|

ധോണിയുടെ മായാജാലം വീണ്ടും കാണാം, പ്ലേ ഓഫില്‍ ചെന്നൈ അപകടകാരികളാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐ.പി.എല്‍ 2023 പോയിന്റ് പട്ടികയില്‍ 11 കളികളില്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അവസാന നാല് കളികളില്‍ രണ്ടെണ്ണം ചെന്നൈ തോറ്റപ്പോള്‍ ഒരെണ്ണം മഴയിലും ഒലിച്ച് പോയി. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 41 കാരനായ ധോണിയുടെ അവസാന ഐ.പി.എല്‍ ആയിരിക്കാം ഇതെന്നതും അവരെ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാക്കി മാറ്റുന്നുണ്ട്.

സി.എസ്.കെയ്ക്ക് പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഐ.പി.എല്ലില്‍ നാല് തവണ ചാമ്പ്യന്മാരായിട്ടുള്ള ധോണിപ്പട ഇക്കുറി മറ്റു ടീമുകള്‍ക്കെല്ലാം അപകടകാരിയാകുമെന്നാണ് ശാസ്ത്രി എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തിയത്.

‘ഗ്രൗണ്ടില്‍ മികച്ച കൂട്ടുകെട്ടുകള്‍ ഒരുക്കുന്നതില്‍ ധോണി മാസ്റ്ററാണ്. 2022ല്‍ നിറം മങ്ങിയെങ്കിലും ഇക്കൊല്ലം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ചെന്നൈ കാഴ്ചവെക്കുന്നത്. ചെറുപ്പക്കാരായ താരങ്ങളെ വെച്ച് ധോണിക്ക് ഇക്കുറി കപ്പടിക്കാന്‍ കഴിഞ്ഞേക്കാമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

പ്ലേ ഓഫില്‍ ചെന്നൈയിലെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മത്സരങ്ങളില്‍ സി.എസ്.കെ കൂടുതല്‍ കരുത്തരാകും. ഈ ടീമിന് ഇനിയും ഒരുപാട് മുന്നോട്ടു പോകാനാകും. ഇതിനോടകം സെറ്റായ ടീമിനെ ഇപ്പോള്‍ അലട്ടുന്നത് ചില താരങ്ങളുടെ പരിക്ക് മാത്രമാണ്. എന്നാല്‍ അതിനേയും മറികടക്കാന്‍ ധോണി ഫാക്ടറിനാകും’ രവിശാസ്ത്രി പറഞ്ഞു.

അതേസമയം ധോണിയുടെ വിരമിക്കലിനെക്കുറിച്ച് എന്തെങ്കിലും അറിയാമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ സി.എസ്.കെ താരവും ധോണിയുടെ അടുത്ത സുഹൃത്തുമായ സുരേഷ് റെയ്‌ന. ഇക്കൊല്ലം കപ്പടിച്ച ശേഷം അടുത്തൊരു കൊല്ലം കൂടി താന്‍ കളിക്കുമെന്നാണ് തന്നോട് ധോണി പറഞ്ഞതെന്ന് റെയ്‌ന ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

CONTENT HIGHLIGHTS: How MS Dhoni Made CSK A Powerhouse In 2023: Ravi Shastri

Latest Stories