'കണ്ടതും കേട്ടതും ഒന്നുമല്ല, അതുക്കും മേലെയാണ് രാഹുല്‍ എന്ന മനുഷ്യന്‍'; 'നിര്‍ഭയ'യുടെ സഹോദരനെ പൈലറ്റാക്കാന്‍ ആരുമറിയാതെ സഹായിച്ചത് രാഹുല്‍ ഗാന്ധി; തുറന്ന് പറഞ്ഞ് നിര്‍ഭയയുടെ അമ്മ
India
'കണ്ടതും കേട്ടതും ഒന്നുമല്ല, അതുക്കും മേലെയാണ് രാഹുല്‍ എന്ന മനുഷ്യന്‍'; 'നിര്‍ഭയ'യുടെ സഹോദരനെ പൈലറ്റാക്കാന്‍ ആരുമറിയാതെ സഹായിച്ചത് രാഹുല്‍ ഗാന്ധി; തുറന്ന് പറഞ്ഞ് നിര്‍ഭയയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2017, 7:45 pm

ന്യൂദല്‍ഹി: രാഷ്ട്രീയ മണ്ഡലത്തില്‍ വന്‍ തിരിച്ചു വരവ് നടത്തി കൊണ്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ പുറമേ കാണുന്നതിനേക്കാള്‍ വലുതാണ് രാഹുലെന്ന വ്യക്തിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ ഇരയുടെ സഹോദരന്‍ ഇന്നൊരു പൈലറ്റാണ്. അതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് അധികമാര്‍ക്കും അറിയില്ല.

2012 ല്‍ തന്റെ സഹോദരി കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അവന്‍ 19 വയസുകാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് യു.പിയിലെ റായി ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമയിലെ ട്രെയിനിംഗ് പൂര്‍ത്തിയായി പറക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. ട്രെയിനിംഗിന് അവനെ സഹായിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു.

നിര്‍ഭയയ്ക്ക് രണ്ട് ഇളയ സഹോദരന്മാരായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പേരില്‍ മൂത്തവനാണ് ഇപ്പോള്‍ പരിശീലനം കഴിഞ്ഞിരിക്കുന്നത്. കേസിന്റെ വിചാരണ കാലത്ത് കോടതിയില്‍ അവന്‍ എത്തിയിരുന്നെങ്കിലും ഇളയ സഹോദരന്‍ മീഡിയയില്‍ നിന്നും അകന്ന് നില്‍ക്കുകയായിരുന്നു. കേസിലെ കുട്ടിപ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മൂത്തവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പിന്നീടായിരുന്നു അവനെ രാഹുല്‍ ഏറ്റെടുക്കുന്നത്. സംഭവം പുറത്ത് അറിയിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വവും രാഹുലും നിര്‍ഭയയുടെ കുടുംബത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മകന് അഡ്മിഷന്‍ നേടി കൊടുക്കുന്നതിലും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിലും രാഹുല്‍ ഗാന്ധി സഹായിച്ചതായി നിര്‍ഭയയുടെ അമ്മ വെളിപ്പെടുത്തിയതായി സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Also Read:  പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്; അരങ്ങേറ്റം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലുടെ; മനസു തുറന്ന് ഒമര്‍ ലുലു


രാഹുല്‍ ഗാന്ധിയുടെ ഉദാര മനസിന് തന്റെ മകന്‍ പാത്രമായിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കോടതിയിലെ സംഭവങ്ങള്‍ പിന്നാലെ തങ്ങളുടെ മക്കളെ കോടതിയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുടുംബത്തിന്റെ ദൗര്‍ഭാഗ്യം അവരുടെ കരിയറിനെ ബാധിക്കരുതെന്നും കരുതിയെന്നും അവര്‍ പറയുന്നു.

രണ്ടാമത്തെ മകന്‍ ഇപ്പോള്‍ എഞ്ചിനീയറിംഗിന് പഠിക്കുന്നു. അവന്റെ വിദ്യാഭ്യാസത്തിന്റെ ചെലവ് നോക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടിലെ ജോലി സ്ഥിരപ്പെടുത്തിയെന്നും സംഭവത്തിന് ശേഷം ആരോഗ്യസ്ഥിതി മോശമായി അദ്ദേഹത്തിന് ഇപ്പോള്‍ ഡെസ്‌ക് ജോലിയിലേക്ക് മാറ്റിയെന്നും അവര്‍ അറിയിച്ചു.

നിര്‍ഭയയുടെ സഹോദരന്റെ വിദ്യാഭ്യാസത്തിന് രാഹുല്‍ ഗാന്ധി സഹായം നല്‍കിയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.