നിപ വൈറസ് വ്യാപിച്ചതെങ്ങനെ?
Health
നിപ വൈറസ് വ്യാപിച്ചതെങ്ങനെ?
സൈന
Thursday, 29th November 2018, 12:39 pm

കഴിഞ്ഞ മെയ് മാസത്തില്‍ കോഴിക്കോട് ഉണ്ടായ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണത്തിലുണ്ടായ വൈരുദ്ധ്യമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞന്‍ ഡോ.അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പതിനാല് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. നിപ വൈറസ് ബാധിച്ച 23 പേരില്‍ 21 പേര്‍ മരിച്ചുവെന്നാണ് ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 18 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. അതില്‍ 16 പേര്‍ മരിച്ചുവെന്നാണ്. ലബോറട്ടറി ടെസ്റ്റ് നടത്താതെ, മരണകാരണം കണ്ടെത്താതെ അഞ്ച് പേരുടെ മരണത്തെ കുറിച്ചാണ് ജേര്‍ണലില്‍ പറയുന്നത്. ആ അഞ്ച് പേരുടെ മരണം നിപ വൈറസ് മൂലമാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയിരിക്കുന്നത്. ഇതാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

പേരാമ്പ്ര താലൂക്കാശുപത്രി, ബാലുശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് റേഡിയോളജി അസിസ്റ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്.

നിപ വൈറസ് ബാധയെ കുറിച്ച് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഒരാള്‍ക്ക് മാത്രമാണ് വവ്വാലില്‍ നിന്ന് നേരിട്ട് വൈറസ് ബാധയുണ്ടായത്. ബാക്കിയുള്ള എല്ലാവര്‍ക്കും വൈറസ് ബാധയുണ്ടായത് ആശുപത്രികളില്‍ നിന്നാണ് എന്നാണ്. മെയ് 17ന് മരിച്ച സാലിഹിന്റെ സഹോദരന്‍ സാബിത്ത് മരിക്കുന്നത് മെയ് അഞ്ചിനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സാബിത്തില്‍ നിന്നാണ് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നു. സാലിഹിന്റെ മരണകാരണം കണ്ടെത്തിയത്തോടെയാണ് ആരോഗ്യവകുപ്പും ആശുപത്രികളും ജാഗരൂകരായത്.

ALSO READ: നീയാണോ പെണ്ണുങ്ങളേം കൊണ്ട് മലയ്ക്ക് പോകുന്നത്” ; ശബരിമലയ്ക്ക മാലയിട്ട യുവതികളുടെ ഗുരുസ്വാമിക്ക് ആര്‍.എസ്.എസ് മര്‍ദ്ദനം

എങ്ങിനെയാണ് ചികിത്സക്കായി എത്തുന്ന ആശുപത്രികളില്‍ നിന്ന് രോഗം പടരുക? രോഗം മാറാനല്ലേ ആശുപത്രികളില്‍ എത്തുന്നത്? സാധാരണക്കാര്‍ എത്തുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം പടരാതിരിക്കാന്‍ എന്ത് നടപടിയാണുള്ളത്? ഈ ചോദ്യങ്ങള്‍ ഉന്നയിക്കാനോ …പോരായ്മകള്‍ ചൂണ്ടിക്കാട്ടാനോ മാധ്യമങ്ങള്‍ക്ക് ആയില്ല. നിപ വൈറസിന് ശേഷം എന്ത് നടപടികളാണ് ആശുപത്രികള്‍ സ്വീകരിച്ചത്? വൈറസ് ബാധയുമായി എത്തുന്ന രോഗികളെ പരിചരിക്കുന്നതിലും ചികിത്സിക്കുന്നതിലും സംസ്ഥാനത്ത് പ്രോട്ടോകോള്‍ നടപ്പാക്കുന്നുണ്ടോ?

ആളുകളില്‍ നിന്ന് ആളുകളിലേക്കാണ് നിപ വൈറസ് പടര്‍ന്നത്. അണുബാധ നിയന്ത്രണ സംവിധാനത്തിന്റെ അപര്യാപ്തത, രോഗികളെ പരിശോധിച്ചതിന് ശേഷം ഡോക്ടര്‍മാരും നഴ്‌സുമാരും കൈ കഴുകാത്തത്, ടെസ്റ്റുകള്‍ക്കായി വരാന്തകളില്‍ മണിക്കൂറുകളോളം രോഗികളെ നിറുത്തുന്നത്, ആശുപത്രികളിലെ സന്ദര്‍ശകരെ നിയന്ത്രിക്കാത്തത്… ഇതൊക്കെ വൈറസ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിപക്ക് ശേഷമാണ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് കാര്യമായി ആലോചനകള്‍ നടത്തിയത്.

ആശുപത്രി ജീവനക്കാര്‍ മാസ്‌ക് ധരിക്കുക, ഓരോ രോഗികളെ പരിശോധിച്ച ശേഷവും ഡോക്ടര്‍മാര്‍ കൈ കഴുകുക, പരിചരിക്കാന്‍ നില്‍ക്കുന്നവരും കൈ കഴുകുക, ശുചീകരണ തൊഴിലാളികളും ശ്രദ്ധിക്കണം. ഇതൊന്നും കാര്യമായി നടപ്പാക്കുന്നില്ല. ഹെല്‍ത്ത് സെന്റര്‍ അടക്കമുള്ള എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ സംവിധാനം ഉണ്ടാവണം..അതിനുള്ള നയം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. പനിയുമായി എത്തുന്നവരെ നിരീക്ഷിക്കുകയും വൈറസ് ബാധയുണ്ടെങ്കില്‍ പഠനം നടത്തുകയും അസ്വാഭാവിക മരണം ഉണ്ടായാല്‍ വിദഗ്ധ സംഘം പഠിക്കുകയും വേണം.

ALSO READ: 18 മലകളും തിരിച്ചുപിടിക്കും; അയ്യപ്പന്റെ അമ്മാവന്‍ സംസാരിക്കുന്നു

അസ്വാഭാവിക മരണമുണ്ടായാല്‍ പഠനം നടത്താനുള്ള സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഇപ്പോഴുള്ളത്. കാന്‍സര്‍, വൃക്ക രോഗങ്ങളേക്കാള്‍ കൂടുതലാണ് വിവിധ വൈറല്‍ പനികള്‍ മൂലമുള്ള മരണം. ആരോഗ്യവകുപ്പിന്റെ പനി മരണക്കണക്ക് കോളത്തില്‍ പനി മരണം എന്ന് മാത്രമാണ് രേഖപ്പെടുത്താറുള്ളത്. പനി ബാധിച്ച് എങ്ങിനെയാണ് മരണമുണ്ടാകുന്നത് എന്നൊന്നും കാര്യമായി പഠിക്കുന്നില്ല. വിവിധ തരം വൈറസുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. ഇവയുടെ സാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് കൃത്യമായി കണ്ടെത്തണം.

കുടുംബം ആവശ്യപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള പരിശോധനയിലൂടെ അപൂര്‍വം ചില പനി മരണങ്ങളില്‍ കാരണങ്ങള്‍ കണ്ടെത്തി. വളരെ ചുരുങ്ങിയ കേസുകളാണിത്.

പൊതുജനങ്ങളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രികളിലും വീടുകളിലും രോഗികളെ സന്ദര്‍ശിക്കുന്നത് കുറയ്ക്കണം. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇടയുണ്ട്. വീടുകളിലാണെങ്കില്‍ രോഗികളെ പരിചരിക്കുന്നതിലും ശ്രദ്ധ വേണം. ആരോഗ്യ സാക്ഷരത വളരെ കുറവുള്ള സംസ്ഥാനമാണ് കേരളം. രോഗികളെ വീടുകളില്‍ പുനരധിവസിപ്പിക്കുന്നതില്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ ബോധവത്കരണം നടത്താന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും മുന്‍കയ്യെടുക്കണം.

WATCH THIS VIDEO: