Kerala News
'ഇനി കോണ്‍ഗ്രസ് എത്രപേരെ പുറത്താക്കും?'; അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ പ്രതികരിച്ച് ടോം വടക്കന്‍
ന്യൂദല്‍ഹി: മോദിസ്തുതി നടത്തിയതിന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടിയെ പിന്തുണച്ച് ബി.ജെ.പി നേതാവ് ടോം വടക്കന്‍ രംഗത്ത്. പ്രധാനമന്ത്രിയെ അഭിനന്ദിക്കുക വഴി അബ്ദുള്ളക്കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബി.ജെ.പിയില്‍ ചേക്കേറിയ വ്യക്തിയാണ് ടോം വടക്കന്‍.
‘അബ്ദുള്ളക്കുട്ടി കെ.പി.സി.സിയെയും ദേശീയ നേതൃത്വത്തെയും വിമര്‍ശിക്കുക മാത്രമാണു ചെയ്തത്. അദ്ദേഹം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ശരിയായ കാര്യമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ പുറത്താക്കി. ഇനി കോണ്‍ഗ്രസ് എത്ര പേരെ പുറത്താക്കും? ഈ ചോദ്യമാണ് ഇന്ത്യയിലെ ജനങ്ങള്‍ ചോദിക്കുന്നത്. കെ.പി.സി.സിയില്‍ ആരാണു ബാക്കിയുണ്ടാവുകയെന്നും ആരാണ് അവസാനം പുറത്താക്കപ്പെടുകയെന്നുമുള്ളതാണ് ഏറ്റവും വലിയ ചോദ്യം.’- ടോം വടക്കന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ പറഞ്ഞു.
താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതുകൊണ്ട് പാര്‍ട്ടി രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി നേരത്തേ പ്രതികരിച്ചിരുന്നു.
‘വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടിയാണ് എന്നും വിമര്‍ശനം ഉന്നയിച്ചത്. ഇവിടെ ഗെയില്‍ പൈപ്പ് ലൈനും നാല് വരി പാതയുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളം സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാന്‍ ഉന്നയിച്ചു. എന്നെ പുറത്താക്കിയ ശേഷം സി.പി.ഐ.എം തിരുത്തിയിരിക്കുന്നു. സി.പി.ഐ.എം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചിരിക്കുന്നു.
കോണ്‍ഗ്രസ് ഇപ്പോള്‍ എന്നെ പുറത്താക്കിയിരിക്കുന്നു. വിശദീകരണ നോട്ടീസില്‍ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താന്‍ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാനാണ് ശരിയെന്ന് കേരളം പത്തുകൊല്ലം കൊണ്ട് തെളിയിച്ചു. എന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്പിരിറ്റ് എന്താണെന്ന് വായിച്ചാല്‍ മനസിലാകും. മോദി സ്തുതിയല്ല ഗാന്ധി സ്തുതിയാണ്.
സ്വച്ഛ് ഭാരതിന്റെ ചിഹ്നം മഹാത്മാഗാന്ധിയുടെ കണ്ണടയാണ്. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സൗജന്യമായി നല്‍കി. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം സൗജന്യഗ്യാസ് നല്‍കി. അത് തെരഞ്ഞെടുപ്പിനെ ബാധിച്ചു. എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്. കാലം തെളിയിക്കും. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. അധികാര മോഹിയെന്ന് പറയുന്നു.
പിണറായി വിജയന്റെ നാട്ടില്‍ ആരെങ്കിലും കോണ്‍ഗ്രസില്‍ ചേരുമോ? സീറ്റ് കണ്ടല്ല ഞാന്‍ നിന്നത്. മൂന്ന് എം.പിമാരും എട്ട് എം.എല്‍.എമാരും സി.പി.ഐ.എമ്മായിരുന്നു. കേരളം ആഗ്രഹിക്കുന്ന വികസന നിലപാടിനൊപ്പം നിന്നു. രമേശ് ചെന്നിത്തലയില്‍ നിന്ന് മുല്ലപ്പള്ളിയില്‍ എത്തുമ്പോള്‍ വന്ന മാറ്റം. ഞാനല്ല പ്രശ്നം. ഞാന്‍ അവസരവാദിയോ അധികാരമോഹിയോ അല്ല.
ഏതെങ്കിലും വ്യക്തികളെയോ പാര്‍ട്ടിയെയോ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സമുന്നത നേതാവിനെ അപമാനിച്ചു എന്ന് പറയുന്നു. ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്തവര്‍, ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്ലറെന്ന് വിളിച്ചവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നു. എന്നെ പുറത്താക്കി പിണ്ഠം വച്ചവരോട് ഒന്നേ പറയാനുള്ളൂ. കാലം ഞാന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കും. പൊതുപ്രവര്‍ത്തനം മാത്രമേ അറിയൂ. ഇവിടെ തന്നെയുണ്ടാകും. – അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസ പൂര്‍ണമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും കൃത്യമായ ബോധ്യത്തോടെ എഴുതിയ കുറിപ്പ് തന്നെയാണ് ഇതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി കെ.പി.സി.ക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബി.ജെ.പിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്.
നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
മോദിയെ പുകഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ നടപടിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു.