ന്യൂദല്‍ഹി: വിമര്‍ശനം ഉയര്‍ത്തുന്നവരെയെല്ലാം ജയിലില്‍ അടച്ചാല്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് എത്ര പേര്‍ ജയിലിലാകുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ യൂട്യൂബറുടെ ജാമ്യം പുനഃസ്ഥാപിച്ച് കൊണ്ടാണ് കോടതിയുടെ പ്രസ്താവന.
തമിഴ്‌നാട്ടിലെ യൂട്യൂബര്‍ ദുരൈമുരുഗന്‍ സാട്ടൈ സ്റ്റാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയെന്നാണ് കേസ്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം.
തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ജാമ്യത്തിലിറങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല.
മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചപ്പോള്‍ അപകീര്‍ത്തി പരാമര്‍ശം നടത്തരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും അത് ലംഘിച്ചെന്നാണ് കേസ്. തുടര്‍ന്ന് ഹൈക്കോടതി യൂട്യൂബറുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ സാട്ടൈ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.
സാട്ടൈക്കെതിരായ എഫ്.ഐ.ആറുകള്‍ പരിശോധിച്ച സുപ്രീം കോടതി, ബാബരി മസ്ജിദ് തകര്‍ത്തതിനെതിരായ പ്രതിഷേധത്തില്‍ പങ്കാളിയായതിനും, മറ്റൊന്ന് അറസ്റ്റിലായ ഒരാളെ മോചിപ്പിക്കുന്നതിന് വേണ്ടിയാണെന്നും നിരീക്ഷിച്ചു.
പ്രതിഷേധിക്കുന്നതും അഭിപ്രായം തുറന്ന് പറയുന്നതും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി കാണാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ കാരണം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്നും, സര്‍ക്കാരിന് തുടര്‍ന്ന് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
Content Highlight: How many people will be jailed before elections if all critics are jailed: Supreme Court