| Tuesday, 10th October 2017, 5:51 pm

'എത്ര സ്ത്രീകളുണ്ട് ആര്‍.എസ്.എസില്‍? ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ'; ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്‌സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. ബി.ജെ.പിയും ആര്‍.എസ്.എസും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നിലെന്ന് വിമര്‍ശിച്ച രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാണെന്നും പറഞ്ഞു.

“സ്ത്രീകള്‍ മിണ്ടിയില്ലെങ്കില്‍ നല്ലതെന്നാണ് ബി.ജെ.പിയുടെ ചിന്ത. അവര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ വായടപ്പിച്ചുകളയും.” തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

“അവരുടെ സംഘടനയാണ് ആര്‍.എസ്.എസ്. എത്ര സ്ത്രീകളുണ്ട് ആര്‍.എസ്.എസില്‍? ശാഖയില്‍ കാക്കി ട്രൗസര്‍ ധരിച്ച ഏതെങ്കിലും സ്ത്രീയെ ഇതുവരെ കണ്ടിട്ടുണ്ടോ” പരിഹാസ രൂപേണ രാഹുല്‍ ചോദിക്കുന്നു. “എന്നാല്‍ കോണ്‍ഗ്രസിലേക്ക് നോക്കൂ, എല്ലായിടങ്ങളിലും സ്ത്രീകളുണ്ട്.


Also Read:  നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്, അത് പറയൂ: അമിത്ഷായുടെ മകന്റെ കമ്പനി ലാഭത്തെ കുറിച്ച് പ്രതികരണമാരാഞ്ഞ സീന്യൂസ് റിപ്പോര്‍ട്ടറെ പൊളിച്ചടുക്കി രാഹുല്‍ഗാന്ധി; വീഡിയോ


നവ്‌സര്‍ജന്‍ യാത്രയുടെ രണ്ടാം ഘട്ടത്തിനായാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്. യാത്രയുടെ രണ്ടാം ദിനത്തില്‍ വഡോദരയില്‍ നിന്നുമാണ് രാഹുല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. യാത്രയുടെ ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ മാസം അവസാനം സൗരാഷ്ട്ര മേഖലയിലൂടെയായിരുന്നു രാഹുല്‍ കടന്നു പോയത്.

നേരത്തെ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയ്‌ക്കെതിരായ സാമ്പത്തിക ആരോപണത്തിലും രാഹുല്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമിത് ഷായുടെ മകന്‍ ജെയ് ഷായെ സ്റ്റാര്‍ട്ട് അപ്പുകളുടെ ബ്രാന്റ് അംബാസിഡര്‍ ആക്കണമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more