| Friday, 4th September 2020, 7:17 pm

യു.പി മുതല്‍ രാജസ്ഥാന്‍ വരെ പിന്തുടര്‍ന്നു; കഫീല്‍ഖാനെ രാജസ്ഥാനില്‍ എത്തിക്കാന്‍ പ്രിയങ്കാഗാന്ധിയും കോണ്‍ഗ്രസും ചെയ്തതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കഫീല്‍ ഖാനെ സുരക്ഷിതനായി രാജസ്ഥാനില്‍ എത്തിക്കുന്നതിന് അദ്ദേഹത്തിന്റെ യാത്രയില്‍ ഇടപെട്ട് കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും. കഫീല്‍ ഖാന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയെ ഏര്‍പ്പാടാക്കുകയായിരുന്നു പ്രിയങ്ക.

കഫീല്‍ ഖാന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി നാല് തവണ മധുര എം.എല്‍.എയായ പ്രദീപ് മാതൂര്‍ കാത്തുനിന്നിരുന്നു.

‘പ്രിയാങ്കാജീയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കഫീല്‍ ഖാനെ സ്വീകരിക്കാനായി എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്തു. രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് അദ്ദേഹത്തിനൊപ്പം ഞങ്ങള്‍ പോവുകയും ചെയ്തു’, പ്രദീപ് ദ പ്രിന്റിനോട് പറഞ്ഞു.

‘യു.പിയില്‍ കഫീല്‍ ഖാന്‍ സുരക്ഷിതനായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടത്ര കാലം രാജസ്ഥാനില്‍ ജീവിക്കാവുന്നതാണ്’, യു.പിയിലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഷഹ്നവാസ് ആലം ദ പ്രിന്റിനോട് പറഞ്ഞു.

കഫീല്‍ ഖാന്റെ താമസവുമായി ബന്ധപ്പെട്ട ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും ആലം പറഞ്ഞു.

‘പ്രിയങ്കാജീക്ക് കഫീല്‍ ഖാന്റെ കുടുംബവുമായി നേരിട്ട് ബന്ധമുണ്ട്. അദ്ദേഹവും കുടുംബവും സുരക്ഷിതരായിരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്’, ആലം പറഞ്ഞു.

വ്യാഴാഴ്ച കുടുംബത്തോടൊപ്പം ജയ്പൂരില്‍ എത്തിയതിന് ശേഷം കഫീല്‍ ഖാന്‍ പ്രിയങ്കാഗാന്ധിക്ക് നന്ദി അറിയിച്ചിരുന്നു. രാജസ്ഥാനില്‍ താന്‍ സുരക്ഷിതനാണെന്ന് കരുതുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

രാജസ്ഥാന്‍ മധുരയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് ഞങ്ങള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ സാധിച്ചത് അവിടെയൊരു കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉള്ളതുകൊണ്ടാണെന്നും കഫീല്‍ ഖാന്‍ ജയ്പൂരില്‍ വെച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

അലിഖണ്ഡ് മുസ്ലിം സര്‍വ്വകലാശാലയില്‍വെച്ച് നടന്ന പൗരത്വഭേദഗതി പ്രതിഷേധത്തില്‍ വിദ്വേഷപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരി 29നാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കഫീല്‍ഖാന് മേല്‍ ദേശീയസുരക്ഷാനിയമലംഘനത്തിന്റെ പേരിലും കേസെടുക്കുകയായിരുന്നു. എന്നാല്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷപരമല്ലെന്ന് പറഞ്ഞ അലഹാബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതിഫലം പോലും ചോദിക്കാതെ ആളുകളെ പരിചരിക്കുന്ന ഡോക്ടറാണ് കഫീല്‍ ഖാനെന്നും, അദ്ദേഹത്തെ ജയില്‍മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി ജൂലൈയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

കൂടാതെ കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് യു.പിയിലെ എല്ലാ ജില്ലകളിലും 15 ദിവസത്തെ ക്യാമ്പയിനും കോണ്‍ഗ്രസ് നടത്തിയിരുന്നു. രക്തദാനം, ഒപ്പു ശേഖരണം, നിരാഹാരസമരം, എന്നിവയും കഫീല്‍ ഖാന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: how priyanka gandhi and congress helped kafeel khans family move to safe rajasthan

We use cookies to give you the best possible experience. Learn more