ബി.ജെ.പിക്ക് 300 സീറ്റ് തികയ്ക്കാന്‍ ഇനിയെത്ര ജവാന്‍മാര്‍ക്ക് ജീവന്‍ നല്‍കേണ്ടി വരും: അരവിന്ദ് കെജ്‌രിവാള്‍
national news
ബി.ജെ.പിക്ക് 300 സീറ്റ് തികയ്ക്കാന്‍ ഇനിയെത്ര ജവാന്‍മാര്‍ക്ക് ജീവന്‍ നല്‍കേണ്ടി വരും: അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 12:41 pm

ന്യൂദല്‍ഹി: ഇന്ത്യാ പാക്കിസ്ഥാന്‍ പ്രശ്‌നത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം ഒന്നടങ്കം വേദനയിലാണ്. നമ്മുടെ വ്യോമസേന പ്രത്യാക്രമണമെന്നോണം തിരിച്ചടിച്ചു. പാക് അധീനകാശ്മീരിലെ ഭീകരാക്രമണ കേന്ദ്രങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചു.

നമ്മുടെ ജവാന്മാരുടെ ജീവത്യാഗത്തിന് തിരിച്ചടി നല്‍കിയതില്‍ നാം അഭിമാനിച്ചു. എന്നാല്‍ നമ്മുടെ പൈലറ്റിനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തതോടെ അടുത്ത ദു:ഖം ഇന്ത്യയ്ക്ക് മേല്‍ പതിച്ചു. ഒരേസമയം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സര്‍ക്കാരിനും സൈന്യത്തിനുമൊപ്പം നിന്ന് ദു:ഖത്തില്‍ പങ്കുചേരുമ്പോള്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്താനുള്ള തിരക്കിലായിരുന്നു.


തെരഞ്ഞെടുപ്പിന് മുന്‍പായി ഇന്ത്യയില്‍ യുദ്ധം ഉണ്ടാകുമെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എന്‍.ഡി.എ നേതാവ്


ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മെഗാ റാലി വരെ ഇന്നലെ മോദി സംഘടിപ്പിച്ചു. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഇത്രയും വലിയ ആക്രമണ പ്രത്യാക്രണം നടക്കുമ്പോഴും പാര്‍ട്ടി പരിപാടി നീട്ടിവെക്കാനുള്ള സാമാന്യമര്യാദ പോലും ബി.ജെ.പി കാണിച്ചില്ല.

ഇന്ത്യയിലെ ജനങ്ങളെ ജാതിയൂടെയും മതത്തിന്റേയം പേരില്‍ വേര്‍തിരിച്ചുകൊണ്ടുള്ള രാഷ്ട്രീയവും ഇതിനൊപ്പം സര്‍ക്കാര്‍ കളിക്കുകയാണ്.

വ്യോമാക്രമണം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും മോദി തരംഗത്തിലൂടെ 28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നുമുള്ള കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ യെദ്യൂരപ്പയുടെ പ്രസ്താവനയേയും കെജ്‌രിവാള്‍ വിമര്‍ശിച്ചു. ബി.ജെ.പിക്ക് 300 സീറ്റുകള്‍ തികയ്ക്കാന്‍ എത്ര ജവാന്‍മാര്‍ ഇനി ജീവത്യാഗം ചെയ്യേണ്ടി വരുമെന്നായിരുന്നു കെജ്‌രിവാളിന്റെ ചോദ്യം.