| Sunday, 1st November 2020, 9:17 pm

ഇസ്‌ലാമോഫോബിയയുടെ മുസ്‌ലിം കാരണങ്ങള്‍

നാസിറുദ്ദീന്‍

മുസ്‌ലിം സമുദായത്തിലെ ആന്തരിക ജീര്‍ണതകളും പുറത്ത് നിന്നുള്ള ഇസ്‌ലാമോഫോബിയയുടെ ഭീഷണികളും ഒരേ സമയം തന്നെ വ്യക്തമാക്കുന്നതാണ് മത / പ്രവാചക നിന്ദയുടെ പേരില്‍ പതിവായി നടക്കുന്ന കോലാഹലങ്ങള്‍. രണ്ടും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്ന് മറ്റൊന്നിന്റെ സൃഷ്ടി മാത്രമാണെന്ന കേവല വിലയിരുത്തലുകള്‍ ശരിയല്ല.

ഇസ്‌ലാമോഫോബിയ ഭരണ തലത്തില്‍ തന്നെ അടിച്ചേല്‍പിക്കുന്ന ഫ്രാന്‍സില്‍ മാത്രമല്ല, അധികാരം ഏറെക്കുറെ മുഴുവനായി തന്നെ മുസ്‌ലിങ്ങള്‍ നിയന്ത്രിക്കുന്ന പാകിസ്ഥാനിലും മത/പ്രവാചക നിന്ദാ ആരോപണങ്ങളുടെ പേരില്‍ നിരപരാധികള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നുണ്ട്. ബാംഗ്‌ളൂരില്‍ നിസാരമായ ഒരു എഫ്.ബി പോസ്റ്റായിരുന്നു ‘പ്രവാചക നിന്ദ’ യുടെ പേരിലുള്ള വലിയൊരു കലാപമായി മാറിയത്.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പാകിസ്ഥാനില്‍ പ്രവാചക/മത നിന്ദാ ആരോപണം നേരിട്ട 77 പേര്‍ക്കാണ് ‘ജനക്കൂട്ട’ ആക്രമണത്തിലോ ആസൂത്രിത കൊലപാതകങ്ങളിലോ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ‘അല്‍ ജസീറ’ പറയുന്നു. 1990 ന് ശേഷം മാത്രം മതനിന്ദാ ആരോപണം നേരിട്ട 62 പേരാണ് അവരുടെ വിചാരണ പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത് എന്ന് ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയ പാക് സുപ്രീം കോടതി വിധി തന്നെ പറയുന്നുണ്ട്

‘തഹ്‌രീഖെ ലബയ്ക് പാകിസ്ഥാന്‍’ (TLP) എന്ന ഭീകര സംഘടന ‘മതനിന്ദ’ ആരോപിക്കപ്പെടുന്നവരെ ഹിംസാത്മകമായി കൈകാര്യം ചെയ്യുക എന്ന ഒറ്റ അജണ്ടയില്‍ നില നിന്ന് പോരുന്ന കൂട്ടരാണ്. പോരെങ്കില്‍ പാക് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും ഇവര്‍ക്കുണ്ട്.

അതായത് മതനിന്ദ എന്ന വെറും ആരോപണം മാത്രം മതി ഒരാള്‍ പാകിസ്ഥാനില്‍ മത തീവ്രവാദികളുടെ കൊലയ്ക്കിരയാവാന്‍. അതില്‍ സാധാരണക്കാരും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മാത്രമല്ല മന്ത്രിമാര്‍ വരെ ഇരകളായിട്ടുണ്ട്. പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ 2011 ല്‍ കൊല്ലപ്പെട്ടത് ആസിയാ ബീബിയെ പിന്തുണച്ചും മതനിന്ദാ നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചതിനായിരുന്നു. മുംതാസ് ഖാദിരിയെന്ന പോലീസ് കമാന്റോ 28 വെടിയുതിര്‍ത്താണ് അന്ന് സല്‍മാനെ കൊലപ്പെടുത്തിയത്.

മതനിന്ദാ നിയമമെന്നത് അടിസ്ഥാനപരമായി തന്നെ തെറ്റാണ്, മത സങ്കല്‍പങ്ങളോട് പോലും നീതി പുലര്‍ത്താത്തതും ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന്റെ നാലയലത്ത് അടുപ്പിക്കാന്‍ പറ്റാത്തതുമാണ് ഈ സാധനങ്ങള്‍. പാകിസ്ഥാനിലെ മതനിന്ദാ നിയമമനുസരിച്ചുള്ള ശിക്ഷ വധമാണ്. അതില്‍ കുറഞ്ഞ ഒന്നുമില്ല. അതില്‍ ‘കുറ്റക്കാര്‍ക്ക്’ മാപ്പിന് പോലും ഒപ്ഷനില്ല. പ്രകടമായി തന്നെ ഖുര്‍ആനും പ്രവാചക ചര്യക്കും മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ക്കും എതിരാണ്.

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ഈ ഭീകര നിയമത്തിന്റെ സൈദ്ധാന്തികാടിത്തറ ഇത്ര ദുര്‍ബലമാണെങ്കില്‍ പ്രയോഗവല്‍ക്കരണം അതിലേറെ ക്രൂരവും പരിഹാസ്യവുമാണ്. ഈ നിയമത്തിന്റെ പേരില്‍ വന്ന കേസുകളില്‍ 80 ശതമാനവും അപ്പീല്‍ കോടതികളില്‍ വെച്ച് കുറ്റവിമുക്തരാക്കപ്പെടുന്നുവെന്നാണ് lCJ നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ച് ഡോണ്‍ പത്രം പറയുന്നത്. രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ പോലെ ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിച്ച് ആരെയും കുറ്റക്കാരാക്കാന്‍ പാകത്തിലാണ് നിയമത്തിലെ വരികള്‍ തന്നെ. ഈയടുത്ത് വന്‍ പ്രക്ഷോഭത്തിന് വഴിവെച്ച ആസിയാ ബീബിയുടെ കേസ് തന്നെ ഇതിനൊന്നാന്തരം ഉദാഹരണമാണ്.

അമുസ്‌ലിമായതിന്റെ പേരില്‍ മാത്രം തന്റെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാത്തതിന്റെ പേരില്‍ തന്നോട് ഉടക്കിയ സ്ത്രീകളോട് കശപിശക്കിടയില്‍ ആസിയാ ബീവി പ്രവാചകനെ അധിക്ഷേപിച്ചും പരിഹസിച്ചും സംസാരിച്ചുവെന്നാണ് കേസ്. എന്താണ് പ്രവാചക നിന്ദ/മത നിന്ദ എന്നതിന് വളരെ അവ്യക്തമായ നിര്‍വചനമാണ് നിയമം നല്‍കുന്നത് എന്നത് കൊണ്ട് തന്നെ ഫലത്തില്‍ ജഡ്ജിയുടെ ഇഷ്ടം പോലെ എന്തും നിന്ദയാക്കി വ്യാഖ്യാനിച്ച് ശിക്ഷിക്കാം. അത് മാത്രമല്ല, മതനിന്ദാ നിയമങ്ങളുടെ മറപിടിച്ച് വന്‍ തോതില്‍ അക്രമമഴിച്ചു വിടുന്ന ‘തഹ്രീകെ ലബ്ബയ്‌കെ പാകിസ്ഥാന്‍’ പോലുള്ള ക്രിമിനല്‍ രാഷ്ട്രീയ കൂട്ടങ്ങളും അവരുടെ അക്രമങ്ങളും അവിടെ നിത്യ സംഭവമാണ്.

ആസിയാ ബീവി

ബ്രിട്ടീഷുകാര്‍ രാജ്യം വിട്ട് പോവുമ്പോള്‍ പല മാതിരി മൈനുകള്‍ വാരി വിതറിയാണ് സ്ഥലം വിട്ടത്. അങ്ങനെയുള്ള ഒരു മൈനായിരുന്നു ഇന്ത്യയിലും പാകിസ്ഥാനിലുമുണ്ടായിരുന്ന മത നിന്ദാ നിയമങ്ങള്‍. ഇന്ത്യക്ക് ഇന്നേ വരെ ഈ നിയമം ഒഴിവാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലും മറ്റും കാരണം പ്രയോഗവും ആഘാതവും പരിമിതമായി തുടരുന്നു. പാകിസ്ഥാനില്‍ പക്ഷേ അങ്ങനെയല്ല. പല തവണ നടത്തിയ ഭേദഗതിയിലൂടെ പട്ടാള ഏകാധിപതി സിയാഉല്‍ ഹഖ് ഈ നിയമത്തെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭീകര നിയമമാക്കിയെടുത്തു.

പാകിസ്ഥാന്റെ തുടക്കം തൊട്ട് സിയയുടെ ഭരണം വരെയുള്ള കാലത്തിനിടക്ക് വെറും 10 ല്‍ താഴെ മാത്രം കേസുകള്‍ ഫയല്‍ ചെയ്തിരുന്നെങ്കില്‍ സിയക്ക് ശേഷം ഇതുവരെയായി 1200 നും 4000 നും ഇടക്ക് കേസുകള്‍ ഫയല്‍ ചെയ്തതായി ‘അല്‍ ജസീറ’ കണക്കാക്കുന്നു. ഇന്നത് കേവലം ഒരു നിയമമല്ല, ഭീകരമായി നിരപരാധികളെ വേട്ടയാടാനുപയോഗിക്കുന്ന ഒരു കിരാത സംവിധാനത്തിന്റെ ഡി.എന്‍.എ ആണ്. അതുവഴി ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്കാണ്.

ആസിയാ ബീവി കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് വിട്ടയച്ച സുപ്രീം കോടതി വിധിയെ ശക്തമായി അപലപിച്ച് പ്രസ്താവന പുറപ്പെടുവിച്ച പാകിസ്ഥാന്‍ ജമാഅത്ത് നേതാവ് സിറാജുല്‍ ഹഖ് ഖാദിരിയെ വിശേഷിപ്പിച്ചത് ശഹീദ് അഥവാ വീര രക്തസാക്ഷി എന്നാണ്. (സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ചിന്റെ വിധിയും ശ്രദ്ധേയമാണ്. മതനിന്ദാ നിയമത്തെ ഏതെങ്കിലും രീതിയില്‍ തള്ളിക്കളയുകല്ല അവര്‍ ചെയ്തത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുള്ള ഒരു തെളിവും ഇല്ലെന്നതാണ് വിധി എടുത്തു പറയുന്ന കാര്യം.) ഇതേ ഖാദിരി ജമാഅത്ത് ആശയക്കാരനല്ലായിരുന്നിട്ട് പോലും 2015 ലെ കറാച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് പോസ്റ്ററുകളില്‍ ഇടം നേടിയിരുന്നു.

ഖാദിരിയുടെ കേസ് സൗജന്യമായി വാദിക്കാന്‍ മുന്നോട്ട് വന്ന 300 അഭിഭാഷകരും ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച പതിനായിരങ്ങളുമൊക്കെ ഇതേ രോഗത്തിന്റെ ലക്ഷണങ്ങളാണ് (ഏത് കൊലയാളിക്കും നിയമ സഹായം നല്‍കണമെന്നത് മറ്റൊരു കാര്യം. പക്ഷേ ഇവിടെ താല്‍പര്യം വേറെയാണ്). 95 ശതമാനത്തിലധികം ജനസംഖ്യാ പ്രാതിനിധ്യവും അധികാരം ഏറെക്കുറെ മുഴുവനായും അടക്കി വെച്ചിരിക്കുന്ന പാക് മുസ്‌ലിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് ഏതായാലും ‘ഭരണകൂടത്തിന്റെ ഇസ്‌ലാമോഫോബിയ’ കാരണമാവില്ലല്ലോ.

ഖുര്‍ആന്‍ കത്തിക്കല്‍ വിവാദത്തെ തുടര്‍ന്ന് സ്വീഡിഷ് തെരുവുകളില്‍ നടന്ന അക്രമങ്ങള്‍ ഈയടുത്ത് നടന്ന സംഭവമാണ്. ലോകത്ത് മതസ്വാതന്ത്രത്തിന്റെ കാര്യത്തില്‍ മുന്‍ നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. അതിന്റെ ഗുണഫലം നന്നായി അനുഭവിക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യയുടെ 8 ശതമാനത്തിലധികം വരുന്ന മുസ്‌ലിങ്ങള്‍. മതന്യൂനപക്ഷങ്ങള്‍ക്ക് ഒറ്റക്കും കൂട്ടായുമുള്ള പ്രവര്‍ത്തന സ്വാതന്ത്രം മാത്രമല്ല, ‘തങ്ങളുടേതായ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതം’ വരെ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. മത സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതിയും സര്‍ക്കാര്‍ ധന സഹായവും നല്‍കുന്നതും ഇതേ നയത്തിന്റെ ഭാഗമാണ്. ഈ സ്വീഡനാലാണ് ഒരു ക്രിമിനല്‍ ഖുര്‍ആന്‍ കത്തിക്കുമെന്ന് പറഞ്ഞപ്പോഴേക്കും ഒരു വിഭാഗം തെരുവ് കത്തിക്കാനിറങ്ങിയത്.

ലോകത്തെവിടെയും ഇടക്കിടെ അരങ്ങേറുന്ന കലാപരിപാടിയാണിത്. ഫ്രാന്‍സും പാകിസ്ഥാനും സ്വീഡനുമെല്ലാം തീര്‍ത്തും വ്യത്യസ്ത സാഹചര്യമാണെങ്കിലും അവിടെയെല്ലാം ഈ പ്രശ്‌നം അരങ്ങേറിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇത് ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ലെന്നും മുസ്‌ലിങ്ങള്‍ക്കിടയിലുള്ള അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണെന്നും ഈ വസ്തുതകളില്‍ നിന്ന് തന്നെ വ്യക്തമാണ്. നാടകമോ പുസ്തകമോ എഫ് ബി പോസ്റ്റോ വരുമ്പോള്‍ ജീവന്‍ പോലും പണയം വെച്ച് കലാപത്തിനിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന വികല മതബോധമാണ് പ്രശ്‌നം.

‘പ്രവാചകനിന്ദ’, ‘മതനിന്ദ’, തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അപകടകരവും ഖുര്‍ആനിക തത്വങ്ങളോടും പ്രവാചക മാതൃകയോടും ഒരു നിലക്കും നീതി പുലര്‍ത്താത്തതുമായ വീക്ഷണം പേറുന്ന വലിയൊരു വിഭാഗം മുസ്‌ലിങ്ങള്‍ക്കിടയിലുണ്ട്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനോ ഫലപ്രദമായ രീതിയില്‍ ബൗദ്ധിക പ്രതിരോധമൊരുക്കാനോ പണ്ഡിതര്‍ക്കോ മതനേതൃത്വത്തിനോ സാധിച്ചിട്ടില്ല. ചരിത്രപരവും രാഷ്ട്രീയ പരവുമായ കാരണങ്ങളാല്‍ അരക്ഷിതാവസ്ഥയില്‍ നില്‍ക്കുന്ന ഒരു സമുദായത്തിന്റെ മരണ മണിയാണ് ഇതുപോലെ അപകടകരമായ ലോകവീക്ഷണം പേറുന്ന അംഗങ്ങള്‍.

നിരന്തരം പ്രവാചകനെ അധിക്ഷേപിച്ചവരെ പോലും ആശയപരമായിട്ട് പ്രവാചകന്‍ നേരിട്ടതാണ് ഖുര്‍ആനും ചരിത്രവും പഠിപ്പിക്കുന്നതും. മുസ്‌ലിം ലോകത്തെ പ്രവാചക നിന്ദ/ മതനിന്ദ വ്യവഹാരങ്ങളുടെ അടിസ്ഥാനം ഖുര്‍ആന്റെയോ ഹദീസിന്റെയോ പിന്‍ബലമില്ലാത്ത കെട്ടുകഥകളോ സാഹചര്യത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അക്ഷരാര്‍ത്ഥ വായനകളോ ആണ്.

പ്രവാചക സ്‌നേഹത്തിലുപരിയായി നീച രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പലപ്പോഴും ഇതിന് പിന്നില്‍. ‘പ്രവാചക നിന്ദ’ യുടെ പേരില്‍ സ്വന്തം പിതാവിന്റെ തലയറുത്തെന്ന് പറയപ്പെടുന്ന അബു ഉബൈദയുടെ കഥ അതിനേറ്റവും മികച്ച ഉദാഹരണമാണ്. ഇതുപോലുള്ള കെട്ട് കഥകള്‍ ചരിത്ര സത്യങ്ങളായി ഇന്നും സമുദായ വ്യവഹാരങ്ങളില്‍ ഇടം പിടിക്കുമ്പോഴാണ് ബാംഗ്ലൂര്‍ കലാപം പോലുള്ളവ ഉണ്ടാവുന്നത്.

എന്താണ് പ്രവാചകനിന്ദയെ പറ്റി ഖുര്‍ആനും ഇസ്‌ലാമും പറയുന്നത് എന്ന് കൂടി പരിശോധിക്കുമ്പോഴേ ഇക്കാര്യത്തില്‍ ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാവൂ. ഏറ്റവും കൂടുതല്‍ പ്രവാചകനെ നിന്ദിച്ചതും അപമാനിച്ചതും ഖുറൈശികളായിരുന്നുവെന്ന് ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിരൂക്ഷമായ ഭാഷയിലും ശൈലിയിലും അവര്‍ നബിയെ കടന്നാക്രമിച്ചിരുന്നുവെന്ന് മാത്രമല്ല, ഇത് നിരന്തരം ആവര്‍ത്തിക്കാറുണ്ടായിരുന്നുവെന്നും ഖുര്‍ആനില്‍ നിന്ന് വ്യക്തമാണ്.

എന്തൊക്കെയായിരുന്നു അവര്‍ നബിയെക്കുറിച്ച് പറഞ്ഞിരുന്നതെന്ന് സാമാന്യം വിശദമായി തന്നെ ഖുര്‍ആന്‍ പറയുന്നുണ്ട്. ‘അസത്യവാദി’, ‘ഭ്രാന്തന്‍’, ‘ബുദ്ധിസ്ഥിരതയില്ലാത്ത കവി’, ‘കെട്ടിച്ചമച്ച കള്ളം (ഖുര്‍ആന്‍) ഉണ്ടാക്കിയവന്‍’, ‘മായാജാലക്കാരന്‍’, ‘അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവന്‍’, ‘കള്ളക്കഥാകാരന്‍’, ‘ജിന്ന് ബാധയേറ്റവന്‍’ തുടങ്ങിയ പല പദങ്ങളും നബിയെക്കുറിച്ച് അവര്‍ പറഞ്ഞതായി ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. (30:58, 44:1314, 68:51, 37:3536, 34:43, 38:4, 17:47, 21:3, 43:30, 14:24, 23:70, 34:8)

അതായത് ‘പ്രവാചകനിന്ദ’ എന്ന പദപ്രയോഗത്തിലൂടെ ഇന്ന് അര്‍ത്ഥമാക്കുന്ന പ്രതിഭാസം നബിയുടെ കാലത്ത് തന്നെ സാര്‍വത്രികമായിരുന്നുവെന്ന് ചുരുക്കം. പക്ഷേ അതിനെ എങ്ങനെയാണ് നേരിടേണ്ടതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ഇതിനെയെല്ലാം അക്ഷോഭ്യമായി നേരിടാനാണ് ഖുര്‍ആന്റെ കല്‍പന: ”അതിനാല്‍ അവരുടെ വാക്കുകള്‍ നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതുമൊക്കെ നാം നന്നായറിയുന്നുണ്ട്.”(36:76)

നബിയുടെ ജീവിതത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതും ഈ പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും വകവെക്കാതെ ആശയ പ്രചാരണം തുടര്‍ന്നിരുന്നുവെന്നതാണ്. തന്നോട് മോശമായി പെരുമാറിയവരോട് പോലും മാന്യമായി പെരുമാറാനും തന്റെ പക്ഷത്തുള്ളവരോട് അങ്ങനെ തന്നെ ചെയ്യാനായി ആവശ്യപ്പെടാനുമായിരുന്നു നബി ശ്രദ്ധിച്ചത്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ മികച്ച മാതൃകയുണ്ട്” എന്ന ഖുര്‍ആന്‍ വാക്യം പ്രസക്തമാവുന്നതിവിടെയാണ്.

ഖുര്‍ആനെ കെട്ടുകഥയും കള്ളക്കഥയുമായി ചിത്രീകരിച്ചവരോട് അങ്ങനെയൊരധ്യായമെങ്കിലും കൊണ്ടു വരൂ എന്ന സര്‍ഗാത്മകമായ വെല്ലുവിളി നടത്തുകയായിരുന്നു ഖുര്‍ആന്‍ ചെയ്തത്. അതേ സമയം മുസ്‌ലിങ്ങളുടെ ആശയപരമായ പ്രചാരണം ഒരിക്കലും ഇതര മതസ്ഥരെ നിന്ദിക്കുന്ന രീതിയിലാവരുതെന്നും പറയുന്നു: ”അല്ലാഹുവിനെ കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം ഭംഗിയായി നാം തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്. ‘(6:108)

അവഗണിച്ചു തള്ളേണ്ടതിനെ അങ്ങനെ ചെയ്യേണ്ടതിനെ പറ്റി ഖുര്‍ആന്‍ പല തവണ സൂചിപ്പിച്ചിട്ടുണ്ട്: ”അവ്വിധം നാം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോനം ദുര്‍ബോധനം ചെയ്യുന്നു. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതുകൊണ്ട് അവര്‍ കെട്ടിച്ചമക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക” (6:112)

ഇങ്ങനെ ‘കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി’ വരുന്നവരെ ഖുര്‍ആന്‍ പറഞ്ഞ പോലെ വിട്ടേക്കാന്‍ പറ്റാതെ പോവുന്നതാണ് പ്രശ്‌നം. പ്രവാചക നിന്ദ, മതനിന്ദ പോലുള്ള വിവാദങ്ങളുടെ പേരില്‍ മുസ്‌ലിങ്ങള്‍ ചെയ്യുന്ന പലതും ഖുര്‍ആന്‍ വിരുദ്ധവും അതുകൊണ്ട് തന്നെ ഇസ്‌ലാം വിരുദ്ധവുമാവുന്നത് ഈ സാഹചര്യത്തിലാണ്. ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടങ്ങളില്‍ പ്രവാചക നിന്ദയുടെ ചരിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തതും അതിനാലാണ്.

ഇന്നത്തെ രീതിയിലുള്ള പ്രവാചക/മതനിന്ദാ നിയമങ്ങളുടെ ഉത്ഭവം അബ്ബാസിയാ ഭരണകൂടങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെട്ട മതവ്യാഖ്യാനങ്ങളിലാണെന്ന് കാണാം. ഖുര്‍ആന്‍ അവതീര്‍ണമായ സാഹചര്യവും പശ്ചാത്തലവും കൃത്യമായി മനസ്സിലാക്കി ഓരോ സൂക്തങ്ങളും വിലയിരുത്തുമ്പോള്‍ മാത്രമേ ഖുര്‍ആനോട് നീതി പുലര്‍ത്തുന്നുള്ളൂ. ആശയ പ്രചാരണവും വിശ്വാസവും പറയുമ്പോള്‍ സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ പറയുന്ന ഒരു പാട് സൂക്തങ്ങള്‍ കാണാനാവും. അതേ സമയം യുദ്ധത്തെ അഭിമുഖീകരിക്കുമ്പോള്‍ ശക്തമായി പോരാടാന്‍ പറയുന്ന സൂക്തങ്ങളും ഖുര്‍ആനിലുണ്ട്. സാഹചര്യവും പശ്ചാത്തലവും മനസ്സിലാക്കാതെ അക്ഷരാര്‍ത്ഥത്തില്‍ വായിച്ചാല്‍ രണ്ടും അപകടം ചെയ്യും.

ഈ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കാതെ ഇതിലേര്‍പ്പെടുന്ന ആളുകളുടെ രാഷ്ട്രീയ ബോധത്തേയും അപ്രായോഗിക സമീപനത്തേയും പഴിക്കുമ്പോള്‍ പ്രശ്‌നം ആവര്‍ത്തിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്.

മുസ്‌ലിങ്ങളില്‍ ന്യൂനപക്ഷമെങ്കിലും അങ്ങനെയൊരു വിഭാഗം, അല്ലെങ്കില്‍ മനസ്സു കൊണ്ട് അതിനെ പിന്തുണക്കുന്ന വിഭാഗം, ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അഡ്രസ് ചെയ്യാത്തിടത്തോളം ഈ പ്രശ്‌നം ആവര്‍ത്തിക്കപ്പെടും. നിരപരാധികളുടെ ജീവനെടുക്കുന്നു എന്ന ഗുരുതരമായ വശം മാത്രമല്ല ഇതിലെ പ്രശ്‌നം. മുസ്‌ലിം സമുദായം നേരിടുന്ന കൂടുതല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവ കൂടിയാണ് ഇടക്കിടെ മത/പ്രവാചക നിന്ദയുടെ പേരില്‍ അരങ്ങേറുന്ന ഈ ഭീകരത.

അക്രമം നടന്നുകഴിഞ്ഞാല്‍ മത പ്രമാണങ്ങളും പ്രവാചക മാതൃകയും ഉദ്ധരിച്ച് അതിനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അങ്ങേയറ്റം സങ്കുചിതവും മനുഷ്യത്വവിരുദ്ധവുമായ ലോക വീക്ഷണം പേറുന്ന ഒരു വിഭാഗത്തിന്റെ അപകടകരമായ സാന്നിധ്യം സമുദായത്തിലുണ്ടാവുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ വിലയിരുത്തിയുള്ള മൗലികമായ പരിഹാരത്തിന് ശ്രമിക്കണം. ഇസ്‌ലാമോഫോബിയ എന്നത് ഇന്ന് വലിയൊരു രാഷ്ട്രീയ ആയുധം കൂടിയാണ്.

ഇസ്‌ലാമോഫോബിയ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ആയുധമാക്കുന്ന വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ ഇന്ന് ലോകത്തുടനീളമുണ്ട്. അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ സമുദായത്തിന്റെ നേതൃത്വവും രക്ഷാകര്‍തൃത്വവും ഏറ്റെടുക്കുന്ന മത, രാഷ്ട്രീയ നേതൃത്വങ്ങളുമുണ്ട്. സങ്കീര്‍ണമായ ഈ രണ്ട് വശങ്ങളും കൃത്യമായി മനസ്സിലാക്കിയാലേ ഇതിന് പരിഹാരം സാധ്യമാവൂ.

ഇസ്‌ലാമോഫോബിയ രാഷ്ട്രീയായുധമാക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ കാണുന്നത്. 2017 മെയ് മാസം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്വഹ്മിന്റെ ജനസമ്മിതി 60 % ആയിരുന്നു. സ്വപ്ന തുല്യമായ ഈ പിന്തുണയില്‍ നിന്ന് അടുത്ത വര്‍ഷം അവസാനമായപ്പോഴേക്കും 23 % ആയി കൂപ്പുകുത്തി. വര്‍ഷങ്ങളായി ഫ്രഞ്ച് ജനത നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ നേരിടുന്നതിലെ മാക്വഹ്മിന്റെ സമഗ്ര പരാജയം തന്നെയായിരുന്നു കാരണം. ശക്തമായ സമര പരമ്പരകള്‍ക്ക് രാജ്യം സാക്ഷിയായി.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഗ്രീന്‍ പാര്‍ട്ടികളും ഇടതുപക്ഷവും കരുത്താര്‍ജിച്ചു. ഈ വര്‍ഷം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഗ്രീന്‍, ഇടതുപക്ഷ പാര്‍ട്ടികളുടെ വമ്പിച്ച മുന്നേറ്റത്തിന് മുന്നില്‍ പ്രസിഡന്റ് മാക്വഹ്മിന്റെ കക്ഷി തോറ്റമ്പി. ജനങ്ങള്‍ മൗലികമായ മാറ്റം ആഗ്രഹിക്കുന്നു എന്നതായിരുന്നു തെഞ്ഞെടുപ്പ് സൂചനകള്‍. ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മേയര്‍ വരെ ഫ്രാന്‍സിനുണ്ടായി, മരീകോ. ഏപ്രില്‍ 2022 ലാണ് അടുത്ത തിരഞ്ഞെടുപ്പ്.

ഈയവസരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പരാജയം ഉറപ്പാണ്. അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനുള്ള ഏറ്റവും എളുപ്പ വഴിയാണ് ചര്‍ച്ച ‘ഭീകരത’ യിലേക്കും ഇസ്‌ലാമിലേക്കും വഴി മാറ്റി വിടുന്നത്. ശ്രദ്ധേയമായ കാര്യം പറയത്തക്ക ഭീകരാക്രമണമോ മറ്റ് പ്രകോപനങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ ആദ്യത്തില്‍ മാക്വം ഇസ്‌ലാമിനെ സംബന്ധിച്ച തന്റെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രസംഗത്തിലെ വാക്കുകളും ഉള്ളടക്കവും കൃത്യമായ ലക്ഷ്യത്തോടെയുള്ളതായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്വം

ഈ കെണിയില്‍ വീഴാന്‍ പാകത്തില്‍ മുസ്‌ലിങ്ങള്‍ക്കിടയിലുള്ള തീവ്രവാദ ആശയങ്ങള്‍ പേറുന്ന ഭ്രാന്തന്‍മാരായ ഒരു ന്യൂനപക്ഷവും അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന എര്‍ദോഗാനെ പോലുള്ള നേതാക്കളുമാണ് മാക്വഹ്മിന്റെ വിജയം. മാക്വം മാത്രമല്ല, ആര്‍ക്കും എപ്പോഴും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകത്തില്‍ അപകടകരമായ ലോക വീക്ഷണം പേറുന്ന ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കിടയിലുണ്ടെന്നതാണ് വാസ്തവം. ഇതിനെ നേരിടുന്നതില്‍ സമുദായ നേതൃത്വം പരാജയമാണ്.

മാക്വമോ എര്‍ദോഗാനോ ഒന്നും മനസ്സ് മാറി അവരുടെ കുതന്ത്രങ്ങള്‍ അവസാനിപ്പിക്കില്ല. കാരണം അവര്‍ക്കിതില്‍ നേട്ടങ്ങളേ ഉള്ളൂ. പക്ഷേ മുസ് ലിം സമുദായത്തിന്റെ സ്ഥിതി അതല്ല, അവരിലെ ഒരു ന്യൂനപക്ഷം കാരണം സമുദായം നേരിടുന്ന ഫലങ്ങള്‍ ഭീകരമാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ‘മത/പ്രവാചക നിന്ദ’ പോലുള്ള വിഷയങ്ങളില്‍ അപകടകരമായ ലോക വീക്ഷണം പേറുന്ന തീവ്ര ആശയങ്ങളെ നേരിടേണ്ടത് സമുദായത്തിന്റെ ആവശ്യമാണ്. മാക്വമിനെ പോലുള്ളവര്‍ ഇത് ചൂഷണം ചെയ്യുന്നുവെന്നേ ഉള്ളൂ. ‘പ്രവാചക നിന്ദ’ യുടെ പേരില്‍ ആളുകളുടെ കഴുത്തറുക്കാന്‍ നില്‍ക്കുന്നവര്‍ മറ്റിടങ്ങളിലുമുണ്ട്. ഏറ്റവുമധികം ആളുകളെ പ്രവാചക/മത നിന്ദയുടെ പേരില്‍ കൊലക്കിരയാക്കിയത് പാകിസ്ഥാനിലാണെന്നത് തന്നെ നല്‍കുന്ന സൂചന ഇത് ഇസ്‌ലാമോഫോബിയയുടെ മാത്രം സൃഷ്ടിയായ ഒരു പ്രതിഭാസമല്ലെന്നാണ്.

വാല്‍കഷ്ണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന ആഭാസന്‍ ‘നബിദിന’ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്, കേരളത്തില്‍. ലോകത്തെവിടെയും പ്രവാചകനെ പറ്റി ഒരു കാര്‍ട്ടൂണ്‍ വന്നാല്‍ പ്രതികരിക്കുന്ന മുസ്‌ലിം സംഘടനകളില്‍ ഒരാളും ഇതില്‍ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇതേ ദിവസങ്ങളില്‍ തന്നെയാണ് മുസ്‌ലിം സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുരങ്കം വെക്കാനായി ‘സത്രീകളെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’ എന്ന പ്രസ്താവന പ്രവാചകന്റെ ലേബലില്‍ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടത്. ‘പ്രവാചക നിന്ദ’ യുടെ പേരില്‍ ആളുകളുടെ തലയറുക്കാന്‍ തയ്യാറാവുന്ന സമുദായാംഗങ്ങള്‍ എങ്ങനെയുണ്ടാവുന്നു എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: How Muslims becomes the reason for Islamophobia

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more