| Wednesday, 27th December 2017, 9:32 am

പാക്കിസ്ഥാനികളുടെ രക്തംകൊണ്ട് നിങ്ങളുടെ ഭര്‍ത്താവ് ഹോളി കളിച്ചു, എന്താണ് പറയാനുള്ളത്; കുല്‍ഭൂഷന്റെ ഭാര്യയോടും അമ്മയോടും ക്രൂരമായ ചോദ്യങ്ങളുമായി പാക് മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്ക് ജയിലിലടച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അമ്മയോടും ഭാര്യയോടും ക്രൂരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് പാക് മാധ്യമപ്രവര്‍ത്തകര്‍.

സന്ദര്‍ശത്തിന് പിന്നാലെ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പുറത്തിറങ്ങി ഇരുവരും വാഹനത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു പാക് മാധ്യമപ്രവര്‍ത്തകര്‍ ഇരുവരോടും ചോദ്യങ്ങള്‍ വിളിച്ചു ചോദിച്ചത്.

“താങ്കളുടെ ഭര്‍ത്താവ് നിരപരാധികളായ ആയിരക്കണക്കിന് പാകിസ്താനികളുടെ രക്തം കൊണ്ട് ഹോളി കളിച്ചു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു” ഒരു പാക്മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

കൊലപാതകിയായ മകനെ കണ്ടതിനു ശേഷം എന്താണ് തോന്നുന്നത് എന്നായിരുന്നു കുല്‍ഭൂഷണിന്റെ അമ്മയോടുള്ള ചോദ്യം. നിരപരാധികളായ നിരവധി പാക്കിസ്ഥാന്‍ പൗരന്‍മാരെ നിങ്ങളുടെ നിങ്ങളുടെ ഭര്‍ത്താവ് കൊലചെയ്തുവെന്നും എന്താണ് ഇതോടുള്ള പ്രതികരണമെന്നുമായിരുന്നു മറ്റൊരു ചോദ്യം. പാക്മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം വിളിച്ചു ചോദിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ പാക് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചേതന്‍കുലും അവന്തിയും ഓഫീസിന് അകത്തേക്ക് നീങ്ങുന്നതായും വീഡിയോയില്‍ കാണാം.

45 മിനുട്ടോളമാണ് കുല്‍ഭൂഷണും അമ്മയും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ചില്ലുമറയ്ക്ക് ഇരുവശത്തുമായി ഇരുന്നായിരുന്നു കൂടിക്കാഴ്ച.

ഡിസംബര്‍ 25നാണ് കുല്‍ഭൂഷണിനെ കാണാന്‍ അമ്മ അവന്തി ജാധവിനും ഭാര്യ ചേതന്‍കുല്‍ ജാധവിനും പാകിസ്താന്‍ അനുമതി നല്‍കിയത്. ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

കുല്‍ഭൂഷനെ കാണുന്നതിന് മുന്നോടിയായി ഇരുവരുടേയും ആഭരണങ്ങളും ചെരിപ്പും ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഊരിവാങ്ങിയിരുന്നു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിക്കുയും ചെയ്തിരുന്നു.

തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നും സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.

കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്.

We use cookies to give you the best possible experience. Learn more