| Saturday, 30th May 2020, 8:30 am

40 ചപ്പാത്തി, 10 പ്ലേറ്റ് ചോറ്; ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഭക്ഷണ പ്രിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാര്‍ അതിര്‍ത്തിയായ ബക്‌സറിലെ മഞ്ജവാരി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന 23 കാരനായ അനുപ് ഓജയുടെ ഭക്ഷണപ്രിയം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ്.

രാജസ്ഥാനിലേക്ക് ജോലി തേടിപ്പോയ ഓജ കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് ബീഹാര്‍-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ മഞ്ജവാരിയിലെ ഗവണ്മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ തയാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിപ്പെടുന്നത്.

ഇദ്ദേഹത്തിന്റെ അസാധാരണമായ തീറ്റക്കമ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ ആദ്യമൊന്നു അമ്പരന്നു. ഏതായാലും ഉച്ചഭക്ഷണ സമയത്ത് ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിച്ചിട്ടു തന്നെ കാര്യമെന്ന് അവര്‍ തീരുമാനിച്ചു. കുറഞ്ഞത് 10 പേര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് വെട്ടിവിഴുങ്ങുന്നത് നേരില്‍കണ്ട ഉദ്യോഗസ്ഥരും ഞെട്ടി.

ഓജയുടെ ലക്കും ലഗാനുമില്ലാത്ത തീറ്റ കാരണം ക്വാറന്റൈന്‍ കേന്ദ്രത്തിലെ ധാന്യങ്ങളും മറ്റ് ഭക്ഷണ സാമഗ്രികളും ആവശ്യത്തിന് തികയാതായി. ക്യാമ്പില്‍ അന്തേവാസികളായി കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തയ്യാറാക്കിയ ഭക്ഷണം എല്ലാവര്‍ക്കും തികയുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്.

ഇത്രയധികം ചപ്പാത്തി ചുടാന്‍ തന്നെകൊണ്ട് പറ്റില്ലെന്ന് പാചകക്കാരന്‍ വാശി പിടിച്ചതോടെ ചോറുമാത്രമായി ഓജയുടെ ഭക്ഷണം.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ദിവസം ബിഹാറിന്റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിയപ്പോള്‍ ഓജ ഒറ്റയ്ക്ക് കഴിച്ചത് 85 എണ്ണം.

എന്നാല്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ (ബി.ഡി.ഒ) അജയ്കുമാര്‍ സിംഗ് ഓജയെ പിന്തുണച്ച് രംഗത്തെത്തി.

‘ഓജയുടെ ക്വാറന്റൈന്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഒരു കുറവും വരുത്തില്ല. അവന് ആവശ്യമുള്ളതത്രയും ഇവിടെ റെഡിയായിരിക്കും, അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more