| Monday, 19th July 2021, 3:21 pm

പെഗാസസ് എന്ന മഞ്ഞുമലയുടെ അറ്റം | നാസിറുദ്ദീന്‍

നാസിറുദ്ദീന്‍

കുപ്രസിദ്ധ ഇസ്രാഈല്‍ കമ്പനിയായ NSO യുടെ പെഗാസസ് എന്ന ചാര സോഫ്റ്റ്വെയര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമായൊന്നുമല്ല. പശ്ചിമേഷ്യയിലെ ആക്റ്റിവിസ്റ്റുകളേയും വിസില്‍ ബ്ലോവേഴ്സിനേയും വേട്ടയാടാന്‍ സൗദി, യു.എ.ഇ. ഭരണകൂടങ്ങള്‍ക്ക് നിര്‍ണായക ആയുധമായത് പെഗാസസ് ആയിരുന്നു.

വളരെ ചെറിയ രാജ്യമാണെങ്കിലും നിരവധി ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയക്കാരും യു.എ.ഇയില്‍ തടവറയിലാണ്. അവര്‍ കൊടിയ പീഡനത്തിനും അടിസ്ഥാന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കും വിധേയരാവുന്നതായി ആംനസ്റ്റി അടക്കമുള്ള സംഘടനകള്‍ നിരന്തരമായി പറയുന്നു. ഇങ്ങനെ യു.എ.ഇ ജയിലില്‍ കഴിയുന്നവരില്‍ ഏറ്റവും പ്രമുഖനാണ് ധീര മനുഷ്യാവകാശ പോരാളിയായ അഹ്മദ് മന്‍സൂര്‍. 2017 മുതല്‍ ഏകാന്ത തടവറയില്‍ കഴിയുന്ന മന്‍സൂര്‍ ഈ ചാര സോഫ്റ്റ്വെയറിന്റെ ഇരയായിരുന്നു.

അഹ്മദ് മന്‍സൂര്‍

വേറെയും ഒരുപാട് പേര്‍ സമാന രീതിയില്‍ സ്വന്തം ഫോണ്‍ ചോര്‍ത്തപ്പെട്ട് ജയിലിലെത്തി, ഇപ്പോഴും ജയിലില്‍ തുടരുന്നു. ഇന്നലെ ‘ഗാര്‍ഡിയന്‍’ അടക്കമുള്ള 17 ആഗോള മാധ്യമങ്ങള്‍ പുറത്ത് വിട്ട ലിസ്റ്റ് പ്രകാരം 10,000 ല്‍ അധികം ഫോണ്‍ ചോര്‍ത്തലുമായി ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങള്‍ മെക്സിക്കോയും യു.എ.ഇയുമാണ്. മാത്രമല്ല രാജ്യത്തിന് പുറത്തും യു.എ.ഇ. ഭരണകൂടത്തിന്റെ ചാരക്കണ്ണുകള്‍ എത്തിയിട്ടുണ്ട്. ‘ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ’ ചരിത്രത്തിലെ ആദ്യ വനിതാ എഡിറ്റര്‍ ആയ റൗളാ ഖലഫിന്റെ ഫോണ്‍ ലിസ്റ്റിലെത്തിയത് യു.എ.ഇയുടെ താല്‍പര്യ പ്രകാരമാണെന്ന് ‘ഗാര്‍ഡിയന്‍’ പറയുന്നു.

‘വാള്‍ സ്ട്രീറ്റ് ജേണലിന്റെ’ പശ്ചിമേഷ്യന്‍ വിദഗ്ദനായ ബ്രാഡ്ലി ഹോപും ലിസ്റ്റിലിടം പിടിച്ചത് യു.എ.ഇ. താല്‍പര്യത്തിലാണെന്ന് ഗാര്‍ഡിയന്‍ സൂചിപ്പിക്കുന്നു. ഹോപ് അന്ന് ടോം റ്റൈറ്റിനോടൊപ്പം ചേര്‍ന്ന് ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. ‘Billion Dollar Whale’ എന്ന പുസ്തകം മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ പിന്തുണയോടെ ജോ ലോ എന്ന തട്ടിപ്പുകാരന്റെ കാര്‍മികത്വത്തില്‍ അരങ്ങേറിയ ബില്യന്‍ കണക്കിന് ഡോളറിന്റെ അഴിമതിയെ പറ്റിയാണ് പറയുന്നത്. ശ്രദ്ധേയമായ കാര്യം ഇതിലെ മറ്റൊരു പ്രധാന പേര് യു.എ.ഇ. ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂറിന്റെതായിരുന്നു.

ബ്രാഡ്ലി ഹോപ്

ഹോപ് പിന്നീട് എഴുതിയ ‘Blood and oil : Bin Salman’s Ruthless Quest for Global Power’ എന്ന പുസ്തകം സൗദി കിരീടാവകാശിയും യഥാര്‍ത്ഥ അധികാര കേന്ദ്രമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സമഗ്രാധികാരത്തിലേക്കുള്ള ഞെട്ടിപ്പിക്കുന്ന വളര്‍ച്ച അടയാളപ്പെടുത്തി.

മുഹമ്മദിന്റെ യു.എ.ഇ. ബന്ധത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പശ്ചിമേഷ്യയിലെ അരമന രഹസ്യങ്ങളുടെ കലവറയാണ് ബ്രാഡ്ലി ഹോപ്. ഇവരുടെ എല്ലാ സാമ്പത്തിക, സൈനിക താല്‍പര്യങ്ങളും നിയന്ത്രിക്കുന്ന പാശ്ചാത്യ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ഏറ്റവുമടുപ്പമുള്ളതായതിനാലാവാം പശ്ചിമേഷ്യന്‍ വാര്‍ത്തകളില്‍ പൊതുവേ ഏറ്റവും വസ്തുതാ പരവും രഹസ്യാത്മക സ്വാഭാവത്തിലുള്ളതും വരാറുള്ളത് ‘വാള്‍സ്ട്രീറ്റ് ജേണലില്‍’ ആണ്. ഹോപ് അതിന് പിന്നിലെ ഒരു പ്രധാന പേരുമാണ്. തന്റെ വിവരങ്ങളുടെ ‘സോഴ്സ്’ അറിയാനായിരിക്കും അവര്‍ പ്രധാനമായും ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്നാണ് പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ഹോപ് ഗാര്‍ഡിയനോട് പറഞ്ഞത്.

ഒരു പക്ഷേ രാജ്യ വിസ്തൃതിയും ജനസംഖ്യയുമൊക്കെ പരിഗണിച്ചാല്‍ ലിസ്റ്റിലെ ഏറ്റവും വലിയ ചാര ഭരണകൂടം യു.എ.ഇ. ആയിരിക്കും. മുഹമ്മദ് ബിന്‍ സായിദിന്റെയും യൂസുഫ് അല്‍ ഒതയ്ബയുടേയുമൊക്കെ ഭീകര തേര്‍വാഴ്ചയില്‍ രാജ്യത്തിനകത്തും പുറത്തും നടത്തുന്ന രാഷ്ട്രീയ, സൈനിക നീക്കങ്ങളുമായി തീര്‍ത്തും യോജിച്ച് പോവുന്നതാണ് ഈ ‘നമ്പര്‍ വണ്‍’ പദവി.

യു.എ.ഇ. മാതൃകയാക്കി ഈ ജാതി കുതന്ത്രങ്ങള്‍ പയറ്റുന്നതില്‍ മുന്‍ പന്തിയിലുള്ള മറ്റാരു രാജ്യമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദി ഭരണകൂടം. സൗദി പത്ര പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖശോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് 2018 ല്‍ പൈശാചികമായി കൊല്ലപ്പെട്ടപ്പോള്‍ പെഗാസസ് വ്യാപകമായി ചര്‍ച്ചയായിരുന്നതാണ്.

ജമാല്‍ ഖശോഗ്ജി

ഖശോഗ്ജിയുടെ എല്ലാ നീക്കങ്ങളും ട്രാക് ചെയ്യാന്‍ സൗദി ഭരണകൂടം ഉപയോഗിച്ചത് പെഗാസസ് ആയിരുന്നുവെന്ന് പിന്നീട് എഡ്വേഡ് സ്നോഡന്‍ പറഞ്ഞു. ഈയടുത്ത് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ച ആക്റ്റിവിസ്റ്റ് ലുജെയ്ന്‍ അല്‍ ഹത് ലൂലാണ് ലിസ്റ്റിലുള്ള മറ്റൊരു പ്രമുഖ പേര്.

കാനഡയില്‍ താമസിക്കുന്ന സൗദി ആക്റ്റിവിസ്റ്റും ഖശോഗ്ജിയുടെ അടുത്ത കൂട്ടുകാരനുമായിരുന്ന ഒമര്‍ അബ്ദുല്‍ അസീസിനെയും പെഗാസസ് കെണിയിലാക്കിയിരുന്നു. ഫോണ്‍ വഴി ട്രാക് ചെയ്യപ്പെട്ടെങ്കിലും തലനാരിഴക്കാണ് താന്‍ കൊല്ലപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഒമര്‍ പിന്നീട് പറഞ്ഞു.

വനിതകളടക്കം വേറെയും ഒരു പാട് ആക്റ്റിവിസ്റ്റുകളെ ജയിലിലെത്തിച്ചത് പെഗാസസ് ആയിരുന്നു. ആക്റ്റിവിസ്റ്റുകളെ മാത്രമല്ല, നിരവധി രാജ കുടുംബാംഗങ്ങളെയും ബിസിനസ് പ്രമുഖരേയും മുഹമ്മദ് ബിന്‍ സല്‍മാന്‍ വെട്ടി നിരത്തിയിട്ടുണ്ട്. വിപുലമായ ചാര ശൃംഖല തീര്‍ച്ചയായും അതിലും സഹായകമായിരിക്കണം.

മുഹമ്മദ് ബിന്‍ സല്‍മാന്‍

ബഹ്റയിനാണ് ലിസ്റ്റിലുള്ള മറ്റൊരു രാജ്യം. അതിലും അത്ഭുതമില്ല.. ഇതേ അച്ചുതണ്ടിന്റെ ഭാഗമായി ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരില്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്ന ഭരണകൂടമാണ്. ഇയാന്‍ ഹെന്‍ഡേഴ്സണെന്ന കുപ്രസിദ്ധ ബ്രിട്ടീഷ് പൊലീസ് ഭീകരന്റെ ഉപദേശത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ഭീകര പോലീസ് വാഴ്ചയില്‍ സ്വാഭാവിക പങ്കാളിയാവേണ്ടതാണ് പെഗാസസും ഇസ്രായേലുമെല്ലാം.

രാജ്യത്തിനകത്തുള്ള എല്ലാ രാഷ്ട്രീയ ശബ്ദങ്ങളേയും ഈ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനമെന്നത് ഒരു ക്രൂരമായ തമാശ മാത്രമാണ് മേഖലയില്‍. കേരളത്തിലെ മാധ്യമങ്ങളില്‍ പോലും പശ്ചിമേഷ്യന്‍ ഭരണകൂടങ്ങള്‍ക്കെതിരായി വാര്‍ത്ത വരാതിരിക്കാനുള്ള വിപുലമായ സംവിധാനം നിലവിലുണ്ട്.

ഇതിന്റെ പിടിയില്‍ പെടാത്തത് പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമങ്ങളും അവിടെ അഭയം തേടിയ ആക്റ്റിവിസ്റ്റുകളുമാണ്. അവരെ വേട്ടയാടാനാണ് പെഗാസസും ആസൂത്രിതമായ സോഷ്യല്‍ മീഡിയാ ട്രോള്‍ സേനയുമെല്ലാം. എതിര്‍ ശബ്ദങ്ങള്‍ വരുന്ന റോയിട്ടേഴ്സ്, സി.എന്‍ .എന്‍, ന്യൂയോര്‍ക് ടൈംസ്, ഏ.പി, എകണോമിസ്റ്റ്, അല്‍ ജസീറ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജേണലിസ്റ്റുകളെല്ലാം ചാരക്കെണിയില്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

ഇതില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, പെഗാസസിന്റെ ഉടമകളായ NSO കമ്പനി വളരെ വ്യക്തമായി പറഞ്ഞത് തങ്ങള്‍ സര്‍ക്കാരുകള്‍ക്കോ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ ഈ ചാര സോഫ്റ്റ് വെയര്‍ വില്‍ക്കുന്നുള്ളൂ എന്നതാണ്. രണ്ട്, ഇസ്രാഈല്‍ സൈന്യത്തിന്റെ അനുമതിയോടെ മാത്രമാണ് ഓരോ വില്‍പനയും. അതായത് തീര്‍ത്തും ഔദ്യോഗിക സ്വഭാവത്തിലുള്ളതാണ് ഈ കച്ചവടമെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളുടെയും ഇസ്രാഈലിന്റെയും രാഷ്ട്രീയ നയങ്ങളുടെ ഭാഗമായി തന്നെ ഇതിനെ കാണണം.

എങ്ങനെയാണ് ഈ രാജ്യങ്ങള്‍ക്ക് ഇസ്രാഈല്‍ ബന്ധം പ്രിയങ്കരമാവുന്നത് എന്നതിന്റെ ഉത്തരം കൂടിയാണ് ഈ ചാരപ്പണി. ജനാധിപത്യത്തെയും പൗരാവകാശങ്ങളേയും എന്ത് വില കൊടുത്തും തടഞ്ഞ് നിര്‍ത്തുക എന്നത് പശ്ചിമേഷ്യന്‍ കുടുംബാധിപത്യ ഭരണകൂടങ്ങളുടെ അജണ്ടയില്‍ എന്നും പ്രധാനപ്പെട്ടതായിരുന്നു.

അറബ് വസന്തത്തിന് ശേഷം ഇത് പക്ഷേ അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെ ഭാഗം കൂടിയാണ്. സോഫ്റ്റ് വെയര്‍ മാത്രമല്ല ‘അയേണ്‍ ഡോം’ പോലുള്ള ആയുധ സംവിധാനങ്ങളും വരാനുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍, മുഹമ്മദ് ബിന്‍ സായിദ് പോലുള്ള പുതു തലമുറ കിരീടാവകാശികളുടെ രഷ്ട്രീയ, സൈനിക താല്‍പര്യങ്ങള്‍ രാജ്യാതിര്‍ത്തിയില്‍ ഒതുങ്ങുന്നതുമല്ല. ഇസ്രാഈല്‍ ഈ താല്‍പര്യങ്ങളില്‍ ഏറ്റവും സ്വാഭാവിക പങ്കാളി മാത്രമാണ്. പകരം പലസ്തീന്‍ താല്‍പര്യങ്ങളുടെ സമ്പൂര്‍ണമായ ഒറ്റാണ് ഇസ്രാഈല്‍ പ്രതീക്ഷിക്കുന്നത്, ലേശം കച്ചവടവും. രണ്ടിനും ഇക്കൂട്ടര്‍ക്ക് മടിയില്ല. സംഘ്പരിവാറിന്റെ ഇന്ത്യയാണെങ്കില്‍ ഇങ്ങനെയൊരു കച്ചവടത്തിന്റെ ഭാഗമായില്ലെങ്കില്‍ മാത്രമാണത്ഭുതം.

മുഹമ്മദ് ബിന്‍ സായിദ്

രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ജീവജാലങ്ങളേയും പേടിച്ച് കഴിയുന്ന ഈ ഭ്രാന്തന്‍ ഏകാധിപതികളുടെ ഭീതിയിലെ സ്വാഭാവിക പങ്കാളിയാണ് ഇസ്രാഈലും മൊസാദും. ഇതറിയുന്നതിനാലാണ് പേരിന് പോലും ഒരു വിട്ട് വീഴ്ചയും ഇസ്രാഈലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതിരുന്നത്. അധിനിവേശത്തിന്റെ അവസാന എപ്പിസോഡായ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്ന നടപടി പോലും റദ്ദാക്കില്ലെന്ന് ഈയടുത്തും വ്യക്തമാക്കിയത് അതിനാലാണ്.

ഇത് ഏതെങ്കിലും രീതിയില്‍ ചാര സോഫ്റ്റ്വെയറിലോ ഫോണ്‍ ചോര്‍ത്തുന്നതിലോ ഒതുങ്ങുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല. ഇതിനകം തന്നെ കുപ്രസിദ്ധിയാര്‍ജിച്ച കൂലിപ്പട്ടാളമായ ‘ബ്ലാക് വാട്ടര്‍’ ആണ് യു.എ.ഇയുടെ അതിര്‍ത്തിക്കപ്പുറത്തുള്ള ഓപറേഷനിലെ പ്രധാന സൈന്യം. സി.ഐ.എയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തില്‍ നിന്നുമൊക്കെ പെന്‍ഷന്‍ പറ്റിയവര്‍ ഈ രീതിയില്‍ ഭീകരമായി പണം സമ്പാദിക്കുന്നു.

വാഷിങ്ടണിലും ലണ്ടനിലുമൊക്കെയുള്ള പി.ആര്‍. കമ്പനികള്‍ സമാന രീതിയില്‍ കാശ് വാങ്ങി ഇതിനെതിരായ പാശ്ചാത്യ നീക്കങ്ങളെ നേരിടുന്നു. ഇസ്രാഈലിനും പാശ്ചാത്യ സമ്പദ്വ്യസ്ഥക്കുമെല്ലാം ലാഭം മാത്രമുള്ള ഈ കച്ചവടത്തില്‍ നഷ്ടം പശ്ചിമേഷ്യയിലെ ജനങ്ങള്‍ക്ക് മാത്രം. ഇതേ ചടഛ കമ്പനിക്ക് അമേരിക്കയിലും ഇംഗ്ലണ്ടിലുമെല്ലാം സാമ്പത്തിക ബന്ധങ്ങളുണ്ട്.

ഇതേ പാതയിലാണ് ഇന്ത്യയും ഇപ്പോള്‍ നീങ്ങുന്നത്. ഗാഡിയന്‍ ലിസ്റ്റിലുള്ള 10 രാജ്യങ്ങളില്‍ ഇന്ത്യയെ കൂടാതെ സൗദി, യു.എ.ഇ, ബഹ്റയിന്‍, മൊറോക്കോ, മെക്സികോ, ഹംഗറി, റുവാണ്ട, അസര്‍ബൈജാന്‍, ഖസാക്കിസ്ഥാന്‍ എന്നിവരാണുള്ളത്.

എല്ലാം പൗരാവകാശ, ജനാധിപത്യ ധ്വംസനങ്ങളില്‍ മുന്‍ നിരയിലുള്ള ഭരണകൂടങ്ങള്‍. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ കീഴിലുള്ള ഇന്ത്യയുടെ പേര്‍ കേള്‍ക്കുന്നത് ലോകത്തെ ഏറ്റവും വലിയ പൗരാവകാശ ഭരണകൂടങ്ങളുടെ കൂടെയാവുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. വികിലീക്സ് രേഖ പോലെ ഇത് പുറത്ത് വന്ന മഞ്ഞ്മലയുടെ അറ്റം മാത്രമാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: How middle east nations used pegasus – Nasirudheen writes

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more