| Monday, 5th December 2016, 1:59 pm

കള്ളനോട്ടില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നും പതുക്കെ പിന്‍വാങ്ങി മോദിയുടെ പ്രസംഗങ്ങള്‍ ക്യാഷ്‌ലെസ് എക്കോണമിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

 


500രൂപ,1000രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രസംഗം 25 മിനിറ്റ് നീണ്ടുനിന്നു. ഈ പ്രസംഗത്തിനിടെ കള്ളപ്പണം എന്ന വാക്ക് 18 തവണയാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. അതേ പ്രസംഗത്തില്‍ കള്ളനോട്ട് എന്ന വാക്ക് അഞ്ചുതവണയും ഉപയോഗിച്ചു.

രാജ്യത്ത് ഉപയോഗത്തിലുള്ള 86% കറന്‍സി നോട്ടുകളും നിരോധിക്കാനുള്ള തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത് കള്ളപ്പണം തുടച്ചുമാറ്റുകയെന്നതാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്നും വ്യക്തമാകുന്നത്.

പിറ്റേദിവസം പത്രങ്ങള്‍ ഇതിനെ കള്ളപ്പണത്തിനെതിരായ യുദ്ധംഎന്ന് വിശേഷിപ്പിച്ചു. മൊബൈല്‍ പെമെന്‍റ് ആപ്പായ പെടിഎം ഒരു മുഴുപ്പേജ് പരസ്യം നല്‍കിക്കൊണ്ട് ഈ തീരുമാനത്തെ പുകഴ്ത്തി. പ്രധാനമന്ത്രി ജപ്പാനിലേക്കു പോകുകയും ചെയ്തു.

പ്രധാനമന്ത്രി ജപ്പാനില്‍ നിന്നും തിരിച്ചെത്തുമ്പോഴേക്കും ഈ നീക്കത്തിന് “demonatisation”എന്ന് ഇംഗ്ലീഷിലും നോട്ട്ബന്ദിയെന്ന് ഹിന്ദിയിലും പേരുവീണിരുന്നു. കറന്‍സി ക്യൂനിന്ന് വാങ്ങാന്‍ യുദ്ധസമാനമായ സാഹചര്യവും സൃഷ്ടിക്കപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയുടെ പേഴ്സണല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് നവംബര്‍13നും നവംബര്‍ 27നും ഇടയില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മന്‍കി ബാത്ത് ഉള്‍പ്പെടെ ആറ് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഈ പ്രസംഗങ്ങളുടെ ടെക്സ്റ്റും അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.


Must Read:പഞ്ചാബില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വീഡിയോ


ഈ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ മാറുന്നത് വ്യക്തമാകും.

നവംബര്‍ എട്ടിനു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി കള്ളനോട്ട് എന്ന വാക്കിനേക്കാള്‍ അധികം ഉപയോഗിച്ചത് കള്ളപ്പണം എന്ന വാക്കാണ്. എന്നാല്‍ നവംബര്‍ 27 ന് ആകുമ്പോഴേക്കും കള്ളനോട്ട് എന്ന വാക്ക് സൂചിപ്പിക്കുന്നില്ല എന്നു മാത്രമല്ല കള്ളപ്പണം എന്ന വാക്കിനേക്കാളേറെ ഡിജിറ്റല്‍/കറന്‍സി രഹിത എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. നവംബര്‍ എട്ടിനു നടത്തിയ പ്രസംഗത്തില്‍ കറന്‍സി രഹിത എന്ന വാക്കു ഉപയോഗിച്ചിട്ടേയില്ലയെന്നത് ശ്രദ്ധിക്കണം.

നവംബര്‍ എട്ടുമുതലുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ കള്ളപ്പണം, കള്ളനോട്ട്, ഡിജിറ്റല്‍ പെ എന്നീ വാചകങ്ങള്‍ എങ്ങനെ മാറുന്നു എന്നു വ്യക്തമാക്കുന്ന ചാര്‍ട്ടാണിത്.

ഈ ചാര്‍ട്ടില്‍ ചാരനിറം സൂചിപ്പിക്കുന്നത് കറന്‍സി രഹിത എന്ന വാക്കിനെയാണ്. നവംബര്‍ എട്ടിന് പൂജ്യമായിരുന്ന ഈ വാക്ക് നവംബര്‍ ഇരുപത്തിയേഴാകുമ്പോഴേക്കും 73% വര്‍ധിച്ചു. പച്ചനിനിറം സൂചിപ്പിക്കുന്ന കള്ളനോട്ട് 22% ത്തില്‍ നിന്നും പൂജ്യമായി കുറയുകയും ചെയ്തു. അതിനര്‍ത്ഥം നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പറഞ്ഞിരുന്ന കള്ളനോട്ട് തടയലും അതുവഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ധനസഹായം ഇല്ലാതാക്കലും സാധ്യമാണെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ വിശ്വസിക്കുന്നില്ല എന്നുതന്നെയാണ്.


Shocking:നോട്ട് മാറാനായി അലഞ്ഞത് ദിവസങ്ങളോളം; പണമില്ലാത്തിനാല്‍ കുട്ടികള്‍ പട്ടിണിയിലായി ; ദല്‍ഹിയില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു


കറുത്ത നിറം കള്ളപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. നവംബര്‍ എട്ടിന് 80% ത്തില്‍ നിന്നും നവംബര്‍ 27 ആകുമ്പോഴേക്കും ഇത് 27% ആയി കുറയുകയാണ് ചെയ്തത്. അതായത് ഇത് ഇപ്പോള്‍ കള്ളപ്പണത്തിനെതിരായ യുദ്ധമല്ലാതായി മാറിയിരിക്കുന്നു. മറിച്ച് എല്ലാ കറന്‍സി നോട്ടുകള്‍ക്കും എതിരായ യുദ്ധമായി മാറിയിരിക്കുന്നു.

അതായത് നവംബര്‍ എട്ടിനും ഇരുപത്തിയേഴിനും ഇടയില്‍ നോട്ടുനിരോധനത്തിന്റെ ലക്ഷ്യം തന്നെ മാറിയിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ തന്നെയാണ്. അതായത് നോട്ടുനിരോധനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് പ്രധാനമന്ത്രിക്കുതന്നെ വ്യക്തമല്ല.

കടപ്പാട്: ഇന്ത്യാ സ്‌പെന്‍ഡ്

We use cookies to give you the best possible experience. Learn more