| Saturday, 14th December 2019, 5:45 am

എന്‍.ആര്‍.സി എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കലല്ല, തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖ ക്യൂ നിന്ന് ഹാജരാക്കലാണ്

ഫാറൂഖ്

എന്‍.ആര്‍.സിയെയും പൗരത്വ ബില്ലിനെയും കുറിച്ച് പലപ്പോഴായി ഡൂള്‍ന്യൂസില്‍ എഴുതിയ ആള്‍ എന്ന നിലക്ക് ഒരുപാട് ബി.ജെ.പി സുഹൃത്തുക്കള്‍ പലപ്പോഴായി ചോദിച്ച ചോദ്യങ്ങളും അവക്കുള്ള എന്റെ ഉത്തരങ്ങളും ആണിത്. വാട്‌സാപ്പിലൂടെയുള്ള മറുപടികള്‍ ആയതുകൊണ്ട് സംക്ഷിപ്തമാണ്.

ചോദ്യം: ഇന്ത്യ ആര്‍ക്കും കയറി വന്നു താമസിക്കാനുള്ള സത്രമല്ല. അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ എന്തുകൊണ്ട് ബംഗ്ലാദേശികളെ സ്വന്തം വീട്ടില്‍ കയറ്റി താമസിപ്പിക്കുന്നില്ല?

ഉത്തരം: ഇത് ഞാന്‍ നിങ്ങളോടു ചോദിക്കേണ്ട ചോദ്യമാണ്. ഇന്ത്യയില്‍ മറ്റുള്ള രാജ്യക്കാരെ കയറ്റണമെന്നും പൗരത്വം കൊടുക്കണമെന്നും വാദിക്കുന്നത് ബി.ജെ.പിയാണ്, വേറാരും അങ്ങനെ വാദിക്കുന്നില്ല.

പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കും ഇഷ്ടം പോലെ ഇന്ത്യയിലേക്ക് വരാനുള്ള സാഹചര്യമൊരുക്കുന്ന ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്, വേറാരുമല്ല. നിങ്ങളാണ് ഇന്ത്യയെ സത്രമാക്കുന്നത്, അതുകൊണ്ട് നിങ്ങളാണ് അവരെ വീട്ടില്‍ കയറ്റി താമസിപ്പിക്കേണ്ടത്.

ചോദ്യം: അത് പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള ബില്ലാണ്. അവരോട് നമ്മള്‍ മനുഷ്യത്വം കാണിക്കേണ്ടതല്ലേ?

തീര്‍ച്ചയായും. നൂറു ശതമാനം അംഗീകരിക്കുന്നു. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് സത്യമാണ്. അവിടുത്തെ മതനിന്ദാ നിയമവും മറ്റും അങ്ങേയറ്റം വിവേചനപരവും മനുഷ്യത്വ വിരുദ്ധവുമാണ്.

ക്രിസ്ത്യാനിയായ ആസിയ ബീവിയോട് പാക്കിസ്ഥാന്‍ കാണിച്ച ക്രൂരത ലോക മനസ്സാക്ഷിയെ നടുക്കിയതാണ്. അങ്ങനെയുള്ളവര്‍ക്ക് ഇന്ത്യ അഭയം കൊടുക്കണം എന്നതിനെ ആരെങ്കിലും എതിര്‍ക്കും എന്ന് കരുതുന്നില്ല.

പക്ഷേ, അതിനൊക്കെയുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഉദാഹരണമായി ചൈന വിട്ടോടേണ്ടി വന്ന ദലൈലാമ, ബംഗ്ലാദേശില്‍ നിന്ന് ഇസ്‌ലാമിക തീവ്രവാദികളെ പേടിച്ചോടേണ്ടി വന്ന തസ്ലീമ, വംശഹത്യക്കിരയാകേണ്ടി വന്ന ശ്രീലങ്കന്‍ തമിഴരുടെ കുടുംബാംഗങ്ങള്‍, അങ്ങനെ പലര്‍ക്കും ഇന്ത്യ അഭയം കൊടുത്തിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ പുതപ്പു വില്‍ക്കാന്‍ വന്നുകൊണ്ടിരുന്ന ടിബറ്റന്മാര്‍, കാബൂളിവാല എന്ന് വിളിക്കുന്ന അഫ്ഗാനികള്‍, കുറച്ചു റോഹിന്‍ഗ്യക്കാര്‍, ചെന്നൈയില്‍ പലയിടത്തായി കാണപ്പെടുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഇങ്ങനെ പലരും ഇന്ത്യയിലുണ്ട്. അവര്‍ക്കൊക്കെ കാലങ്ങളായി ഇന്ത്യ പൗരത്വം കൊടുത്തിട്ടുണ്ട്. അതിന് പുതിയ ഒരു നിയമത്തിന്റെയും ആവശ്യമില്ല.

ചോദ്യം: ഇപ്പോഴുള്ള നിയമങ്ങളുടെ കൂടെ മറ്റൊരു നിയമം, അങ്ങനെ കണക്കാക്കിയാല്‍ പോരെ?

സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ രീതികള്‍ക്ക് ഒരു ഉദാഹരമാണ് ഈ ബില്ല്. കള്ളനോട്ട് പിടിക്കാന്‍ മുഴുവന്‍ നോട്ടും നിരോധിച്ച പോലെ.

മുമ്പുണ്ടായിരുന്ന നിയമങ്ങള്‍ പ്രകാരം നമ്മള്‍ ഇന്ത്യക്കാര്‍ തീരുമാനിക്കുന്ന വിദേശികള്‍ക്ക് മാത്രമേ ഇന്ത്യയില്‍ വരാന്‍ കഴിയുമായിരുന്നുള്ളൂ. ഈ ബില്ല് ഇന്ത്യന്‍ പൗരത്വം വിദേശികളുടെ അവകാശമാക്കി.

ഉദാഹരണത്തിന് ഒന്നരകോടി ഹിന്ദുക്കളുള്ള ബംഗ്ലാദേശികള്‍ നിന്ന് ഒരു കോടി പേര്‍ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ പുതിയ നിയമപ്രകാരം തത്വത്തിലെങ്കിലും ഇന്ത്യക്കാര്‍ അവരെ സ്വീകരിക്കേണ്ടി വരും. ഫലത്തില്‍ ഇന്ത്യയെ ഒരു സത്രമാക്കി മാറ്റി.

ചോദ്യം: അതിനാണോ നിങ്ങളൊക്കെ പ്രതിഷേധിക്കുന്നത്?

അല്ല. അതിന്റെ പേരില്‍ സമരം ചെയ്യുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനക്കാരാണ്. ബാക്കിയുള്ളവര്‍ സമരം ചെയ്യുന്നത് ബില്ലിലുള്ള മതപരമായ വിവേചനത്തിന് എതിരായാണ്. പൗരത്വം തീരുമാനിക്കുന്ന കാര്യത്തില്‍ മത വിശ്വാസികള്‍ തമ്മില്‍ വിവേചനം കാണിക്കുന്നത് ഇന്ത്യ ഒരു മത രാഷ്ട്രമാകുന്നതിന്റെ തുടക്കമാണ്.

മതാധിഷ്ഠിത രാജ്യങ്ങള്‍ സാമൂഹികമായോ സാമ്പത്തികമായോ അഭിവൃദ്ധി പ്രാപിച്ച ചരിത്രമില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ തുടക്കത്തില്‍ പ്രധിഷേധിച്ചില്ലെങ്കില്‍ നമ്മുടെ ഭാവി തലമുറക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു രാജ്യമായി മാറും ഇന്ത്യ.

ചോദ്യം: വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ എന്തിനാണ് ഈ ബില്ലിനെതിരെ സമരം ചെയ്യുന്നത്?

ഈ ബില്ല് ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കി. അതുകൊണ്ട് തങ്ങളുടെ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബംഗ്ലാദേശികളെ കൊണ്ട് നിറയും എന്നവര്‍ പേടിക്കുന്നു.

ഇപ്പോള്‍ തന്നെ ത്രിപുര മുഖ്യമന്ത്രി ഒരു മുന്‍ ബംഗ്ലാദേശിയാണ്. ഭാവിയില്‍ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് ബംഗ്ലാദേശികളായിരിക്കും എന്നതാണ് അവരുടെ പേടി. അവരുടെ സംസ്‌കാരവും ഭാഷയും ഇല്ലാതാവുമെന്നും അവര്‍ ഭയക്കുന്നു.

ചോദ്യം: ഇതൊക്കെയായിട്ടും എന്തിനാണ് ബി.ജെ.പി ബില്ല് കൊണ്ടുവന്നത്?

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വോട്ട് ബാങ്ക് ബംഗാളി-ഹിന്ദുക്കളാണ്. എന്‍.ആര്‍.സി നടപ്പാക്കിയപ്പോള്‍ പുറത്തായവരില്‍ ഭൂരിപക്ഷവും ബംഗാളി-ഹിന്ദുക്കളായത് ബി.ജെ.പിയെ ഞെട്ടിച്ചു. അവര്‍ക്ക് ഒരു കോലു മിഠായി എന്ന നിലയിലാണ് ഈ ബില്ല് അവതരിപ്പിക്കുന്നത്, അതിന്റെ കൂടെ കുറച്ചു വര്‍ഗീയത കൂടെ ചേര്‍ത്തു എന്നേയുള്ളൂ.

ചോദ്യം: അങ്ങനെയെങ്കില്‍ അങ്ങനെ, എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായ കുറെ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെ എന്ന് വെച്ചൂടെ?

എന്‍.ആര്‍.സി അപേക്ഷിച്ചപ്പോള്‍ അവര്‍ കൊടുത്ത സത്യവാങ്മൂലം അവര്‍ തലമുറകളായി ഇന്ത്യക്കാരായിരുന്നു എന്നാണ്. പുതിയ ബില്ലിന്റെ സൗകര്യം വിദേശികള്‍ക്ക് മാത്രമേയുള്ളൂ. ഇത് നിയമപരമായ ഊരാക്കുടുക്കിലേക്ക് നയിക്കും. ഫലത്തില്‍ ഈ ബില്ല് അവരെ സഹായിക്കാന്‍ സാധ്യതയില്ല.

ചോദ്യം: ഈ ബില്ല് ഫലത്തില്‍ ആരെയെങ്കിലും സഹായിക്കുമോ?

മൊത്തം 31,313 അഭയാര്‍ത്ഥി അപേക്ഷകളാണ് ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം നിലവിലുള്ളത്. 25,447 ഹിന്ദുക്കള്‍, 5807 സിഖുകാര്‍, 55 ക്രിസ്ത്യാനികള്‍, 2 ബുദ്ധിസ്റ്റുകള്‍, 2 പാഴ്‌സികള്‍. ആകെ 31,313.

ഈ നിയമം ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് കര്‍ശനമായ ഉപാധികളുടെയും നിരീക്ഷണങ്ങളുടെയും ശേഷം മാത്രമേ പൗരത്വം ലഭിക്കുമായിരുന്നുള്ളൂ, ഇപ്പോള്‍ അവകാശം പോലെ പൗരത്വം ലഭിക്കും. ഇവര്‍ ശരിക്കും പീഡിപ്പിക്കപ്പട്ടവരാണോ അതോ ഐ.എസ്.ഐ ചാരന്മാരാണോ എന്നൊന്നും അറിയില്ല.

ചോദ്യം: ശരി, പൗരത്വ ബില്ല് അവിടെ നില്‍ക്കട്ടെ, പൗരത്വ പട്ടിക അഥവാ എന്‍.ആര്‍.സിയെ നിങ്ങള്‍ എതിര്‍ക്കുന്നത് എന്തിനാണ്? ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും പൗരത്വ പട്ടികയില്ലേ?

മിക്ക വികസിത രാജ്യങ്ങളിലും പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ട്. അതിന്റെ മൊത്തം ഒരു പ്രിന്റൗട്ട് എടുത്തു ബൈന്‍ഡ് ചെയ്തു വച്ചാല്‍ അതിനെ പൗരത്വപട്ടിക എന്ന് വിളിക്കാം. ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ട്. ഇല്ലാത്തവര്‍ നിര്‍ബന്ധമായി എടുക്കണമെന്ന് ഉത്തരവിറക്കാം. ആധാര്‍ ഡാറ്റാബേസില്‍ നിന്ന് ഒരു പ്രിന്റൗട്ട് എടുത്ത് ബൈന്‍ഡ് ചെയ്തു വച്ചാല്‍ പൗരത്വ പട്ടികയായി.

എന്‍.ആര്‍.സി എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കലല്ല, പൗരന്മാര്‍ മുഴുവന്‍ ഒരു ഉദ്യോഗസ്ഥന്റെ മുമ്പില്‍ ക്യൂ നിന്ന് തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖ ഹാജരാക്കലാണ്. ലോകത്തില്‍ ഒരു രാജ്യത്തും അങ്ങനെയൊരു പരിപാടിയില്ല. ഹിറ്റ്‌ലര്‍ പോലും അങ്ങനെ ഒരു പരിപാടി നടപ്പാക്കിയതായി കേട്ടിട്ടില്ല.

ചോദ്യം: ഗള്‍ഫിലൊക്കെ ചെക്കിങ് ഉണ്ടാവാറില്ലേ? അതോ?

ഗള്‍ഫില്‍ അറബികളോട് മുഴുവന്‍ ക്യൂ നിന്ന് അപ്പനപ്പൂപ്പന്മാരുടെ ആധാരം സമര്‍പ്പിക്കാന്‍ പറയുന്ന ഒരു രീതിയില്ല. അറബികളോട് മാത്രമല്ല ആരോടും. ഉദ്യോഗസ്ഥന്മാര്‍ വന്നു സംശയമുള്ളവരോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കും. ഇന്ത്യയിലും അങ്ങനെ ചെയ്യാന്‍ തടസ്സമുണ്ടെന്നു തോന്നുന്നില്ല. പൊലീസ് ഓഫീസര്‍മാര്‍ വന്നു നാട്ടില്‍ പണിയെടുക്കുന്ന ബംഗാളികളോടൊക്കെ ഐ.ഡി കാര്‍ഡ് ചോദിക്കുന്നത് കണ്ടിട്ടുണ്ട്, നിയമപരമാണോ എന്നുറപ്പില്ല.

ചോദ്യം: ആധാര്‍ കാര്‍ഡില്‍ കൃത്രിമം നടക്കുന്നില്ലേ, കള്ള ആധാര്‍ കാര്‍ഡുള്ള ആളുകളില്ലേ, അതുകൊണ്ടല്ലേ അപ്പനപ്പൂപ്പന്മാരുടെ ആധാരം ചോദിക്കുന്നത്?

ആധാര്‍ കാര്‍ഡ് ഡിജിറ്റിസിഡ് ആണ്. പൊലീസ് ഓഫീസര്‍മാര്‍ക്ക് കമ്പ്യൂട്ടറില്‍ ക്രോസ്സ് ചെക്ക് ചെയ്യാം. എന്നാലും കൃത്രിമം നടക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ല. ആധാര്‍ ഡാറ്റബേസ് കുറ്റമറ്റതാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതവര്‍ ചെയ്യുമ്പോള്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

ചോദ്യം: ഇന്ത്യയിലേക്ക് ഒരുപാട് ബംഗ്ലാദേശുകാര്‍ നുഴഞ്ഞു കയറി വരുന്നുണ്ടല്ലോ? അതെങ്ങനെ തടയാം?

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിലും എളുപ്പത്തില്‍ ബംഗ്ലാദേശികള്‍ക്ക് ദുബായിയിലേക്കോ സിംഗപ്പൂരിലേക്കോ എത്തിപ്പെടാം. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ഏതെങ്കിലും കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അഞ്ഞൂറ് രൂപക്ക് ജോലി ചെയ്യണമെങ്കില്‍ ബംഗ്ലാദേശിക്ക് തലക്ക് ഓളം ഉണ്ടാവണം.

ചോദ്യം: അങ്ങനെ തലക്ക് ഓളമുള്ള ഏതെങ്കിലും ബംഗ്ലാദേശി നുഴഞ്ഞു കയറുമ്പോള്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കണോ?

ആരെങ്കിലും അതിര്‍ത്തി നുഴഞ്ഞു കയറുന്നത് കണ്ടാല്‍ തടയണം. രണ്ടു ലക്ഷം കോടിയാണ് ഇന്ത്യന്‍ സൈന്യത്തിനുള്ള ബജറ്റ്. ലക്ഷക്കണക്കിന് സൈനികരാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത്. ആരെങ്കിലും നുഴഞ്ഞു കയറാന്‍ ശ്രമിച്ചാല്‍ അവര്‍ അപ്പോള്‍ തടയും.

അതിര്‍ത്തി ലംഘിക്കുന്നവരെ വെടി വെക്കുന്നത് ലോകരാജ്യങ്ങള്‍ മുഴുവന്‍ ചെയ്യുന്ന കാര്യമാണ്. ആരും അതിനെ കുറ്റപ്പെടുത്തില്ല. അതിര്‍ത്തി സംരക്ഷിക്കുക എന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. അതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ രാജി വക്കണം.

ചോദ്യം: എന്നിട്ട് കേരളത്തില്‍ മുഴുവന്‍ ബംഗ്ലാദേശികളാണല്ലോ?

ബംഗാളികളും ബംഗ്ലാദേശികളും രണ്ടാണ്. ബംഗാളി ഇന്ത്യന്‍ പൗരനാണ്. മലയാളികള്‍ കല്‍ക്കട്ടയില്‍ പോയി ജോലി ചെയ്യുന്ന പോലെ ബംഗാളിക്ക് കൊച്ചിയില്‍ വന്നു ജോലി ചെയ്യാം. അങ്ങനെയുള്ള ചില അവകാശങ്ങളുള്ളത് കൊണ്ടാണ് നമ്മള്‍ ഒരേ രാജ്യക്കാര്‍ എന്ന് പറയുന്നത്.

ബംഗ്ലാദേശികള്‍ക്ക് കേരളത്തില്‍ വന്നു ജോലി ചെയ്യാന്‍ ഒരാവകാശവുമില്ല. ഏതെങ്കിലും ബംഗ്ലാദേശി കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഉണ്ടെങ്കില്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണാര്‍ത്ഥം. രാജ്നാഥ് സിങ് രാജിവച്ച് വേറെ ജോലി നോക്കണം.

ചോദ്യം: രാജ്നാഥ് സിങിനല്ലാതെ പിണറായി വിജയന് ഇതില്‍ ഒരുത്തരവാദിത്വമില്ലേ?

നമ്മള്‍ കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ പോകുമ്പോള്‍ അവിടുത്തെ പോലീസ് അതിര്‍ത്തിയില്‍ നമ്മളെ തടഞ്ഞു നിര്‍ത്തി ഐ.ഡി കാര്‍ഡ് ചോദിക്കാറില്ലല്ലോ, അതുപോലെ വേറെയാരെങ്കിലും കേരളത്തിന്റെ അതിര്‍ത്തി കടന്നു വരുമ്പോള്‍ കേരള പൊലീസിന് തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. അതിനുള്ള അധികാരം അവര്‍ക്കില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചോദ്യം: അന്യ സംസ്ഥാനക്കാര്‍ കേരളത്തില്‍ വന്നാല്‍ നമ്മുടെ ആള്‍ക്കാര്‍ എന്തുചെയ്യും, നമ്മുടെ സംസ്‌കാരവും ഭാഷയുമൊക്കെ നശിക്കില്ലേ?

തിരുവന്തപുരത്ത് ഉള്ളതിനേക്കാള്‍ മലയാളികള്‍ മുംബൈയിലുണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ ഈ ചോദ്യം നമ്മള്‍ ചോദിക്കരുതാത്തതാണ്. എന്തായാലും ചോദിച്ച സ്ഥിതിക്ക് പറയാം.

മിസോറാം, അരുണാചല്‍, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ പോകണമെങ്കില്‍ മറ്റു സംസ്ഥാനക്കാര്‍ എന്‍ട്രി പെര്‍മിറ്റ് എടുക്കണം. ശ്രമിച്ചവര്‍ക്കറിയാം, അമേരിക്കയില്‍ പോകുന്നതിലും ബുദ്ധിമുട്ടാണ് മിസോറാമില്‍ പോകാനെന്ന്. ഇത് ചില സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന കൊടുക്കുന്ന പ്രത്യേക അവകാശങ്ങളാണ്.

കേരളത്തിന് ഈ അവകാശം ലഭിച്ചാല്‍ പിന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഇങ്ങനെ അവകാശം ഉള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തെ ഉള്‍പെടുത്താന്‍ ബി.ജെ.പിക്കാര്‍ക്ക് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും. പിന്നെ ആരും ഇങ്ങോട്ട് വരില്ല, നമ്മളായി നമ്മുടെ പാടായി.

ചോദ്യം: അപ്പോള്‍, ഒരു രാജ്യം ഒരു നിയമം എന്ന മുദ്രാവാക്യം എന്താവും?

കാശ്മീര്‍ ഒരു തീരുമാനമായ സ്ഥിതിക്ക് ഇനി ആ മുദ്രാവാക്യം വിളിക്കാതിരിക്കുന്നതാണ് നല്ലത്.

ഏറ്റവും പ്രസക്തമെന്നു തോന്നിയവ മാത്രമേ ഉള്‍പെടുത്തിയിട്ടുള്ളൂ. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more