| Sunday, 12th May 2019, 12:01 pm

വിമാനം കാണാതിരിക്കാന്‍ റഡാര്‍ ബൈനോക്കുലറല്ലെന്ന് ഇയാള്‍ക്ക് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കുമോ; മോദിയ്ക്ക് ട്രോള്‍മഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോശം കാലാവസ്ഥയ്ക്കിടയിലും ബാലാകോട്ടിലേക്ക് വിമാനം പറത്താന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയത് താനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ട്രോളി സോഷ്യല്‍മീഡിയ. ന്യൂസ് നാഷന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മേഘങ്ങളെ മറയാക്കി റഡാറുകളുടെ കണ്ണില്‍പ്പെടാതെ വിമാനം പറത്താന്‍ നിര്‍ദേശിച്ചുവെന്നാണ് മോദി പറഞ്ഞിരുന്നത്.

അഭിമുഖത്തില്‍ മോദി പറഞ്ഞ കാര്യങ്ങള്‍ ബി.ജെ.പി ഇന്ത്യ, ബി.ജെ.പി ഗുജറാത്ത് എന്നീ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു.

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചാണ് റഡാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ മേഘങ്ങള്‍ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സഹായിക്കാന്‍ കഴിയില്ലെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.

വലിയ ട്രോളുകളും വിമര്‍ശനങ്ങളുമാണ് പ്രസ്താവനയില്‍ മോദി നേരിടുന്നത്. ലഗാന്‍ സിനിമയില്‍ ഗ്രാമീണര്‍ മേഘങ്ങളെ നോക്കുന്നതടക്കമുള്ള മീമുകള്‍ ഉപയോഗിച്ചാണ് ട്രോളുകളുള്ളത്.

വിമാനത്തിന്റെ പൈലറ്റ് താനാണെന്ന് പറയുന്നതിന്റെ അടുത്ത് വരെ മോദി എത്തിയെന്ന് യൂട്യൂബറായ കുനാല്‍ കമ്ര പറയുന്നു. റഡാര്‍ എന്നാല്‍ ബൈനോക്കുലറല്ലെന്ന് മോദിയോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണമെന്ന് സി.പി.ഐ.എം എം.പിയായ മുഹമ്മദ് സലീം ട്വീറ്റ് ചെയ്തു.

മെയ് 23 ആവട്ടെയെന്നും ബി.ജെ.പിയുടെ ഭൂരിപക്ഷം മോദിയ്ക്ക് ബൈനോക്കുലറും മൈക്രോസ്‌കോപ്പും ഉപയോഗിച്ചാല്‍ പോലും കാണാന്‍ കഴിയില്ലെന്നും സലീം പരിഹസിക്കുന്നു.

We use cookies to give you the best possible experience. Learn more