| Monday, 12th September 2022, 7:40 pm

'നായ നികുതി, ദത്ത് നല്‍കല്‍, വാക്‌സിനേഷന്‍, വന്ധ്യംകരണം'; തെരുവുനായ മുക്തമായ ലോകത്തെ ആദ്യ രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തെരുവുനായകളെ കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ചും ഇവയുടെ പ്രജനനത്തെ തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തെരുവുനായ മുക്തമായ ലോകത്തെ ആദ്യ രാജ്യമായ യൂറോപ്പിലെ നെതര്‍ലാന്‍ഡ്‌സ് ശ്രദ്ധ നേടുന്നത്. 2012ലായിരുന്നു നെതര്‍ലാന്‍ഡ്‌സ് ഔദ്യോഗികമായി തെരുവുനായ മുക്തമായി പ്രഖ്യാപിക്കപ്പെട്ടത്.

ഏകദേശം 200ഓളം വര്‍ഷമെടുത്താണ് നെതര്‍ലാന്‍ഡ്‌സ് പൂര്‍ണമായും തെരുവുനായ മുക്തമായത്. വന്ധ്യംകരണം, വാക്‌സിനേഷന്‍, നായ നികുതി, ദത്ത് നല്‍കല്‍ എന്നിങ്ങനെ നിരവധി മാര്‍ഗങ്ങളിലൂടെയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്.

200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 19ാം നൂറ്റാണ്ടില്‍ തെരുവുനായ്ക്കളുടെ കേന്ദ്രമായിരുന്ന നെതര്‍ലാന്‍ഡ്‌സ്, വിവിധ പദ്ധതികള്‍ ഘട്ടംഘട്ടമായി കൃത്യമായി നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടത്തിലെത്തിയത്.

ഉപേക്ഷിക്കപ്പെട്ടതോ അല്ലാത്തതോ ആയ വളര്‍ത്തുനായ്ക്കള്‍ തെരുവുകളിലെത്തി പെറ്റുപെരുകിയതായിരുന്നു നെതര്‍ലാന്‍ഡ്‌സിലെയും പ്രശ്‌നം.

നെതര്‍ലാന്‍ഡ്‌സില്‍ സാമൂഹിക പദവിയുടെ ചിഹ്നമായായിരുന്നു നായകളെ കണ്ടിരുന്നത്. സമ്പന്ന വിഭാഗം നായ്ക്കളെ കായിക വിനോദത്തിനും തൊഴിലാളി വര്‍ഗം തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കും മറ്റും നായ്ക്കളെ വളര്‍ത്തി വന്നിരുന്നു.

ഇത്തരത്തിലുള്ള നായ്ക്കള്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും ഇണ ചേരുകയും പെറ്റ് പെരുകുകയും ചെയ്തു, ഉടമകള്‍ക്ക് പരിപാലിക്കാന്‍ പറ്റാതായപ്പോള്‍ അവയെ തെരുവിലേക്ക് വിട്ടു. അങ്ങനെയാണ് തെരുവുനായ്ക്കളുടെ എണ്ണം നെതര്‍ലാന്‍ഡ്‌സില്‍ കുത്തനെ കൂടാന്‍ കാരണമായത്.

ഇതോടെ പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസും രാജ്യത്ത് വ്യാപകമായി പടര്‍ന്നു. ഇതോടെ 19ാം നൂറ്റാണ്ടില്‍ രാജ്യത്തെ ഡച്ച് മുനിസിപ്പാലിറ്റികള്‍ നായ നികുതി ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഓരോ വളര്‍ത്തുനായക്കും വര്‍ഷം തോറും നിശ്ചിത തുക ഉടമ നികുതിയായി കൊടുക്കുന്ന സിസ്റ്റം കൊണ്ടുവന്നു.

എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നാണ് ഡച്ച് റിവ്യൂ എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിലേക്ക് പണമടക്കാന്‍ മടിച്ച് നായ ഉടമകള്‍ നായ്ക്കളെ വ്യാപകമായി ഉപേക്ഷിക്കുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് തെരുവുനായ്ക്കളുടെ എണ്ണം കൂട്ടി.

പിന്നീട് 1864ലാണ് നെതര്‍ലാന്‍ഡ്‌സില്‍ ആദ്യത്തെ മൃഗസംരക്ഷണ ഏജന്‍സി, ‘ഡച്ച് സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ആനിമല്‍സ്’ (Dutch Society for Protection of Animals) സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1962ല്‍ രാജ്യത്ത് മൃഗസംരക്ഷണ നിയമവും (Animal Protection Act) നിലവില്‍ വന്നു.

മൃഗസംരക്ഷണ നിയമം നടപ്പിലാക്കിയതോടെ മൃഗങ്ങളെ ഉപദ്രവിക്കുന്നതും മതിയായ സംരക്ഷണം നല്‍കാതിരിക്കുന്നതും മൂന്ന് വര്‍ഷം തടവുശിക്ഷയും പിഴയും വരെ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി.

ജനങ്ങള്‍ മുന്തിയ ഇനം നായ്ക്കളെ വാങ്ങുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നായ്ക്കളെ വാങ്ങുമ്പോള്‍ നല്‍കേണ്ട നികുതി തുക മുനിസിപ്പാലിറ്റികള്‍ വര്‍ധിപ്പിച്ച് കൊണ്ടിരുന്നു. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന് വേണ്ട സൗകര്യവുമൊരുക്കി. ഇതോടെ 90 ശതമാനം പേരും തെരുവുനായ്ക്കളെ ദത്തെടുത്തു എന്നാണ് കണക്ക്.

കൂടാതെ തെരുവുനായ്ക്കളെയും വളര്‍ത്തുനായ്ക്കളെയും പിടിച്ച് വന്ധ്യംകരിക്കുകയും റാബീസ് വാക്‌സിന്‍ നല്‍കുകയും ചെയ്തശേഷം തിരിച്ചുവിടുന്ന പദ്ധതിയായ സി.എന്‍.വി.ആര്‍ (Collect Neuter Vaccinate and Return) പദ്ധതിയും (government-funded sterilisation programme) രാജ്യവ്യാപകമായി നടപ്പിലാക്കി. ഇത് നായ്ക്കള്‍ പെറ്റുപെരുകുന്നത് വലിയ രീതിയില്‍ തടഞ്ഞു.

ഇന്ത്യയിലും സമാനമായ രീതിയില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (Animal Birth Control Program) എന്ന പേരില്‍ ഒരു പദ്ധതി നിലവിലുണ്ട്.

നായ്ക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി 2011ല്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ ആനിമല്‍ പൊലീസ് (Animal Cops) എന്ന പുതിയൊരു വിഭാഗത്തെയും ചുമതലപ്പെടുത്തി. ഇതോടെയാണ് 2012ല്‍ ലോകത്തെ ആദ്യ തെരുവുനായ മുക്ത രാജ്യം എന്ന നേട്ടത്തിലേക്ക് നെതര്‍ലാന്‍ഡ്‌സ് എത്തിയത്.

അതേസമയം, ലോകത്താകെ 20 കോടി തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. 2019ലെ ജന്തു സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ മാത്രം ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം തെരുവുനായകളാണുള്ളത്. ഇതില്‍ തന്നെ കേരളത്തില്‍ 2,90,000 തെരുവുനായകളുണ്ട്.

ലോകത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നതെന്നും ഡബ്ല്യു.എച്ച്.ഒ രേഖകള്‍ പറയുന്നു. 18,000- 20,000 പേരാണ് ഇന്ത്യയില്‍ പേവിഷബാധയേറ്റ് ഓരോ വര്‍ഷവും മരിക്കുന്നത്.

Content Highlight: How Netherlands became the first country without stray dogs

Latest Stories

We use cookies to give you the best possible experience. Learn more