| Sunday, 23rd December 2018, 11:49 am

ഇപ്പോഴുള്ളതിനേക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസ്‌റുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബുലന്ദ്ശഹര്‍ കലാപത്തില്‍ പ്രതികരിച്ച നസ്‌റുദ്ദീന്‍ ഷാക്കെതിരെ നടന്‍ അനുപം ഖേര്‍. ഇപ്പോഴുള്ളതിനേക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസ്‌റുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു.

രാജ്യത്ത് ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണ് എന്ന് ബുലന്ദ്ശഹര്‍ കലാപത്തെക്കുറിച്ച് നസ്‌റുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാക്കെതിരെ അനുപം ഖേര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

“രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യം നല്ലതു പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും വ്യോമസേനാ തലവനെ മോശം പറയാനും സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അര്‍ത്ഥം സത്യമാണെന്നല്ല”-അനുപം ഖേര്‍ പറഞ്ഞു.


ബുലന്ദ്ശഹര്‍ കലാപത്തെക്കുറിച്ച് പ്രതികരിച്ച നസ്‌റുദ്ദീന്‍ ഷായ്‌ക്കെതിരെ സംഘപരിവാര്‍ അടക്കമുള്ളവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിരുന്നു. “ചിന്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്ന്” നസ്‌റുദ്ദീന്‍ ഷാ പറഞ്ഞിരുന്നു. ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നസ്‌റുദ്ദീന്‍ ഷായുടെ പ്രസ്താവനകള്‍ക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലെ നസ്റുദ്ദീന്‍ ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു.


ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് നസീറുദ്ദീന്‍ ഷായ്ക്ക് പാകിസ്താനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും നസീറുദ്ദീന്‍ ഷാ പാകിസ്താന്‍ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്നും പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more