഈ പരമ്പരയില്‍ നായകനാക്കിയത് പ്രതിഷേധം ഭയന്നാണെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ പറഞ്ഞിരുന്നു. ഒരു പരിധിവരെ ആരാധകരും അത് ശരിവെച്ചു.

എന്നാല്‍ സൗത്താഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കിയാല്‍ അത് ചരിത്രം തന്നെയായിരിക്കും. ഇന്ത്യയുടെ ഇങ്ങേ മൂലയായ കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

അവിടെ നിന്നാണ് ഇന്ത്യന്‍ ടീമിന്റെ ഒരു പ്രധാന റോളില്‍ സഞ്ജു നടന്നുകയറുന്നത്.

ക്രിക്കറ്റിന്റെ തന്നെ ഏറ്റവും പുതിയ അപ്‌ഡേഷനായ അറ്റാക്കിങ് അപ്രോച്ച് തന്നെയാണ് സഞ്ജുവിന്റെയും ഏറ്റവും വലിയ പ്ലസ് പോയിന്റ്.

മുന്‍ കാലങ്ങളില്‍ നിന്നും ഏറെ മാറിയ സഞ്ജുവിനെയാണ് ഈ ഐ.പി.എല്‍ മുതല്‍ കാണാന്‍ നമുക്ക് കാണാന്‍ സാധിച്ചത്. രാജസ്ഥാന്‍ റോയല്‍സിലായാലും ഇന്ത്യന്‍ ടീമിലായാലും തന്റെ സ്വതസിദ്ധ ശൈലിയായ ആക്രമണത്തിനൊപ്പം മെച്ച്യൂരിറ്റിയും അദ്ദേഹം കൈവരിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനെ വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം നയിച്ചത്. ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 2008ന് ശേഷം റോയല്‍സിനെ ഐ.പി.എല്‍ ഫൈനലില്‍ എത്തിക്കുന്ന ആദ്യ നായകനായും സഞ്ജു ചരിത്രം കുറിച്ചിരുന്നു.

ക്യാപ്റ്റന്‍സിയിലെ അദ്ദേഹത്തിന്റെ ഐസ് കൂള്‍ ആറ്റിറ്റിയൂഡിന ഒരുപാട് ആരാധകരുണ്ടായിരുന്നു.

ഭാവിയില്‍ സഞ്ജു ഇന്ത്യയുടെ നായകനായാലും അത്ഭുതപ്പെടുത്താനൊന്നുമില്ല കാരണം അയാള്‍ ചട്ടകൂടുകളെ പൊളിച്ച് മാറ്റാന്‍ വന്നതാണ്.

Content Highlight: How Sanju Samson paved way to be Vice captain of Indian team against southafrica