പാരിസ് ക്ലബ്ബായ പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ കുന്തമുനയാണ് സാക്ഷാൽ ലയണൽ മെസി. 17 വർഷത്തോളം ബാഴ്സയിൽ തുടർന്ന താരം പിന്നീട് പാരീസിലേക്ക് കൂടുമാറുകയായിരുന്നു.
ബാഴ്സയിലെ സാമ്പത്തിക പ്രതിസന്ധികൾകളും ക്ലബ്ബിന്റെ മാനേജ്മെന്റുമായുള്ള താരത്തിന്റെ പ്രശ്നങ്ങളും കൂടാതെ ചില താരങ്ങളുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും മൂലമാണ് മെസി ബാഴ്സ വിട്ട് പാരിസിലേക്കെത്തിയത്.
എന്നാൽ ജൂണിൽ ഫ്രഞ്ച് ക്ലബ്ബിലെ കരാർ അവസാനിക്കുന്ന മെസിക്ക് ഉയർന്ന പ്രതിഫലം നൽകി പി.എസ്.ജി ക്ലബ്ബിലെ കരാർ ദീർഘിപ്പിക്കും എന്ന റിപ്പോർട്ടുകൾ ഇ. എസ്.പി.എൻ അടക്കമുള്ള മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
എന്നാലിപ്പോൾ മെസിക്ക് നിലവിൽ പി.എസ്. ജി.യിൽ ലഭിക്കുന്ന പ്രതിഫലത്തുക പുറത്തുവന്നിരിക്കുകയാണ്. 41 മില്യൺ യു.എസ് ഡോളറാണ് മെസിക്ക് ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് ശമ്പളയിനത്തിൽ ലഭിക്കുന്നത്. ആഴ്ച്ചയിൽ ഏകദേശം 7,88,000 യു.എസ് ഡോളർ മെസി ശമ്പളയിനത്തിൽ പി.എസ്.ജിയിൽ നിന്നും വാങ്ങുന്നുണ്ട്.
അത്ലറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം സൈനിങ് ബോണസ് തുകയായി 30 മില്യൺ ഡോളർ മെസിക്ക് പാരിസ് ക്ലബ്ബിൽ നിന്നും ലഭിച്ചിട്ടുണ്ട്. കൂടാതെ ശമ്പളവും ബ്രാൻഡ് മൂല്യവും ഉപയോഗിച്ച് 75 മില്യൺ ഡോളറാണ് മെസി ഒരു വർഷം സമ്പാദിക്കുന്നത് എന്നാണ് ഫോബ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 1.44 മില്യൺ ഡോളർ മെസി വർഷം സമ്പാദിക്കുന്നുണ്ട്.
എന്നാൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുമ്പോൾ ഫ്രീ ഏജന്റായി മാറുന്ന മെസിക്ക് ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ തുക നൽകി സൈൻ ചെയ്യാൻ ക്ലബ്ബുകൾ തയ്യാറായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇന്റർ മിയാമി, അൽ ഹിലാൽ, ബാഴ്സലോണ തുടങ്ങി നിരവധി ക്ലബ്ബുകൾക്ക് മെസിയെ സൈൻ ചെയ്യാൻ താൽപര്യമുണ്ടെന്നും ഏകദേശം 234.5 മില്യൺ ഡോളറാണ് മെസിക്ക് അൽ-ഹിലാൽ വാഗ്ധാനം ചെയ്ത തുകയെന്നും മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.