|

ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇനിയും ഈ രാജ്യത്ത് എന്തൊക്കെ സഹിക്കണം! എച്ച്.ഡി കുമാര സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാജ്യത്തെ ഓരോ ഭാഷയും ഫെഡറല്‍ ഘടനയുടെ ഭാഗമാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമി.

തമിഴ് നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

ഓരോ ഭാഷയും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായിക്കാണുന്ന ഒരു രാജ്യത്ത് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിശീലന പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ പറയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവും അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദി അറിയില്ല എന്നതിന്റെ പേരില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന  ജനങ്ങള്‍ ഇനിയും ഇന്ത്യയില്‍ എന്തുമാത്രം ത്യാഗം സഹിക്കേണ്ടി വരുമെന്നും കുമാര സ്വാമി ചോദിച്ചു.

ഹിന്ദി മേധാവിത്വത്തിന് വേണ്ടി ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ച് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹിന്ദി രാഷ്ട്രീയ’ത്തിന്റെ പേരില്‍  ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച കുമാരസ്വാമി ഇക്കാരണത്താല്‍ നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാകുന്നതില്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ട്രെയിനിംഗിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോയിക്കോളാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബ്ബിനാറില്‍ വെച്ച് ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്ഡെ-തുക്ഡെ ഗ്യാങിന്റെ തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്നായിരുന്നു ശശി തരൂര്‍ ചോദിച്ചത്.

ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവും ലോക്‌സഭ മെമ്പറുമായ കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു.

മന്ത്രാലയത്തിന്റെ പരിശീലന വേളയില്‍ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് വൈദ്യ മന്ത്രാലയ സെക്രട്ടറി യുടെ പ്രസ്താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് ചൂണ്ടിക്കാട്ടുന്നുവെന്ന പറഞ്ഞ കനിമൊഴി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: How Much Should People Of Other Languages Sacrifice For Not Knowing Hindi: HD Kumara swamy